പ്രതിപക്ഷ നേതാവ് എറണാകുളം ഡി.സി.സിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം (21/09/2024).
അന്‍വറിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന പിണറായിയുടെ പരാമര്‍ശം എം.എല്‍.എയെ മുന്‍ നിര്‍ത്തി മുഖ്യമന്ത്രിക്കെതിരെ സി.പി.എമ്മില്‍ പട നയിച്ചവര്‍ക്കുള്ള മറുപടി; പൂരം കലക്കിയതില്‍ ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ടിട്ട് അഞ്ച് മാസം കഴിഞ്ഞിട്ടും കിട്ടിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആ കസേരയില്‍ ഇരിക്കുന്നത്? വ്യാജ വാര്‍ത്തകള്‍ക്കെതിരെ കേസെടുക്കുന്നുവെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെ; ജയറാം പടിക്കലിന്റെ കഥ പറഞ്ഞ് ക്ലാസെടുക്കാതെ യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.
കൊച്ചി : അവസാനം, ഒരുപാട് ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു. ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ കേരളത്തിലെ പ്രതിപക്ഷത്തോടാണ്
നന്ദി പറയേണ്ടത്. എന്തുകൊണ്ടാണ് മൗനം അവലംമ്പിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ നിരന്ത ചോദ്യങ്ങളെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയെ കാണാന്‍ സാധിച്ചത്. ഒരു മണിക്കൂര്‍ നാല്‍പ്പത് മിനിട്ടായിരുന്നു പത്രസമ്മേളനം. അദ്യ 53 മിനിട്ടും സംസാരിച്ചത് മാധ്യമങ്ങള്‍ക്കെതിരെയാണ്. മാധ്യമങ്ങള്‍ക്കെതിരെ ഒരു കേസുണ്ടാക്കി അദ്ദേഹം തന്നെ വിചാരണ നടത്തി അദ്ദേഹം തന്നെ ശിക്ഷ വിധിച്ച് തൂക്കിക്കൊല്ലാന്‍
തീരുമാനിച്ചിരിക്കുകയാണ്. കേസെടുക്കുമെന്നും ഭീഷണിയുണ്ട്. വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് കേസെടുക്കണമെങ്കില്‍ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനി പത്രത്തിന് എതിരെയാണ്. കെ.എസ്.യു നേതാവ് അന്‍സില്‍ ജലീല്‍ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന് വ്യാജ പ്രചരണം നടത്തിയത് ദേശാഭിമാനിയാണെന്ന് ഈ മുഖ്യമന്ത്രിയുടെ പൊലീസ് തന്നെയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചാരക്കേസ് തുടങ്ങി വച്ചത് ഞങ്ങളാണെന്ന് അഭിമാനത്തോടെ പറഞ്ഞ പത്രവും ദേശാഭിമാനിയാണ്. ചാരക്കേസിന്റെ പേരില്‍ കള്ളപ്രചരണമാണ് നടത്തിയതെന്ന് പിന്നീട് വ്യക്തമായി. മോന്‍സണ്‍ മാവുങ്കലിന്റെ വ്യാജ ചെമ്പോലയ്ക്ക് ആധികാരികത ഉണ്ടാക്കിക്കൊടുത്ത പത്രവും ദേശാഭിമാനിയാണ്. മനോരമ ചീഫ് എഡിറ്റര്‍ കെ.എം മാത്യുവിന്റെ പേരില്‍ വ്യാജ കത്തുണ്ടാക്കി പ്രചരിപ്പിച്ച പത്രമാണ് ദേശാഭിമാനി. ആരുടെയൊക്കെയോ പുസ്തകം വായിച്ച മുഖ്യമന്ത്രി ബെര്‍ളിന്‍ കുഞ്ഞനന്തന്‍നായരുടെ പുസ്തകം കൂടി വായിക്കണം. അതില്‍ മുഖ്യമന്ത്രിയെ കുറിച്ചും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരിക്കുന്നവരെ കുറിച്ചും വ്യാജ വാര്‍ത്ത ചമച്ചവരെ കുറിച്ചും ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ പുസ്തകത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്.
യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ 2024 ഏപ്രില്‍ 21 നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആ ഉത്തരവില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അഞ്ച് മാസം കഴിഞ്ഞിട്ടും കഴിഞ്ഞ ആഴ്ച നീട്ടിക്കൊടുത്തെന്നാണ്
മുഖ്യമന്ത്രി പറഞ്ഞത്. പൂരം കലക്കിയത് അന്വേഷിക്കാന്‍ അഞ്ച് മാസം വേണോ? ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അഞ്ച് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എന്തിനാണ് മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ ആ കസേരയില്‍ ഇരിക്കുന്നത്? നിങ്ങള്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്ക്. നിങ്ങള്‍ക്ക് പൊലീസിനെ നിയന്ത്രിക്കാന്‍ പറ്റില്ല. നിങ്ങള്‍ വിചാരിച്ചാല്‍ ഒരു റിപ്പോര്‍ട്ടും കിട്ടില്ല. തൃശൂര്‍ പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാകും. ഒരു അന്വേഷണവും നടക്കുന്നില്ലെന്ന് സത്യസന്ധനായ ഉദ്യോഗസ്ഥന്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയപ്പോള്‍ അദ്ദേഹത്തെ ബലിയാടാക്കി സസ്‌പെന്‍ഡ് ചെയ്തു. ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എ.ഡി.ജി.പിയെ അതേ സ്ഥാനത്ത് ഇരുത്തിയാണ് അന്വേഷണം.
ആരോപണം ഉന്നയിച്ച ഭരണകക്ഷി എം.എല്‍.എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് പാര്‍ട്ടിയിലെ രാഷ്ട്രീയ എതിരാളികള്‍ക്ക് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. ഭരണകക്ഷി എം.എല്‍.എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അയാള്‍ അഞ്ച് മിനിട്ട് എന്നോട് സംസാരിച്ചിട്ട് അര മണിക്കൂര്‍ സംസാരിച്ചെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞെന്നും ഫോണ്‍ ചോര്‍ത്തുന്നെന്നത് പൊതുപ്രവര്‍ത്തകര്‍ക്ക് ചേരാത്ത മട്ടാണെന്നും നിരവധി ദിവസമായി മാധ്യമങ്ങളോട് അതുമിതും പറയുന്നുവെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിക്ക് എതിരായ പോരാട്ടത്തിന് മുന്നില്‍ ഭരണകക്ഷി എം.എല്‍.എ നിര്‍ത്തിയ ആളുകള്‍ക്കുള്ള മറുപടിയാണിത്. സ്വര്‍ണക്കള്ളക്കടത്ത് പൊലീസ് പിടിച്ചപ്പോള്‍ കള്ളക്കടത്തിന് പിന്നിലുള്ള പലര്‍ക്കും വേദനിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അപ്പോള്‍ മുഖ്യമന്ത്രി ഭരണകക്ഷി എം.എല്‍.എയ്ക്ക് എതിരെ തന്നെ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. അങ്ങനെയെങ്കില്‍ ഭരണകക്ഷി എം.എല്‍.എയ്‌ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോ? അയാള്‍ ഇപ്പോഴും കോണ്‍ഗ്രസിന്റെ സ്വഭാവമാണ് കാണിക്കുന്നതെങ്കില്‍ എന്തിനാണ് വച്ചുകൊണ്ടിരിക്കുന്നത്? അന്‍വര്‍ പറഞ്ഞതില്‍ എ.ഡി.ജി.പിക്കെതിരെ അന്വേഷിക്കുമെന്നും ശശിക്കെതിരെ അന്വേഷിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പൊളിറ്റിക്കല്‍ സെക്രട്ടറിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി പറയുന്നതില്‍ ഒരു യുക്തിയുമില്ല. ഭരണ കക്ഷി എം.എല്‍.എയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറഞ്ഞ അതേ മുഖ്യമന്ത്രിയാണ് അയാള്‍ പറഞ്ഞ പകുതി കാര്യങ്ങള്‍ അന്വേഷിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവിനെ കണ്ടതെന്ന ആരോപണം ആവര്‍ത്തിക്കുന്നു. അല്ലാതെ എന്തിനാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാവുമായി ഒരു മണിക്കൂര്‍ സംസാരിച്ചത്? തന്റെ ദൂതനായല്ല എ.ഡി.ജി.പി സന്ദര്‍ശനം നടത്തിയതെങ്കില്‍ ആ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചോ? അങ്ങനെയെങ്കില്‍ നാളെ ചീഫ് സെക്രട്ടറിക്ക് ആര്‍.എസ്.എസ് നേതാക്കളെ കാണാന്‍ പറ്റുമോ? ജയറാം പടിക്കലിന്റെ കഥയൊന്നും പറഞ്ഞ് ഞങ്ങള്‍ക്ക് ക്ലാസെടുക്കേണ്ട. ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി പറയേണ്ടത്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എ.ഡി.ജി.പി ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. അതിന്റെ തുടര്‍ച്ചയായാണ് തൃശൂര്‍ പൂരം കലക്കിയത്.
കമ്മിഷണര്‍ക്കെതിരെ നടപടി എടുത്തെന്ന് പറയുന്ന മുഖ്യമന്ത്രി എന്തുകൊണ്ടാണ് അന്ന് സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കാതിരുന്നത്? പൂരം കലക്കാന്‍ പോയത് മുഖ്യമന്ത്രിയുടെ അറിവോടു കൂടി ആയതിനാലാണ് എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കാതിരുന്നത്. പൂരം നടത്തിപ്പ് സംബന്ധിച്ച് കമ്മിഷണര്‍ കൊണ്ടു വന്ന ബ്ലൂ പ്രിന്റ് വേണ്ടെന്ന് പറഞ്ഞല്ലേ എ.ഡി.ജി.പി പുതിയ ബ്ലൂ പ്രിന്റ് നല്‍കിയത്? പുതിയ ബ്ലൂ പ്രിന്റ് നല്‍കിയ ആള്‍ക്ക് ഒരു കുഴപ്പവുമില്ല. മുഖമന്ത്രിയുടെ സന്ദേശവാഹകനായി ആര്‍.എസ്.എസിന് നല്‍കിയ ഉറപ്പ് പാലിക്കാനാണ് എ.ഡി.ജി.പി പോയത്. പൂരം കലക്കാന്‍ മുഖ്യമന്ത്രി കൂട്ടു നിന്നു. അതിന് എ.ഡി.ജി.പിയെ കരുവാക്കി. തൃശൂരില്‍ ബി.ജെ.പിക്ക് ജയിക്കാനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും ചെയ്തത്. അതിനാണ് ഉത്തരം പറയേണ്ടത്.
വയനാട്ടിലെ കണക്ക് ഊതിപ്പെരുപ്പിച്ചതാണ്. 90 ദിവസം രക്ഷാ പ്രവര്‍ത്തനം നടത്തിയെന്നാണ് പറയുന്നത്. എന്നിട്ട് എത്ര ദിവസം തെരച്ചില്‍ നടത്തി? സര്‍ക്കാര്‍ നല്‍കിയ കണക്ക് മെമ്മോറാണ്ടത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും. ആവശ്യമായ തുകയുടെ കണക്ക് നല്‍കേണ്ടതിനു പകരം ഇല്ലാത്ത കണക്കുണ്ടാക്കി. എന്താണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത് എന്ന് പരിശോധിക്കാനുള്ള സംവിധാനം കേരളത്തിലില്ല. ഉദ്യോഗസ്ഥര്‍ എഴുതി നല്‍കുന്നതിന്റെ താഴെ കയ്യൊപ്പ് വയ്ക്കുക മാത്രമാണ്. ദുരന്ത നിവാരണ അതോറിട്ടി തന്നെ ഒരു ദുരന്തമാണ്. കണക്ക് ന്യായീകരിക്കാനാണ് മാധ്യമങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറുയുന്നത്. ഹൈക്കോടതിയെ വിധിയെ വളച്ചൊടിച്ചതിന് മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അങ്ങനെയങ്കില്‍ ആദ്യം കേസെടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണ്.
എം.എല്‍.എയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരെ പോരാട്ടം ആരംഭിച്ചിരിക്കുന്നു എന്ന തിരിച്ചറിവില്‍ പാര്‍ട്ടിക്കാര്‍ക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അല്ലാതെ പ്രതിപക്ഷത്തിനുള്ള മറുപടിയല്ല. ആര്‍.എസ്.എസ് പിന്തുണയിലല്ലേ പിണറായി 77 ല്‍ നിയമസഭയില്‍ എത്തിയത്. ആര്‍.എസ്.എസ് നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലില്‍ നേരിട്ട് ചര്‍ച്ച നടത്തിയ ആളല്ലേ പിണറായി വിജയന്‍. മുന്‍ ഡി.ജി.പിയെ ഉപയോഗിച്ചല്ലേ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നേതാക്കളുമായി സംസാരിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ തിരിച്ചു വച്ചിരിക്കുന്ന പീരങ്കി വേണ്ടെന്ന സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.
നീതിമാനായ മുഖ്യമന്ത്രിയാണ് ഭരണകക്ഷി എം.എല്‍.എയ്‌ക്കെതിരെ ഇത്രയും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി വരെ ബന്ധമുണ്ടെന്ന് പറഞ്ഞു. അതില്‍ അസ്വസ്ഥനായാണ് ഇങ്ങനെ പറയുന്നതെന്നു വരെ പറഞ്ഞു. ആ എം.എല്‍.എയെയും മുഖ്യമന്ത്രി ആവശ്യത്തിന് ഉപയോഗിച്ചിട്ടുണ്ട്. ശശിയെയും അജിത് കുമാറിനെയുമൊക്കെ ഉപയോഗിക്കേണ്ട സ്ഥലം മുഖ്യമന്ത്രിക്ക് നന്നായി അറിയാം. കോണ്‍ഗ്രസിനു പോലും ഇതുപോലെ ഒരാള്‍ പറഞ്ഞാല്‍ അംഗീകരിക്കാന്‍ പറ്റില്ല. എന്നിട്ടും 15 ദിവസം മുഖ്യമന്ത്രിക്കെതിരെ ഭരണകക്ഷി എം.എല്‍.എ സംസാരിക്കുകയാണ്. എന്നിട്ടും നിസഹായതയിലാണ് പാര്‍ട്ടി. സാധാരണയായി മാര്‍ക്‌സിറ്റ് പാര്‍ട്ടിയില്‍ ഇങ്ങനെ നടക്കുമോ? എം.എല്‍.എയ്‌ക്കെതിരെ മുഖ്യമന്ത്രി തിരിച്ചും ആരോപണം ഉന്നയിക്കുമെന്നല്ലേ പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷ നേതാവിന്റെ നിലപാട് അപഹാസ്യമാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസിനെ കുറ്റപ്പെടുത്തുന്നില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ആ പാവമെങ്കിലും ഉണ്ടല്ലോ മന്ത്രിസഭയില്‍? അദ്ദേഹം മാത്രമാണ് മുഖ്യമന്ത്രിയെ സംരക്ഷിക്കാനും പ്രതിപക്ഷ നേതാവിനെ തള്ളിപ്പറയാനും രംഗത്തെത്തിയത്.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അതുകൊണ്ടാണ് ബി.ജെ.പി ജയിക്കാന്‍ ഇടയായതെന്നും സി.പി.ഐക്കും അവരുടെ സ്ഥാനാര്‍ത്ഥിക്കും അറിയാം. മനപൂര്‍വമായാണ് പൂരം കലക്കിയതെന്ന് പിറ്റേ ദിവസം തന്നെ പ്രതിപക്ഷം പറഞ്ഞതാണ്. പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നത് കേരളത്തിലെ എല്ലാവര്‍ക്കും അറിയാം.