നിയമസഭ നടക്കരുതെന്ന് ആഗ്രഹിച്ചത് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനായ മുഖ്യമന്ത്രി : വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

Spread the love

നിയമസഭ ബഹിഷ്‌ക്കരിച്ച ശേഷം പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത് (07/10/2024).

നിയമസഭ നടക്കരുതെന്ന് ആഗ്രഹിച്ചത് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യനായ മുഖ്യമന്ത്രി; ചോദ്യങ്ങള്‍ ചോദിക്കാനുള്ള പ്രതിപക്ഷ അവകാശം നിഷേധിച്ചതിനു പിന്നില്‍ സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിന്റെ ഗൂഡാലോചന; പിണറായി വിജയന്‍ മോദിയാകാന്‍ ശ്രമിക്കുന്നു; പ്രതിപക്ഷ നേതാവ് പറഞ്ഞത് രേഖകളില്‍ നിന്നും നീക്കിയ സ്പീക്കര്‍ മുഖ്യമന്ത്രിയുടെയും പാര്‍ലമെന്ററി കാര്യമന്ത്രിയുടെയും സഭ്യേതരമല്ലാത്ത പരാമര്‍ശങ്ങള്‍ നീക്കം ചെയ്തില്ല; മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ട് പ്രതിപക്ഷം പേടിക്കില്ല;നിലവാരമില്ലാത്ത ആളെ കാണണമെങ്കില്‍ മുഖ്യമന്ത്രി കണ്ണാടി നോക്കിയാല്‍ മതി.

………………………………………………………………………………………………….

തിരുവനന്തപുരം : സ്പീക്കറുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്നും ദൗര്‍ഭാഗ്യകരമായ നടപടിയാണ് നിയമസഭയിലുണ്ടായത്. പ്രതിപക്ഷം ജനാധിപത്യപരമായ ആവശ്യമാണ് ഉന്നയിച്ചത്. സ്പീക്കറുടെ ഓഫീസും മുഖ്യമന്ത്രിയുടെ ഓഫീസും ഗൂഡാലോചന നടത്തി രാജ്യ, സംസ്ഥാന താല്‍പര്യങ്ങളെ ബാധിക്കുന്ന 49 ചോദ്യങ്ങള്‍ സഭയില്‍ വരാതിരിക്കുന്നതിനു വേണ്ടി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റി. സ്പീക്കറുടെ പഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ട ഒരാള്‍ നിയമസഭ

സെക്രട്ടേറിയറ്റില്‍ ചെന്നിരുന്നാണ് പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങള്‍ വെട്ടിമാറ്റിയത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശമാണ് ഒരു കാലത്തും ഇല്ലാത്ത നിലയില്‍ പച്ചയായി നിഷേധിക്കപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ ബഹളത്തിനിടെ സ്പീക്കര്‍ പ്രതിപക്ഷ നേതാവിനെ പരാമര്‍ശിച്ച് അനാദരവോടെ സംസാരിച്ചു. ഒരു സ്പീക്കറും ആ കസേരയില്‍ ഇരുന്നു കൊണ്ട് ഇതുപോലെ സംസാരിച്ചിട്ടില്ല. അതില്‍ ഒരു അനൗചിത്യമുണ്ട്. ഇക്കാര്യത്തിലുള്ള പ്രതിഷേധം പ്രതിപക്ഷം സഭയില്‍ രേഖപ്പെടുത്തി.

ഭരണകക്ഷിയുമായി ചേര്‍ന്ന് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ മാറ്റിയതിലുള്ള കുറ്റബോധം കൊണ്ടാണ് സ്പീക്കര്‍ ഇങ്ങനെ ചെയ്യുന്നത്. അപക്വമതിയായാണ് സ്പീക്കര്‍ പെരുമാറിയതെന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പറഞ്ഞത് സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്ത സ്പീക്കര്‍ മുഖ്യമന്ത്രിയും പാര്‍ലമെന്ററി

കാര്യമന്ത്രിയും നടത്തിയ സഭ്യേതരമായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തില്ല. ഞാനും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ സംവാദത്തില്‍ ഞാന്‍ പറഞ്ഞ ഭാഗങ്ങള്‍ സഭാ ടിവിയില്‍ നിന്നും നീക്കം ചെയ്തു. മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യ മന്ത്രിയും പറയുന്നതു മാത്രം സംപ്രേക്ഷണം ചെയ്യാനാണെങ്കില്‍ സഭാ ടി.വി എന്തിനാണ്? മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ നിയമസഭയില്‍ നടത്തിയ സംവാദം പൂര്‍ണമായും പുറത്തു വിടണം. എത്ര ഏകാധിപത്യപരമായ രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പിണറായി വിജയന്‍ നരേന്ദ്ര മോദിയാകാന്‍ ശ്രമിക്കുകയാണ്.

മുഖ്യമന്ത്രി എന്നെ കുറിച്ച് മോശമായി പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വാസിയായ ആളാണെന്നും എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാറുണ്ടെന്നും പറഞ്ഞു. പിണറായി വിജയനെ പോലെ അഴിമതിക്കാരനാകരുതെന്നും അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് ഞാന്‍ താഴ്ന്നു പോകുരുതെന്നുമാണ് പ്രാര്‍ത്ഥിക്കാറുള്ളതെന്നും പറഞ്ഞു. ഈ മറുപടി മുഖ്യമന്ത്രി ചോദിച്ചു വാങ്ങിയതാണ്. പ്രതിപക്ഷം ഉയര്‍ത്തിയ വിഷയം വരും ദിവസങ്ങളിലും ഗൗരവത്തോടെ ചര്‍ച്ച ചെയ്യും. മലപ്പുറം ജില്ല സ്വര്‍ണക്കള്ളക്കടത്ത് നടത്തുന്ന സ്ഥലമാണെന്നും ആ പണം മുഴുവന്‍ രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നും ഈ മുഖ്യമന്ത്രി ഗൂഡാലോചന നടത്തി പി.ആര്‍ ഏജന്‍സികളെ കൊണ്ട് ഡല്‍ഹിയിലെ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മുഖ്യമന്ത്രിക്ക് എതിരെ പാര്‍ട്ടിയിലും പുറത്തും നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ കള്ളക്കടത്ത് സംഘമാണെന്നും പറഞ്ഞു. അങ്ങനെ കള്ളക്കടത്ത് പണം രാജ്യദ്രോഹത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നതെങ്കില്‍ ആരെയെങ്കിലും

ഈ മുഖ്യമന്ത്രിയുടെ പൊലീസ് അറസ്റ്റു ചെയ്‌തോ? ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയാണ് മുഖ്യമന്ത്രി നടപ്പാക്കുന്നത്. സെപ്തംബര്‍ 13-ന് പി.ആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തതിന് പിന്നാലെ സെപ്തംബര്‍ 21- ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലും മലപ്പുറം എന്നു പറഞ്ഞു. എന്നിട്ടാണ് പ്രസ് സെക്രട്ടറി മലപ്പുറത്തെ കുറിച്ച് പറഞ്ഞിട്ടെല്ലെന്നു പറഞ്ഞത്. 29-ന് പി.ആര്‍ ഏജന്‍സി വഴി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലും മലപ്പുറത്തെ കുറിച്ച് മോശമായ പരാമര്‍ശം നടത്തി. കേരളത്തെ കുറിച്ച് മോശമായ ഇമേജ് ദേശീയ തലത്തില്‍ ഉണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. ഒരു പ്രത്യേക വിഭാഗം മാത്രമാണ് കള്ളക്കടത്തും ഹവാലയും നടത്തുന്നതെന്നു വരുത്തി തീര്‍ത്ത് സംഘ്പരിവാര്‍ ചെയ്യുന്നതു പോലെ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് പിണറായി വിജയനും കൂട്ടരും ശ്രമിച്ചത്. അതിനു വേണ്ടിയാണ് പി.ആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയത്. അതിനെ ശക്തിയായി എതിര്‍ക്കും. 13-ന് പി.ആര്‍ ഏജന്‍സി നല്‍കിയതും 21- ന് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും. 29-ന് ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിന്റെ സ്‌ക്രിപ്റ്റും ഒരു സ്ഥലത്ത് തയാറാക്കിയതാണ്. അതിന് പിന്നില്‍ വിഭജനത്തിന്റെ അജണ്ടയാണ്. സംഘ്പരിവാറിന്റെ അതേ വഴിയിലൂടെയാണ് പിണറായി വിജയനും കൂട്ടരും സഞ്ചരിക്കുന്നത്.

സഭ ഇന്ന് നടന്നു പോകരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നു. അദ്ദേഹം പ്രതിരോധത്തില്‍ ആകുമെന്ന് അറിയാം. അദ്ദേഹം പ്രതിരോധത്തില്‍ ആകുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് ചോദ്യം പോലും ഒഴിവാക്കിയത്. മുഖ്യമന്ത്രി ഭീതിയിലാണ്. ജനങ്ങള്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി അപഹാസ്യനായി നില്‍ക്കുകയാണ്. പത്രസമ്മേളനങ്ങളെല്ലാം ഹാസ്യ പരിപാടിയായി മാറി. ചോദ്യങ്ങള്‍ക്ക് ഉത്തരം ഇല്ലാതെ ഹ..ഹ.. ഹ.. എന്ന മറുപടി പറയുന്ന മുഖ്യമന്ത്രിയായി ജനങ്ങള്‍ പരിഹസിക്കുകയാണ്. ഇത് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി. അദ്ദേഹം ആരെയാണ് പേടിപ്പിക്കുന്നത്? പേടിപ്പിക്കാന്‍ വേറെ ആളുകളെ നോക്കിയാല്‍ മതി. മുഖ്യമന്ത്രിയുടെ ഉമ്മാക്കി കണ്ട് പേടിക്കുന്നവരല്ല ഞങ്ങള്‍. സര്‍ക്കാര്‍ ചെയ്യുന്ന ഓരോ കാര്യങ്ങളെയും ചോദ്യം ചെയ്യും. നിയമപരമായ നടപടികളും തേടും. വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല.

പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി തുടര്‍ച്ചയായി നിലവാരമില്ലാത്ത, നിലവാരമില്ലാത്ത എന്ന് എട്ടു തവണ പറഞ്ഞത്. നിലവാരമില്ലാത്ത ആളെ കാണണമെങ്കില്‍ മുഖ്യമന്ത്രി കണ്ണാടി നോക്കിയാല്‍ മതിയെന്നും മറുപടി നല്‍കി. ഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന സ്പീക്കറുമായി സഹകരിക്കാനാകില്ല. ഈ വിഷയം ഇനിയും ഉന്നയിക്കും. പ്രതിപക്ഷ നേതാവ് പറയുന്നത് സഭ ടിവിയില്‍ നിന്ന് ഒഴിവാക്കുകയും മുഖ്യമന്ത്രിയും പാര്‍ലമെന്ററി മന്ത്രിയും പ്രതിപക്ഷ നേതാവിനെ അവഹേളിക്കുന്നത് ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സ്പീക്കറുമായി എങ്ങനെ സഹകരിക്കും.

അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യുന്നതില്‍ നിന്നും പിന്നോട്ട് പോയത് സര്‍ക്കാരാണ്. പ്രതിപക്ഷ നേതാവിന് എതിരായ പരാമര്‍ശം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് സഭയില്‍ ബഹളം നടക്കുമ്പോള്‍ നടപടികളുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശ്രദ്ധക്ഷണിക്കലുകളും സബ്മിഷനുകളും ബില്ലും പരിഗണിച്ചു. എന്നാല്‍ അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യാന്‍ എടുത്തതേയില്ല. സഭ നിര്‍ത്തി വയ്ക്കുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണോ സ്പീക്കര്‍ അത്തരമൊരു നിലപാട് സ്വീകരിച്ചത് എന്ന് വ്യക്തമാക്കണം.

കഴിഞ്ഞ ഒരു മാസത്തില്‍ അധികമായി കേരളം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രതിപക്ഷത്തിന് നിയമസഭയില്‍ അവതരിപ്പിക്കാനുള്ള ആദ്യ അവസരം ചോദ്യോത്തര വേളയാണ്. അതിനെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. അതാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. മലപ്പുറത്തിന് എതിരെ കാമ്പയിന്‍ നടത്തുന്നത് തെറ്റല്ലേ എന്നത് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഒഴിവാക്കിയത്. സ്പീക്കര്‍ സ്വന്തം നിലയ്ക്കല്ല, സര്‍ക്കാരാണ് ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടിയത്. ഒളിച്ചോടിയത് എന്തുകൊണ്ടാണെന്ന് ചോദിച്ചു കൊണ്ടാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്. കേരളത്തിന്റെ പൊതുസമൂഹത്തെ മുഴുവന്‍ വര്‍ഗീയവത്ക്കരിക്കുന്നതിനെ തുടര്‍ന്നും ചോദ്യം ചെയ്യും. ഇന്ത്യയില്‍ ബി.ജെ.പി ചെയ്യുന്ന അതേ കാമ്പയിന്‍ സി.പി.എം കേരളത്തില്‍ നടത്തുന്നതിനെ പ്രതിപക്ഷം ഇനിയും പ്രതിരോധിക്കും.

.

Author

Leave a Reply

Your email address will not be published. Required fields are marked *