12 സ്‌കൂൾ കെട്ടിടങ്ങൾക്ക് തറക്കല്ലിടും.
സംസ്ഥാനത്ത് പുതിയതായി നിർമിച്ച 30 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും 5ന് രാവിലെ 10.30ന് തിരുവനന്തപുരം ശ്രീകാര്യം ജി. എച്ച്. എസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. കിഫ്ബിയുടെ മൂന്നു കോടി രൂപയുടെ ധനസഹായത്തോടെ എട്ട് കെട്ടിടങ്ങളും ഒരു കോടി രൂപ ധനസഹായത്തോടെ 12 സ്‌കൂൾ കെട്ടിടങ്ങളുമാണ് നിർമിച്ചിരിക്കുന്നത്. പ്ളാൻഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ചാണ് 10 കെട്ടിടങ്ങൾ നിർമിച്ചത്. ധനമന്ത്രി കെ. എൻ. ബാലഗോപാൽ, ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ എന്നിവർ മുഖ്യാതിഥികളാകും. മന്ത്രിമാരായ പി. പ്രസാദ്, ഒ. ആർ. കേളു, വി. അബ്ദുറഹിമാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം. പി, എ. എ. റഹീം എം. പി എന്നിവർ വിശിഷ്ടാതിഥികളാകും. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ സ്വാഗതം പറയും. എം. എൽ. എമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.