ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി

Spread the love

കൊച്ചി : ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം ഫിലിപ് ഉള്‍പ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന ഡോ. ഫെലിക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തി. ഇദ്ദേഹത്തെ കൂടാതെ, രണ്ട് മലയാളി ഗവേഷകര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഉഷ്ണകാലത്ത് ദ്രുവമേഖലയിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശാസ്ത്രീയമായി പഠിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയുമായിരുന്നു ഡോ.ഫെലിക്‌സിന്റെ ദൗത്യം. ജെയിന്‍ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി, മറൈന്‍ സയന്‍സ് വിഭാഗം വികസിപ്പിച്ചെടുത്ത എഐ അധിഷ്ഠിത പഠന മാതൃകയാണ് ആര്‍ടിക് പര്യവേഷണത്തിനായി ഉപയോഗിച്ചത്.

നോര്‍വെയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ഗവേഷണകേന്ദ്രമായ ഹിമാദ്രിയിലായിരുന്നു പര്യവേഷണം. 2007 മുതല്‍ രാജ്യം നടത്തിവരുന്ന ഉഷ്ണകാല പര്യവേഷണത്തിന്റെ തുടര്‍ച്ചയായാണ് ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ സംഘം പഠനം നടത്തിയത്. കഴിഞ്ഞ ഡിസംബറില്‍ തുടക്കം കുറിച്ച ആദ്യ ശീതകാല ആര്‍ടിക് പര്യവേഷണത്തിലും കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി പങ്കാളിയായിരുന്നു. കൊച്ചി ക്യാമ്പസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജിപ്‌സണ്‍ ഇടപ്പഴമായിരുന്നു അന്നത്തെ സംഘത്തിലുണ്ടായിരുന്നത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഗോവയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പോളാര്‍ ആന്‍ഡ് ഓഷ്യന്‍ റിസേര്‍ച്ച് വിവിധ സ്‌ക്രീനിങ്ങിന് ശേഷമാണ് സംഘത്തിലേക്ക് വിദഗ്ദ്ധരെ തെരഞ്ഞെടുത്തത്.

30ലേറെ വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന, രണ്ട് യൂണിവേഴ്സിറ്റികള്‍ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി യൂണിവേഴ്സിറ്റി.

vijin vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *