തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം : കെ.സുധാകരന്‍ എംപി

Spread the love

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി.

തൃശ്ശൂരിലെ തോല്‍വി സംബന്ധിച്ച് പഠിക്കാന്‍ കെപിസിസി നേതൃത്വം രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്,കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. ഈ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കെപിസിസിയുടെ പരിഗണനയിലാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ പാര്‍ട്ടി ഈ വിഷയത്തിന് മേല്‍ ചര്‍ച്ച നടത്തി ഉചിതമായ തീരുമാനങ്ങള്‍ സ്വീകരിക്കും. വാര്‍ത്തയില്‍ സൂചിപ്പിക്കുന്ന കാര്യങ്ങളല്ല ഉപസമിതി റിപ്പോര്‍ട്ടിലുള്ളത് . വസ്തുത ഇതായിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പരസ്പ്പരവിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ ഉപസമിതി റിപ്പോര്‍ട്ട് എന്ന പേരില്‍ പ്രചരിച്ചത്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുകയും സിപിഎം- ബിജെപി സഖ്യത്തെ വെള്ളപൂശുക എന്നതാണ് ഇത്തരം വാര്‍ത്തയുടെ പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ നിഗൂഢ ലക്ഷ്യം. തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിച്ചതിന് പിന്നിലെ യഥാര്‍ത്ഥ കാരണം സിപിഎമ്മും ബിജെപിയും തമ്മില്‍ നടത്തിയ അന്തര്‍ധാരയാണ്. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്നും കെ.സുധാകരന്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *