ഇന്ന് ലോക വിനോദ സഞ്ചാര ദിനം. ടൂറിസവും സമാധാനവും എന്നതാണ് ഈ വർഷത്തെ വിനോദ സഞ്ചാര ദിന സന്ദേശം. മറ്റൊരു നാടിനെയോ സംസ്കാരത്തെയോ അടുത്തറിയാനും അറിവുകളും കച്ചവടച്ചരക്കുകളും പങ്കുവെക്കാനുമെല്ലാം മനുഷ്യർ നടത്തിയ പല യാത്രകളും മനുഷ്യചരിത്രത്തിലെ ഗതി തന്നെ നിർണയിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും പുലരുന്ന, കൂടുതൽ മെച്ചപ്പെട്ട ഒരു ലോകക്രമം രൂപപ്പെടുത്താനും യാത്രകൾക്ക് വലിയ പങ്കുവഹിക്കാനാവും.
വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നാം ഈ വിനോദ സഞ്ചാര ദിനം ആചരിക്കുന്നത്. ഉരുൾപ്പൊട്ടലുണ്ടാക്കിയ ആഘാതം ആ നാടിന്റെ വിനോദ സഞ്ചാര മേഖലയെയും മോശമായി ബാധിച്ചിട്ടുണ്ട്. പുനരധിവാസ പ്രക്രിയയുടെ ഭാഗമായി വയനാട്ടിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കാനും അതുവഴി ടൂറിസം രംഗം ശക്തിപ്പെടുത്താനും പ്രത്യേക ഇടപെടലുകൾ തന്നെ നടത്തിവരികയാണ് എൽഡിഎഫ് സർക്കാർ. ഈ ലോക വിനോദ സഞ്ചാര ദിനത്തിലെ നമ്മളേറ്റെടുക്കുന്ന പ്രധാന കടമകളിലൊന്ന് ദുരന്തബാധിത മേഖലയുടെ പുനർനിർമാണമാകട്ടെ.