സംസ്ഥാനത്തെ ആംബുലൻസ് സേവനങ്ങൾക്ക് ഏകീകൃത നിരക്കുകൾ നടപ്പിലാക്കി കേരളം. രാജ്യത്ത് ആദ്യമായി ഏകീകൃത ആംബുലന്‍സ് നിരക്കുകള്‍ നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. ഏകീകൃത നിരക്ക് സംവിധാനം പ്രകാരം 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് നിലവിൽ വരിക. ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല. ഐ.സി.യു, വെന്റിലേറ്റർ സൗകര്യമുള്ള ഡി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം നിരക്ക് 2,500 രൂപയാണ്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 50 രൂപയും ഒരു മണിക്കൂറിന് വെയിറ്റിങ് ചാർജ് 350 രൂപയുമായിരിക്കും. ടെക്നീഷ്യൻ, ഡോക്ടർ എന്നിവരുടെ സേവനം ആംബുലൻസിൽ ലഭിക്കും. ട്രാവലർ ആംബുലൻസുകൾ എസി, ഓക്സിജൻ സൗകര്യമുള്ള സി വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് മിനിമം ചാർജ് 1,500 രൂപയും വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപയും കിലോമീറ്റർ നിരക്ക് 40 രൂപയുമായിരിക്കും ഈടാക്കുക.
അപകടം നടന്ന സ്ഥലത്തുനിന്ന് അടിയന്തരമായി ചികിത്സ നൽകുന്നതിന് തൊട്ടടുത്ത ആശുപത്രി വരെ രോഗിയെ എത്തിക്കുന്നതിന് പണം ഈടാക്കില്ല. ബി വിഭാഗത്തിലെ നോൺ എ.സി. ട്രാവലർ ആംബുലൻസുകൾക്ക് മിനിമം നിരക്ക് 1,000 രൂപ, വെയിറ്റിങ് ചാർജ് മണിക്കൂറിന് 200 രൂപ, കിലോമീറ്റർ നിരക്ക് 30 രൂപ എന്നതാകും. ഓമ്നി, ഈക്കോ, ബോലേറോ തുടങ്ങിയ ആർ.ടി.ഒ അംഗീകരിച്ച എസ്‌യി ഉള്ള എ വിഭാഗത്തിലെ ആംബുലൻസുകൾക്ക് മിനിമം നിരക്ക് 800 രൂപ, വെയിറ്റിങ് ചാർജ് 200 രൂപ, കിലോമീറ്റർ നിരക്ക് 25 രൂപ ആണ്. ഈ വിഭാഗത്തിലെ നോൺ എ.സി. വാഹനങ്ങൾക്ക് മിനിമം ചാർജ് 600 രൂപ, വെയിറ്റിങ് ചാർജ് മണിക്കൂറിന് 150 രൂപ, കിലോമീറ്റർ നിരക്ക് 20 രൂപ ആയിരിക്കും. വെന്റിലേറ്റർ C, D വിഭാഗത്തിലുള്ള ആംബുലൻസുകളിൽ ബി.പി.എൽ കാർഡ് ഉടമകൾക്ക് 20% നിരക്ക് കുറവ് ലഭിക്കും. കാൻസർ രോഗികൾ, 12 വയസിൽ താഴെയുള്ള രോഗാവസ്ഥയിലുള്ള കുട്ടികൾ എന്നിവർക്ക് കിലോമീറ്ററിന് 2 രൂപ വീതം കുറവ് ലഭിക്കും.
ആംബുലൻസ് സേവന മേഖലയിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനവും ഐഡി കാർഡും മോട്ടോർ വാഹന വകുപ്പ് നൽകും. ഡ്രൈവിംഗിൽ കൂടുതൽ പ്രായോഗിക പരിശീലനമായിരിക്കും നൽകുക. ആംബുലൻസ് ദുരുപയോഗം ചെയ്യുന്നത് തടയാൻ തിരിച്ചറിയൽ കാർഡ് സംവിധാനം സഹായിക്കും. ഒപ്പം ഡ്രൈവർമാർക്ക് നേവി ബ്ലൂ ഷർട്ടും ബ്ലാക്ക് പാന്റും അടങ്ങുന്ന യൂണിഫോം ഡ്രസ്സ് കോഡ് ഏർപ്പെടുത്തും.
ആംബുലൻസുകളിൽ ലോഗ് ബുക്ക് ഉറപ്പാക്കും. വാഹനത്തിന്റെ യാത്രകളും ചെലവഴിച്ചസമയവും ദൂരവുമടക്കമുള്ളവയുടെ കൃത്യമായ വിവരങ്ങൾ തിരിച്ചറിയാൻ സാധിക്കും. ഓരോ ആംബുലൻസിന്റെയും താരിഫ് നിരക്കിന്റെ വിശദാംശങ്ങൾ ആംബുലൻസിന്റെ അകത്ത് എഴുതിയിട്ടുണ്ടാകണം. ഇത് രോഗിയുടെ കൂട്ടിരിപ്പുകാർ കാണുന്ന രീതിയിൽ പോസ്റ്ററായോ നോട്ടീസായോ പതിപ്പിക്കാം. കൂടാതെ രോഗികൾക്കോ കുടുംബങ്ങൾക്കോ ആംബുലൻസ് സൗകര്യവുമായി ബന്ധപ്പെട്ട പരാതികളുണ്ടെങ്കിൽ അറിയിക്കേണ്ട 9188961100 എന്ന നമ്പറിനൊപ്പം പ്രത്യേക വാട്‌സ് ആപ്പ് നമ്പറും താരിഫിനൊപ്പം രേഖപ്പെടുത്തും. പരാതികൾ ഈ നമ്പറുകളിൽ അറിയിക്കാം.