ആളുകൾ ഇ-ഹെൽത്ത് കാർഡ് എടുത്ത് കൂടുതൽ കാര്യക്ഷമവും ശാസ്ത്രീയമായ രീതിയിൽ ആരോഗ്യമേഖലയിലെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ ആരോഗ്യമേഖല ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രം. അഞ്ച് വർഷം മുമ്പുണ്ടായിരുന്ന ആശുപത്രി അല്ല ഇന്നത്. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ രോഗികൾക്കും ലഭിക്കണം. അതിന്റെ ഭാഗമായി നടപ്പാക്കിയ ഇ-ഹെൽത്ത് പദ്ധതിയനുസരിച്ച് വീട്ടിലിരുന്നും ഡോക്ടറുടെ സേവനം ഉറപ്പാക്കാം. വീട്ടിലിരുന്ന് ഓപി ടിക്കറ്റ് ബുക്ക് ചെയ്യൽ, ആവശ്യമുള്ള ഡോക്ടറുടെ അപ്പോയിന്റ്മെന്റ് എടുക്കൽ, അപ്പോയിന്റ്മെന്റ് ലഭിച്ച സമയത്ത് മാത്രം ആശുപത്രിയിൽ പോകൽ, ലാബ് റിസൾട്ട് ഫോണിൽ ലഭിക്കൽ എന്നിവ സാധ്യമാകും. ആശുപത്രിയിൽ അനാവശ്യമായി കാത്തുകെട്ടി കിടക്കുകയോ ലാബ് റിസൾട്ട് വാങ്ങാൻ വീണ്ടും പോകുകയോ വേണ്ട. ഇങ്ങനെ സമയം, അധ്വാനം എന്നിവ ലാഭിക്കുകയും കൂടുതൽ ശാസ്ത്രീയമായും കാര്യക്ഷമതയോടെയും ആരോഗ്യ സേവനം നൽകുന്നതുമായ പദ്ധതിയുമായി എല്ലാ നാട്ടുകാരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മുമ്പ് ചികിത്സിച്ചതിന്റെ വിശദാംശങ്ങൾ രോഗി മറന്നുപോയിരിക്കാമെങ്കിലും ഇ-ഹെൽത്ത് പദ്ധതിയിലെ കേസ് റെക്കോർഡ് എന്ന വിഭാഗത്തിൽ ആ വിവരങ്ങൾ ഭദ്രമായി ഉണ്ടാവും. ഇത് രോഗനിർണയത്തിലും ചികിത്സയിലും ഏറെ പ്രയോജനം ചെയ്യും.
പരിപാടിയിൽ അധ്യക്ഷത വഹിച്ച കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം ഷാജി ഇ-ഹെൽത്ത് പദ്ധതിയിലെ കാർഡ് സ്വീകരിച്ചു ആദ്യ അംഗമായി. ഡെപ്യൂട്ടി ഡിഎംഒ ഡോ. വി ആർ ലതിക മുഖ്യാതിഥിയായി. കാക്കൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നിഷ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി അബ്ദുൾ ഗഫൂർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ സി ഷീബ, സി സി കൃഷ്ണൻ, സിദ്ദിഖ് വാളത്തിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഹരിഹരൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി കെ ഷാജി എന്നിവർ സംബന്ധിച്ചു
കാക്കൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സി പി സജ്ന സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ വി ജിജിത്ത് നന്ദിയും പറഞ്ഞു.