കൊച്ചി 23, സെപ്തംബർ 2024: കൊച്ചി ബിനാലെ ഫൗണ്ടേഷൻ്റെ (കെബിഎഫ്) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്സണായി കേരള സർക്കാരിൻ്റെ മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ നിയമിച്ചു. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്ന് ഈ മാസം 21 മുതലാണ് നിയമനമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയും കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമാചാരി അറിയിച്ചു.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന കൊച്ചി-മുസിരിസ് ബിനാലെ, കലാപ്രേമികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ അഭികാമ്യമായ ഇന്ത്യയിലെ പ്രധാന മെഗാ കലാപരിപാടി എന്ന നിലയിൽ ദേശീയ അന്തർദേശീയ അംഗീകാരം നേടിയിട്ടുണ്ട്. ഇതിനായി ഫൗണ്ടേഷനും കേരള സർക്കാരും തമ്മിലുള്ള പങ്കാളിത്തം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഡോ. വേണു ആദ്യ പതിപ്പ് മുതൽ കൊച്ചി-മുസിരിസ് ബിനാലെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. തുടർന്നുള്ള പതിപ്പുകളിലും ബിനാലെ ഫൗണ്ടേഷന് അദ്ദേഹം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.
1990-ൽ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ ചേർന്ന ഡോ വേണു ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൻ്റെ മുൻ ഡയറക്ടർ ജനറലെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. മൂന്നര പതിറ്റാണ്ടിലേറെയായി സംസ്ഥാന- കേന്ദ്ര സർക്കാരുകളിൽ വിവിധ പദവികളിലെ സേവന മികവ് ഫൗണ്ടേഷൻ്റെ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കരുത്ത് പകരും.
സംസ്ഥാന സർക്കാരിൻ്റെ (2007-2011) സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചപ്പോൾ ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവൽ ഓഫ് കേരള സ്ഥാപിതമായി. ‘കേരളം’ എന്ന പുതിയ മ്യൂസിയം സ്ഥാപിക്കുന്നതിലും ക്യൂറേറ്റ് ചെയ്യുന്നതിലും അദ്ദേഹം പ്രധാനിയായി. കേരളത്തിലെ മ്യൂസിയങ്ങളും ആർക്കൈവുകളും മെച്ചപ്പെടുത്തുന്നതിലും നവീകരിക്കുന്നതിലും അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. പ്രാദേശിക പങ്കാളിത്തത്തോടെ കമ്മ്യൂണിറ്റി മ്യൂസിയങ്ങൾ വികസിപ്പിക്കുന്നതിലുള്ള താൽപ്പര്യം അദ്ദേഹം തുടരുന്നു.
Rejeesh Rehman