കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂള്‍ ആദ്യ ബാച്ചിന് ലൈസന്‍സ് കൈമാറി

Spread the love

തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ പരിശീലനം ലഭിച്ച ആദ്യ ബാച്ചിലെ 37 പേരിൽ 30 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു. ലൈസൻസ് കരസ്ഥമാക്കിയവർക്ക് 25.09.2024-ൽ ആനയറ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ആസ്ഥാനത്ത് ഗതാഗതമന്ത്രി ശ്രീ. കെ.ബി. ഗണേഷ് കുമാർ ലൈസൻസ് വിതരണം ചെയ്തു. പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ ശാസ്ത്രീയമായി ഡ്രൈവിംഗ് പരിശീലിപ്പിച്ച് ഗുണമേന്മയുള്ള ഡ്രൈവിംഗ് പരിശീലനം നല്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 26ന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചിരുന്നു.
ആദ്യ ഘട്ടത്തിൽ 11 സ്ഥലങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വനിതകൾക്ക് ട്രെയിനിംഗ് നൽകുന്നതിന് പ്രത്യേക പരിശീലനം നേടിയിട്ടുള്ള വനിതാ ഇൻസ്ട്രക്ടമാരെ നിയോഗിച്ചിട്ടുണ്ട്. പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഫീസ് നിരക്കിൽ ഇളവ് അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സ്റ്റാഫ് ട്രയിനിംഗ് കേന്ദ്രത്തിൽ ആരംഭിച്ച ആദ്യ പരിശീലന കേന്ദ്രത്തിൽ വിവിധ വിഭാഗങ്ങളിലായി (HMV, LMV, Two Wheeler) ഇതുവരെ 182 പേർക്ക് പ്രവേശനം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവിംഗ് സ്‌കൂൾ സംരംഭത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിശീലന ഗ്രൗണ്ട് സജ്ജമാക്കുന്നതിനായി MLA ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും പാറശ്ശാല, ആറ്റിങ്ങൽ, ചാത്തന്നൂർ, ചിറ്റൂർ, ചടയമംഗലം, മാവേലിക്കര, വിതുര എന്നിവിടങ്ങളിൽ MLA-മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക ലഭ്യമാക്കുന്നതാണ്.
കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും KSRTC ഡ്രൈവിംഗ് സ്‌കൂളിനായി ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ചുള്ള അംഗീകാരം മോട്ടോർ വാഹനവകുപ്പിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഒരു ഡ്രൈവിങ് സ്‌കൂളിന് 30 ലക്ഷം രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിനായി കെ. എസ്. ആർ.ടി. സി 11 യൂണിറ്റുകളിൽ ഡ്രൈവിങ് സ്‌കൂൾ സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ട്.

സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ, കേരള കെ.എസ്.ആർ.ടി.സിയുമായി ചേർന്ന് 14 ഡിപ്പോകളെ കേന്ദ്രീകരിച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും ജീവനക്കാർക്കും സഹായകരമായ രീതിയിൽ ജെറിയാട്രിക്‌സ് ഉൾപ്പെടെയുള്ള എല്ലാ തരത്തിലുള്ള അത്യാഹിതങ്ങളും കൈകാര്യം ചെയ്യാൻ പ്രാപ്തമായ രീതിയിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റുകൾ ആരംഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുന്നതാണ്.കെ.എസ്..ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ കരിക്കുലത്തിൽ ഫസ്റ്റ് എയ്ഡ് നൽകുന്നതിനുള്ള പരിശീലനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.ആദ്യഘട്ടത്തിൽ തിരുവനന്തപുരം സെൻട്രൽ, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, സുൽത്താൻ ബത്തേരി, കണ്ണൂർ, കാസർകോട്, നെയ്യാറ്റിൻകര, നെടുമങ്ങാട്, തൃശൂർ എന്നീ 14 കെ.എസ്.ആർ.ടി.സി യൂണിറ്റുകളിലാണ് Emergency Medical Care Units ആരംഭിക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *