മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് ആരോപണവിധേയരായ പി.ശശിയേയും എഡിജിപിയേയും സംരക്ഷിക്കുന്നത്: കെ.സുധാകരന്‍ എംപി

Spread the love

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയെ തള്ളി ആരോപണവിധേയരായ പി.ശശിയെയും എഡിജിപിയെയും സംരക്ഷിക്കുക വഴി മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്‍വറിന്റെ ആരോപണങ്ങള്‍ തനിക്കെതിരെയാണെന്ന വ്യക്തമായ ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതിനാലാണ് മുഖ്യമന്ത്രി ആരോപണവിധേയരെ കൈവിടാത്തതും അവര്‍ നടത്തിയ മാഫിയാപ്രവര്‍ത്തനങ്ങളെ മാതൃകാപരമെന്ന ഗുഡ്‌സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും. എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതെന്തിന് എന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. അന്വേഷണം കഴിയട്ടെ,എന്നിട്ട് നോക്കാമെന്ന് പറയുന്നത് തന്നെ ആ അന്വേഷണം ശരിയായ ദിശയില്‍ നടക്കില്ലെന്നതിന് തെളിവാണ്.

പൂരം കലക്കിയത് സംബന്ധിച്ച അന്വേഷണം കഴിഞ്ഞ അഞ്ചുമാസമായിട്ടും പൂര്‍ത്തിയാക്കിയില്ല. വിവാദമായപ്പോള്‍ തട്ടിക്കൂട്ടി റിപ്പോര്‍ട്ട് 24നകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ്. പൂരം കലക്കിയതില്‍ എഡിജിയുടെ പങ്ക് അന്വേഷിക്കുന്നതിന് പകരം അദ്ദേഹത്തിന് അന്വേഷണ ചുമതല കൈമാറുകയാണ് മുഖ്യമന്ത്രി ചെയ്തത്. പൂരം കലക്കിയതില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ല. എഡിജിപിയുടെ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ പൂരം കലക്കിയതിന് പിന്നിലെ ശക്തിയാരാണെന്ന് വ്യക്തമാകൂ. തൃശ്ശൂര്‍ പൂരം കലക്കിയാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും കെ.സുധാകരന്‍ ഓര്‍മ്മപ്പെടുത്തി.

ആരോപണം ഉന്നയിച്ച ഭരണകക്ഷി എംഎല്‍എയുടെ വിശ്വാസ്യത മുഖ്യമന്ത്രി ചോദ്യം ചെയ്യുന്നത് തന്നെ മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരായ കീഴുദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ചീറ്റ് നല്‍കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ വെള്ളപൂശി സ്വന്തം മുന്നണിയിലെ എംഎല്‍എയെ മുഖ്യമന്ത്രി തള്ളിപ്പറയുന്നത്. സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭരണകക്ഷി എംഎല്‍എ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അങ്ങനെയെങ്കില്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ഭരണകക്ഷി എംഎല്‍എക്കെതിരെ കേസെടുക്കാന്‍ എന്തുകൊണ്ട് മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും സുധാകരന്‍ ചോദിച്ചു.

ആരോപണ വിധേയനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തിന് എന്ത് വിശ്വാസ്യതയാണുള്ളത്? തൃശ്ശൂര്‍ പൂരം കലക്കിയതില്‍ അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കിയ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ശേഷം അന്വേഷണം നടത്തുന്ന മുഖ്യമന്ത്രിയാണ് ഗുരുതര ആരോപണം നേരിടുന്ന പി.ശശിക്കും എഡിജിപിക്കും എതിരെ അന്വേഷണം കഴിയുംവരെ നടപടിയെടുക്കില്ലെന്ന വിചിത്രവാദം ഉയര്‍ത്തുന്നതെന്നും കെ.സുധാകരന്‍ പരിഹസിച്ചു.

സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള ദേശാഭിമാനിയും കൈരളിയുമാണ് നട്ടാല്‍കുരുക്കാത്ത നുണകള്‍ ഏറ്റവും പ്രചരിപ്പിച്ചിട്ടുള്ളത്.വ്യാജവര്‍ത്തകള്‍ക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് ഈ മാധ്യമ സ്ഥാപനങ്ങളെയാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *