കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും വിപ്ലവകാരിയുമായിരുന്ന സ. എം എം ലോറന്‍സിന്റെ വിയോഗം രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ് – മുഖ്യമന്ത്രി

Spread the love

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവും വിപ്ലവകാരിയുമായിരുന്ന സ. എം എം ലോറന്‍സിന്റെ വിയോഗം സിപിഐഎമ്മിനും ഇടതുപക്ഷത്തിനും രാജ്യത്തെ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിനും കനത്ത നഷ്ടമാണ്. ദേശീയ സ്വാതന്ത്ര്യസമര കാലത്തെ ഇന്നത്തെ ആധുനിക കാലവുമായി ബന്ധിപ്പിച്ചുനിര്‍ത്തിയിരുന്ന ഈടുറ്റ രാഷ്ട്രീയ കണ്ണിയെയാണ് സഖാവ് ലോറന്‍സിന്റെ വിടവാങ്ങലോടെ നാടിന് നഷ്ടമായത്. ജനാധിപത്യ മതനിരപേക്ഷ

മൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ഉജ്വലമായ പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയ ചരിത്രമാണു സ. ലോറന്‍സിനുള്ളത്.
അങ്ങേയറ്റം ത്യാഗപൂര്‍ണ്ണമായ, യാതനാനിര്‍ഭരമായ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഇടപ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണ
കേസിനെ തുടർന്ന് അതി ഭീകരമായ മര്‍ദനമാണ് സഖാവിന് നേരിടേണ്ടി വന്നത്. സഖാവ് ലോറന്‍സിനെയും സഖാക്കളെയും കാളക്കയര്‍ കൊണ്ട് കൂട്ടിക്കെട്ടി കഷ്ടിച്ചുള്ള വസ്ത്രം മാത്രം അണിയിച്ച് നടുവിന് തൊഴിച്ചും തോക്കിന്‍പാത്തി കൊണ്ട് ഇടിച്ചുമാണ് പൊതുനിരത്തിലൂടെ മണിക്കൂറുകളോളം പൊലീസ് നടത്തിച്ചത്.
സമർത്ഥനായ പാർലമെന്റേറിയനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഏതറ്റം വരെയും പോകുന്ന കാർക്കശ്യകാരനായ തൊഴിലാളി നേതാവുമായിരുന്നു അദ്ദേഹം. തൊഴിലാളിവര്‍ഗ താല്‍പര്യങ്ങള്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളിലൂടെ മുമ്പോട്ടുകൊണ്ടുപോവുന്നതിന്റെ മാതൃകകള്‍ ആ ട്രേഡ് യൂണിയന്‍ ജീവിതത്തിലുണ്ട്. തോണിത്തൊഴിലാളികളെ മുതല്‍ ബീഡിത്തൊഴിലാളികളെ വരെയും ഫാക്ടറി തൊഴിലാളികളെ മുതല്‍ തുറമുഖ തൊഴിലാളികളെ വരെയും സംഘടിപ്പിച്ചതിന്റെ വൈവിധ്യം നിറഞ്ഞ അനുഭവങ്ങളാണ് അദ്ദേഹത്തെ നയിച്ചത്.
റിവിഷനിസത്തിന്റേതായ വലതുപക്ഷ വ്യതിയാനത്തെയും അതിസാഹസികതയുടേതായ ഇടതുപക്ഷ തീവ്രവാദ വ്യതിയാനത്തെയും ആശയരംഗത്തും പ്രായോഗിക രംഗത്തും അദ്ദേഹം ശക്തമായിത്തന്നെ ചെറുത്തുനിന്ന് പാര്‍ടിയെ സംരക്ഷിച്ചു. ഏതാണ്ട് ഒരു പതിറ്റാണ്ട് കാലം ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കണ്‍വീനറായിരുന്നു എം എം ലോറന്‍സ്. മുന്നണിയുടെ അടിത്തറ വിപുലമാക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശക്തിയും
സ്വീകാര്യതയും വര്‍ധിപ്പിക്കുന്നതിനും അദ്ദേഹം നിരന്തരം ശ്രമിച്ചു.
ഏഴര പതിറ്റാണ്ടിലേറെ പാര്‍ടി അംഗമായിരിക്കുക, താഴേതലത്തിലും ഏറ്റവും ഉയര്‍ന്ന തലത്തിലും പ്രവര്‍ത്തിക്കുക, സമരരംഗത്തും സഭാവേദിയിലും പ്രവര്‍ത്തിക്കുക, ഒളിവിലും തെളിവിലും ജയിലിലും പ്രവര്‍ത്തിക്കുക, ബ്രിട്ടീഷ് ഇന്ത്യയിലും സ്വതന്ത്ര ഇന്ത്യയിലും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കുക. ഇന്ന് അപൂര്‍വം പേര്‍ക്കുമാത്രം അഭിമാനിക്കാന്‍ കഴിയുന്ന കാര്യങ്ങളാണിതൊക്കെ. സഖാവ് എംഎം ലോറൻസിന്റെ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
ലാൽ സലാം സഖാവേ..  ആദരാഞ്ജലികൾ 🌹

Author

Leave a Reply

Your email address will not be published. Required fields are marked *