ന്യൂനപക്ഷ കമ്മീഷന്‍ ആലപ്പുഴ സിറ്റിംഗ് നടത്തി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആലപ്പുഴ സിറ്റിംഗ് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ശുശ്രൂഷയെത്തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവവത്തില്‍ കമ്മീഷന്‍ സ്വമേധയാ എടുത്ത കേസില്‍, കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശപ്രകാരം മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് പാനല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായും അമ്പലപ്പുഴ ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജിയിന്മേലുള്ള തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
തലമുറകളായി താമസിച്ച് വരുന്ന പുറമ്പോക്ക് ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി ആറാട്ടുവഴി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍ മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതിക്ക് വിധേയമായി പട്ടയം നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാമെന്ന നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന തോളെല്ല് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികില്‍സാ പിഴവ് ആരോപിച്ച് തിരുവമ്പാടി സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയില്‍, പരാതിയിന്മേലുള്ള വസ്തുത പരിശോധിക്കുന്നതിനും വ്യക്തത വരുത്തുന്നതിനുമായി ആലപ്പുഴ മെഡിക്കല്‍ കോളേജിന് പുറത്തുള്ള വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കമ്മീഷന്റ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. സംഘത്തിന്റെ റിപ്പോര്‍ട്ട് അടുത്ത സിറ്റിങ്ങില്‍ സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.