2022ലെ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ബൈജു ചന്ദ്രന്

Spread the love

മലയാള ടെലിവിഷന്‍ രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാരമായ ടെലിവിഷന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് ബൈജു ചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2022ലെ അവാര്‍ഡാണ് പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപയും പ്രശംസാപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്.

സംവിധായകന്‍ കമല്‍ ചെയര്‍മാനും ഡോക്യുമെന്ററി സംവിധായിക ഷൈനി ജേക്കബ് ബെഞ്ചമിന്‍, മുന്‍ദൃശ്യമാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.ടി.കെ സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പര്‍ സെക്രട്ടറിയുമായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
1985 മുതല്‍ നാലു പതിറ്റാണ്ടുകാലമായി വിദ്യാഭ്യാസം, വിജ്ഞാനം, വിനോദം എന്നിവയുടെ വിനിമയത്തിനായി ടെലിവിഷന്‍ മാധ്യമത്തെ സര്‍ഗാത്മകമായി വിനിയോഗിച്ച വ്യക്തിയാണ് ബൈജു ചന്ദ്രന്‍ എന്ന് ജൂറി അഭിപ്രായപ്പെട്ടു. വാര്‍ത്തകള്‍, വാര്‍ത്താധിഷ്ഠിതപരിപാടികള്‍, ടെലിഫിലിമുകള്‍ എന്നീ മേഖലകളില്‍ അദ്ദേഹം പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ചരിത്രം, സംസ്‌കാരം, സൗന്ദര്യശാസ്ത്രം എന്നിവയില്‍ ഊന്നിയ രചനകളിലൂടെ ടെലിവിഷന്‍ മാധ്യമത്തെ അക്കാദമികമായി സ്ഥാനപ്പെടുത്തുന്നതിലും അദ്ദേഹം സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയതായി ജൂറി വിലയിരുത്തി.മലയാള ടെലിവിഷനിലെ ആദ്യ വാര്‍ത്താബുള്ളറ്റിന്റെ പ്രൊഡ്യൂസര്‍ ആണ് ബൈജു ചന്ദ്രന്‍. തിരുവനന്തപുരത്ത് ആരംഭിക്കാന്‍ നിശ്ചയിച്ച ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയി 1984 ജൂണ്‍ 15ന് മദ്രാസ് ദൂരദര്‍ശനില്‍ ചേര്‍ന്നു. 1985 ജനുവരി രണ്ടിനാണ് മലയാള ദൂരദര്‍ശന്‍ ആദ്യവാര്‍ത്ത സംപ്രേഷണം ചെയ്തത്. 1985ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം നിര്‍മ്മിച്ച ആദ്യ ഡോക്യുമെന്ററിയായ ‘താളിയോലകളുടെ കലവറ’യുടെ സംവിധായകനാണ്. 1987 മുതല്‍ ‘വാര്‍ത്തയ്ക്കു പിന്നില്‍’ എന്ന അന്വേഷണാത്മക വിശകലനപരിപാടി അവതരിപ്പിച്ചു. തകഴി, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ഒ.വി വിജയന്‍, പ്രേംനസീര്‍, കുഞ്ഞുണ്ണിമാഷ്, അടൂര്‍ ഗോപാലകൃഷ്ണന്‍, നമ്പൂതിരി എന്നിവരുടെ സംഭാവനകള്‍ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ‘നിണച്ചാലൊഴുകിയ നാള്‍വഴികള്‍’ നിരവധി ദേശീയ, അന്തര്‍ദേശീയമേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആയി 2021 ഏപ്രിലില്‍ വിരമിച്ചു.
മികച്ച നാടകസംബന്ധിയായ ഗ്രന്ഥത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് ‘ജീവിതനാടകം-അരുണാഭം ഒരു നാടകകാലം’ എന്ന പുസ്തകത്തിന് ലഭിച്ചു. ‘നിലാവില്‍ നീന്താനിറങ്ങിയ മേഘങ്ങള്‍’, ‘രക്തവസന്തകാലം’ എന്നിവയാണ് മറ്റ് പ്രധാനകൃതികള്‍.

Author

Leave a Reply

Your email address will not be published. Required fields are marked *