ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്:മത രാഷ്ട്രം സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ

Spread the love

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ . കോൺഗ്രസ് നേതാവും കോവളം മുൻ എംഎൽഎയും ആയിരുന്ന ജോർജ് മേഴ്സിയറുടെ 4-ാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഈ ശുപാർശ ഭരണഘടന വിഭാവന ചെയ്യുന്ന ഫെഡറലിസത്തെ തകർക്കും. അപ്രായോഗികവും അശാസ്ത്രീയവുമായ കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തെ രാജ്യത്തെ ശതകോടികൾ വരുന്ന ജനാധിപത്യ വിശ്വാസികൾ പരാജയപ്പെടുത്തും. വൈവിധ്യങ്ങളും പ്രാദേശികഘടകങ്ങളെയും ഉൾക്കൊള്ളുന്ന സംസ്ഥാനങ്ങൾ അടങ്ങുന്നതാണ് നമ്മുടെ രാഷ്ട്രം .ഫെഡറൽ ഭരണ സംവിധാനത്തെ തകർത്ത് യൂണിറ്ററി ഭരണ സംവിധാനം നടപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രസിഡൻഷ്യൽ ഫോറം ഓഫ് ഡെമോക്രസിയായി മാറ്റാനുള്ള മോദിയുടെയും അമിത്ഷായുടെയും അതിമോഹത്തെ രാജ്യത്തെ ജനാധിപത്യ മതേതര കക്ഷികൾ ഒറ്റക്കെട്ടായി എതിർത്ത് പരാജയപ്പെടുത്തുമെന്നും എം എം ഹസ്സൻ പറഞ്ഞു.

ജനപ്രതിനിധി എന്നതിന് പുറമേ സംഘടനാ രംഗത്തും തൊഴിലാളി മേഖലയിലും സഹകരണ മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ് ജോർജ് മേഴ്സിയറെന്ന് എംഎം ഹസൻ അഭിപ്രായപ്പെട്ടു.വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ മേഴ്സിയർ വഹിച്ച പങ്ക് വളരെ വലുതാണ്.ജോർജ് മേഴ്സിയർ പ്രതിസന്ധി ഘട്ടങ്ങളിൽ കോൺഗ്രസിന് കരുത്ത് പകർന്ന നേതാവാണെന്നും എം എം ഹസ്സൻ പറഞ്ഞു.
എം എ പത്മകുമാർ അധ്യക്ഷത വഹിച്ചു. വിഎസ് ശിവകുമാർ, ടി ശരത് ചന്ദ്രപ്രസാദ്, പി കെ വേണുഗോപാൽ , മണക്കാട് സുരേഷ് എന്നിവർ സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *