മാധ്യമപ്രവർത്തനത്തിന്റെ മാനം മാറുന്നു, വയനാട്ടിലെ വ്യാജവാർത്തയ്ക്ക് പിന്നിൽ അജണ്ട – മുഖ്യമന്ത്രി

Spread the love

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കണക്കുകൾ മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നിൽ അജണ്ടയുണ്ടെന്നും അത് നാടിനും ജനങ്ങൾക്കുമെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അനർഹമായ കേന്ദ്ര സഹായം തട്ടിയെടുക്കാൻ സംസ്ഥാനം ശ്രമിക്കുന്നു എന്ന വ്യാജകഥ വലിയൊരു വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നു കയറി. കേരളീയരും ഇവിടത്തെ സർക്കാരും ജനങ്ങളും ലോകത്തിനു മുന്നിൽ അവഹേളിക്കപ്പെട്ടു. രാജ്യവും ലോകമാകെയും പ്രകീർത്തിക്കുന്ന തരത്തിലുള്ള രക്ഷാ പ്രവർത്തനമാണ് വയനാട്ടിൽ നാം നടത്തിയതന്നെും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാല് മന്ത്രിമാരടങ്ങുന്ന മന്ത്രിസഭ ഉപസമിതി തുടക്കം മുതൽ ദുരന്ത മേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു. ഒരു മന്ത്രി മുഴുവൻ സമയവും അമ്പതാം ദിവസം വരെ അവിടെ മേൽനോട്ടം വഹിച്ചു. ഒരു തരത്തിലുമുള്ള ആക്ഷേപങ്ങൾക്ക് ഇട നൽകാതെയാണ് ഈ പ്രവർത്തനങ്ങൾ നടന്നത്. അതിന് എല്ലാ ഭാഗത്തു നിന്നും സഹകരണവും പിന്തുണയുമുണ്ടായി. ആ പിന്തുണ തകർക്കുകയും സഹായം തടയുകയും ചെയ്യുക എന്ന അജണ്ടയാണ് ഇപ്പോൾ പുറത്തുവന്ന വ്യാജ വാർത്തയ്ക്കു പിന്നിൽ പ്രവർത്തിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സംഭാവന നൽകുന്ന സാധാരണ ജനങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്ന ദുഷ്ട ലക്ഷ്യമാണ് മറ്റൊരു വശം.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും എല്ലാത്തരത്തിലുള്ള സഹായങ്ങളും സർക്കാർ ചെയ്തുവരികയാണ്. ഇതിനോടകം ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതം നൽകി. മരണപ്പെട്ട 173 പേരുടെ സംസ്‌കാര ചടങ്ങുകൾക്കായി കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയിൽ കൂടുതൽ ആശുപത്രിവാസം ആവശ്യമായി വന്ന 26 പേർക്ക് 17,16,000 രൂപ സഹായമായി നൽകി. ദുരന്തത്തിൽ പരുക്കേറ്റ് ഒരാഴ്ചയിൽ താഴെ മാത്രം ആശുപത്രിയിൽ കഴിഞ്ഞ എട്ട് പേർക്കായി 4,43,200 രൂപ ചെലവഴിച്ചു. ദുരന്ത ബാധിതരായ 1013 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകി. ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേർക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നൽകി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തിൽ നൽകിയിട്ടുണ്ട്. കിടപ്പ് രോഗികളായ 33 ഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നൽകി. 722 കുടുംബങ്ങൾക്ക് പ്രതിമാസ വാടക 6000 രൂപ വീതം നൽകി വരുന്നു. 649 കുടുംബങ്ങൾക്ക് ഫർണിച്ചർ ഉൾപ്പെടെയുള്ള ബാക്ക് റ്റു ഹോം കിറ്റുകളും നൽകി. ഇത് കൂടാതെ ദുരിതാശ്വാസ ക്യാമ്പിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിച്ചു.

ഉരുൾ പൊട്ടലിൽ തകർന്ന മുണ്ടക്കൈ സർക്കാർ എൽ പി സ്‌കൂളും വെള്ളാർമല സർക്കാർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളും മേപ്പാടിയിൽ താൽക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാർത്ഥികളുടെ പഠനം പുനരാരംഭിച്ചു. ദുരന്തത്തിൻറെ അമ്പതാം ദിവസം തേയിലത്തോട്ടങ്ങളിൽ ജോലി പുനരാരംഭിച്ചു.

‘അസത്യം പറക്കുമ്പോൾ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക’ എന്ന് പ്രശസ്ത എഴുത്തുകാരൻ ജോനാഥൻ സ്വിഫ്റ്റ് പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാകുന്നത് കണ്ടു. ദുരന്ത നിവാരണത്തിന് അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സർക്കാരിന് സംസ്ഥാനം മെമ്മോറാണ്ടം സമർപ്പിച്ചു. ആ മൊമ്മോറാണ്ടത്തിലെ കണക്കുകൾ ചെലവിന്റെ കണക്കായി വ്യാഖ്യാനിച്ചാണ് വ്യാജ വാർത്ത ഉണ്ടാക്കിയത്. ഏതുവിധേനയും സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയിൽ ദുരന്തത്തിന്റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നൽകിയത്. അതിനെ ദുർവ്യാഖ്യാനം ചെയ്ത് ധൂർത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിക്കാനാണ് വ്യാജവാർത്തക്കാർ ആഗ്രഹിച്ചത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി മാത്രമേ മെമ്മോറാണ്ടം വഴി ധനസഹായം ചോദിക്കാൻ സാധിക്കൂ. മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല. അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകൾ ആണ്.

എസ്.ഡി.ആർ.എഫ് ചെലവഴിക്കാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാനദണ്ഡങ്ങളുണ്ട്. ഇത് രണ്ട് തരത്തിലാണ് ചെലവഴിക്കാനാവുക. ഒന്ന് മുൻകൂട്ടി നിശ്ചയിക്കപ്പെട്ട യൂണിറ്റ് കോസ്റ്റ് വെച്ച് കൊണ്ട്. മറ്റൊന്ന് എത്രയാണോ യഥാർത്ഥചെലവ് അതിന്റെ ആക്ച്വൽസ് അഥവാ അത് മുഴുവനായി തന്നെ. ഒരു വീട് നഷ്ടപ്പെട്ടാൽ അത് എത്ര ലക്ഷങ്ങൾ വിലയുള്ളത് ആണെങ്കിലും പരമാവധി എസ്.ഡി.ആർ.എഫിൽ നിന്ന് നൽകാൻ സാധിക്കുക 1.3 ലക്ഷം രൂപ മാത്രമാണ്. ഒരു കിലോമീറ്റർ റോഡിന് ഒരു ലക്ഷം രൂപ, ഒരു സ്‌കൂളിന് രണ്ട് ലക്ഷം രൂപ തുടങ്ങിയവ ആണ് എസ്.ഡി.ആർ.എഫിൽ നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ ഒരു വീടിന് ഏറ്റവും ചുരുങ്ങിയത് നാല് ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകി വരുന്നത് എസ്.ഡി.ആർ.എഫിനു പുറമെ ജനങ്ങൾ സംഭാവന നൽകിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടി ഉപയോഗിച്ചാണ്.

മെമ്മോറാണ്ടം തയ്യാറാക്കുന്ന ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഇവയുടെ ഒന്നും ചെലവുകളുടെ യഥാർത്ഥ ബില്ലുകൾ ലഭ്യമായിട്ടില്ല. നടക്കുന്ന രക്ഷാപ്രവർത്തനവും അത് എത്ര നാൾ തുടരാൻ സാധ്യതയുണ്ട് എന്നതിന്റെയും അടിസ്ഥാനത്തിൽ ഒരു പ്രോജെക്ടഡ് തുക തയ്യാറാക്കി സമർപ്പിക്കാനാണ് സാധിക്കുക. മേപ്പാടിയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സേനകൾക്ക് ഉണ്ടായ ചെലവുകൾ, അവരുപയോഗിച്ച അത്യാധുനിക ഉപകരണങ്ങൾക്കും സംവിധാനങ്ങൾക്കും ഉൾപ്പെടെയുള്ള ചെലവുകൾ തുടങ്ങിയവ എല്ലാം ബില്ലുകൾ ആയി പിന്നീടാണ് വരിക.

മൃതദേഹങ്ങൾ സംസ്‌കരിക്കാൻ വേണ്ട ചെലവ് കണക്കാക്കുമ്പോൾ, അതിന് ആവശ്യമായ ഭൂമി വാങ്ങുക, ആ ഭൂമി ഇതിനായി തയ്യാറാക്കുക, അവിടെ കുഴികൾ എടുക്കാൻ ആവശ്യമായ യന്ത്രങ്ങളും സാമഗ്രികളും മനുഷ്യവിഭവവും ലഭ്യമാക്കുക, ഓട്ടോപ്സി നടപടികൾക്ക് ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിക്കുക, മൃതദേഹങ്ങൾ തിരിച്ചറിയുന്ന ഘട്ടത്തിൽ അവ മാർക്ക് ചെയ്യാൻ വേണ്ട സൗകര്യങ്ങൾ ഒരുക്കുക, ഇവ ട്രാൻസ്പോർട്ട് ചെയ്യുക തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തി കൊണ്ട് വേണം ചെലവ് കണക്കാക്കാൻ. വയനാട്ടിൽ 128 പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെന്നുള്ള കാര്യം കൂടി മുൻകൂട്ടി കാണണം. അവ ശരീര ഭാഗങ്ങളായി ആണ് ലഭ്യമാകുന്നത് എങ്കിൽ അവയെ ഓരോന്നിനെയും ഓരോ മൃതദേഹമായി തന്നെ കണ്ട് സംസ്‌കരിക്കണമെന്നതാണ് സർക്കാർ സ്വീകരിച്ച നയം. അതിന് അധിക ഭൂമി ആവശ്യമെങ്കിൽ വില കൊടുത്തു വാങ്ങേണ്ടി വരും. അതിനെല്ലാം പ്രതീക്ഷിക്കുന്ന ചെലവാണ് മെമ്മോറാണ്ടത്തിൽ രേഖപ്പെടുത്തുക.

വിമാനക്കൂലി മുതൽ കേന്ദ്രസേനയെയും ഉപകരണങ്ങളെയും കണ്ണൂരിലെയും കരിപ്പൂരിലെയും എയർപോർട്ടിൽ നിന്നും ദുരന്ത സ്ഥലത്ത് എത്തിക്കാനും തിരിച്ചയക്കാനുമുള്ള ചെലവുകൾ, പോലീസ്, ഫയർഫോഴ്സ്, ആരോഗ്യപ്രവർത്തകർ എന്നിവരുടെ താമസവും ഭക്ഷണവും യാത്രാച്ചെലവും, സന്നദ്ധ പ്രവർത്തകരുടെ കൂട്ടത്തിൽ കേരളത്തിലെ വിവിധയിടങ്ങളിൽ നിന്ന് സർക്കാർ പരിശീലനം കിട്ടിയ ആപ്ത മിത്ര സിവിൽ ഡിഫൻസ് വളണ്ടിയർമാർ ഇതെല്ലാം കണക്കിലെടുക്കണം. കേരളത്തിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ ഉൾപ്പടെ വിവിധ സന്നദ്ധ സംഘടനകൾ നിസ്വാർത്ഥമായ സേവനം ദുരന്ത ബാധിത പ്രദേശത്ത് ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇങ്ങനെ എല്ലാം ജനങ്ങൾ ചെയ്തുകൊള്ളും എന്ന് കേന്ദ്രത്തോട് പറയാനാകില്ല. ഇതെല്ലാം പരിഗണിച്ചു വേണം മെമ്മോറാണ്ടത്തിലെ ഓരോ വരിയും തയ്യാറാക്കാൻ. നിർഭാഗ്യവശാൽ ഇതിനെ കുറിച്ചു അജ്ഞരായവരോ അങ്ങനെ നടിക്കുന്നവരോ ആയി ഇവിടുത്തെ ഒരു കൂട്ടം മാധ്യമങ്ങൾ മാറി എന്നതാണ് വസ്തുത. മാധ്യമപ്രവർത്തനത്തിന്റെ മാനം മാറുന്നു എന്നാണ് പുതിയ സംഭംവങ്ങളിൽ നിന്ന് മനസിലാക്കേണ്ടത്.

ജനങ്ങൾക്ക് വലിയ തോതിൽ ഉപകാരപ്രദമാകുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ തകർക്കാനും ബോധപൂർവമായ ചില ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. സുതാര്യവും സുഗമവും ആയി പ്രവർത്തിക്കുന്ന ഒരു സംവിധാനമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് ഇല്ലാതായാൽ പാവപ്പെട്ട ജനങ്ങൾക്ക് ചികിത്സാ സഹായം ഇല്ലാതാകും. രോഗബാധിതരുടെ ചികിത്സയ്ക്ക് തടസമുണ്ടാകും. ഈ ദുരവസ്ഥ നമ്മുടെ നാടിനുണ്ടാകരുത്. കേരളത്തിന് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കാനുള്ള ഇടപെടലാണ് നാടിനെയും ജനങ്ങളെയും സ്നേഹിക്കുന്ന എല്ലാവരിൽ നിന്നും പ്രതീക്ഷിക്കുക. മാധ്യമങ്ങൾ ആ ഉത്തരവാദിത്തം നിറവേറ്റാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *