പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത്. (18/09/2024).
തിരുവനന്തപുരം : ഹേമ കമ്മിറ്റി ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് വനിത ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ വനിതകളെ കൂടാതെ പുരുഷ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയുള്ള സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ഹേമ കമ്മിറ്റി
റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ചല്ല, അതിന് ശേഷമുള്ള വെളിപ്പെടുത്തലുകളെ കുറിച്ചാണ് ഈ സംഘം അന്വേഷിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി ഇരകളുടെ സ്വകാര്യത വെളിപ്പെടുത്താതെ തെറ്റുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. സത്യസന്ധമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ്. വേട്ടക്കാരെ എങ്ങനെ സംരക്ഷിക്കാം എന്നതിലാണ് സര്‍ക്കാര്‍ ഗവേഷണം നടത്തുന്നത്. സ്ത്രീ വിരുദ്ധ സര്‍ക്കാരാണ് ഇതെന്ന് ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഏഴര വര്‍ഷമായിട്ടും നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ അനിശ്ചിതമായി നീണ്ടു പോകുകയാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അതുകൊണ്ടാണ് പ്രതിക്ക് ജാമ്യം കിട്ടാന്‍ ഇടയാക്കിയത്. ഒരു കേസില്‍ വിചാരണ ഏഴരക്കൊല്ലം നീണ്ടു പോയി എന്നത് ജുഡീഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ പോലും ബാധിക്കും. നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. കേസുകളിലെ വിചാരണ നീണ്ടു പോകുന്നത് സംബന്ധിച്ച് വിലയിരുത്തല്‍ നടത്തണമെന്നാണ് ഹൈക്കോടതിയോട് അഭ്യര്‍ത്ഥിക്കാനുള്ളത്.
ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് സാധിക്കില്ല. കാരണം മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. എന്തിനാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടത്? വ്യക്തിപരമായി കണ്ടെന്നാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത്. വ്യക്തിപരമായി കാണാന്‍ അവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടോ? പത്തു ദിവസത്തെ ഇടവേളയില്‍ എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവ് റാം മാധവിനെയും കണ്ടു. ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി എന്തിനാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്? അത്തരത്തില്‍ അയച്ച ആളുകളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതിനാണ് ഇ.പി ജയരാജനെതിരെ നടപടിയെടുത്തത്. ഞാനും പ്രകാശ് ജാവദേദ്ക്കറെ അഞ്ചാറ് തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത്. കേന്ദ്ര മന്ത്രി അല്ലാത്ത ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവദേദ്ക്കറെ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിനാണ് കണ്ടത്? എന്നിട്ടാണ് ഇ.പി ജയരാജനെതിരെ മാത്രം നടപടി എടുത്തത്. ഇത് ഇരട്ടാത്താപ്പാണ്. ബി.ജെ.പി- സി.പി.എം അവിശുദ്ധ ബാന്ധവത്തിന്റെ ഭാഗമായാണ് തൃശൂര്‍ പൂരം കലക്കി ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഉണ്ടാക്കിക്കൊടുത്തത്.
15 ദിവസമായി ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഒരക്ഷരം മിണ്ടാന്‍ മുഖ്യമന്ത്രി തയാറായില്ല. മാധ്യമങ്ങളെ കാണാതിരിക്കുന്ന പ്രധാനമന്ത്രിയുടെ അതേ അവസ്ഥയിലാണ് കേരളത്തിലെ മുഖ്യമന്ത്രിയും. മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ആരോപണ കൊടുങ്കാറ്റില്‍ ആടി ഉലയുമ്പോള്‍ മൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മാധ്യമങ്ങളുടെ ഒരു ചോദ്യത്തിന് പേലും മുഖ്യമന്ത്രിക്ക് മറുപടിയില്ല.
വയനാട് ദുരനിവാരണവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം തയാറാക്കിയതില്‍ ഗുരുതര തെറ്റുണ്ട്. അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കണ്ടേ? മാധ്യമങ്ങള്‍ തെറ്റായി പറഞ്ഞെന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. ഹൈക്കോടതി വിധി പകര്‍പ്പിനൊപ്പമാണ് മെമ്മോറാണ്ടം പുറത്തു വന്നത്. ഭക്ഷണം കൊടുക്കാനും മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനും കോടിക്കണക്കിന് രൂപ ചെലവായെന്ന് അതിലാണ് എഴുതി വച്ചിരിക്കുന്നത്. ഹോട്ടല്‍ ആന്റ് റസ്റ്ററന്റ് അസോസിയേഷനും സന്നദ്ധ സംഘടനകളുമാണ്. എല്ലാ ദിവസവും മൂന്നു നേരം ഏഴായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ എച്ച്.എം.എല്‍ ആണ് സൗജന്യമാണ് സ്ഥലം നല്‍കിയത്. കുഴി കുഴിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. ഒരു രൂപ പോലും സര്‍ക്കാരിന് ചെലവായിട്ടില്ല. സന്നദ്ധ പ്രവര്‍ത്തകരും സംഘടനങ്ങളും വീടുകളിലേക്ക് സാധനങ്ങള്‍ നല്‍കിയതിന്റെ പോലും കണക്കുകള്‍ എഴുതി വച്ചാല്‍ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. വയനാട് ദുരിതാശ്വാസത്തിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താവുന്ന നൂറു കാര്യങ്ങളുണ്ടെങ്കിലും ദുരന്തം ഉണ്ടാകുമ്പോള്‍ പ്രതിപക്ഷവും സര്‍ക്കാരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കുകയെന്ന പുതിയൊരു സംസ്‌ക്കാരത്തിന് ഞങ്ങള്‍ തുടക്കമിട്ടത്. ആരാണ് മെമ്മോറാണ്ടം തയാറാക്കിയത്? എസ്.ഡി.ആര്‍.എഫ് അനുസരിച്ച് മെമ്മോറാണ്ടം തയാറാക്കി പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയാണ് വേണ്ടത്. എന്തിനാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതി വയ്ക്കുന്നത്? ചിലരെ മുഖ്യമന്ത്രി അമിതമായി വിശ്വസിക്കുന്നതാണ് അപകടം വരുത്തി വയ്ക്കുന്നത്. തെറ്റ് തെറ്റെന്നു തന്നെ പറയേണ്ടി വരും. പെരുപ്പിച്ച കണക്കുകളുമായി റിപ്പോര്‍ട്ട് നല്‍കിയാല്‍ പണം കിട്ടില്ല. അങ്ങനെ ഏതെങ്കിലും കാലത്ത് പണം കിട്ടിയിട്ടുണ്ടോയെന്നാണ് ഫേസ്ബുക്ക് പോസ്റ്റിട്ട തോമസ് ഐസക്ക് പറയേണ്ടത്. പ്രളയ ദുരിതാശ്വാസത്തെ കുറിച്ച് ഉയര്‍ന്ന ആക്ഷേപം വയനാട് ദുരിതാശ്വസ ഫണ്ടിലും ഉണ്ടാകരുത്. അതുകൊണ്ടാണ് വയനാടിന് കിട്ടുന്ന പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. കിട്ടിയ പണം ദുരിതാശ്വാസത്തിന് വേണ്ടി മാത്രം ഉപയോഗിച്ചെന്ന് ഉറപ്പുവരുത്തണം. കേന്ദ്ര ഒരു പൈസയും തന്നില്ലെന്ന പരാതി മുഖ്യമന്ത്രി ഇതുവരെ എവിടെയും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് ഇല്ലാത്ത പരാതി എന്തിനാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്?