തിരുവനന്തപുരം : ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്കു കത്ത് നല്‍കി.
ശബരിമലയില്‍ അശാസ്ത്രീയവും ഭക്തജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തരുത്. സ്‌പോട്ട് ബുക്കിങ് പൂര്‍ണമായും നിര്‍ത്തലാക്കിയത് ഭക്തജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. പ്രത്യേകിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നത്തുന്ന ഭക്തരെ ഏറെ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ്. ഭക്തര്‍ക്ക് സുഗമമായി ദര്‍ശനം നടത്തുന്നതിന് ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണെങ്കിലും ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനു മുമ്പ് ഭക്തരുടെ ആശങ്കകളും അവരുട ആചാരപരമായ വിവിധ പ്രായോഗിക ഘടകങ്ങളും കൂടി സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ട്. ഇതില്‍ 10,000 മുതല്‍ 15,000 വരെ സ്‌പോട്ട് ബുക്കിങ് നിലനിര്‍ത്തണം.
കഴിഞ്ഞ തവണ തീര്‍ഥാടനത്തില്‍ സംഭവിച്ച ഗുരുതരമായ പിഴവുകള്‍ ഒഴിവാക്കുന്നതിന് പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയോഗിക്കണം. പതിനെട്ടാം പടി, സോപാനം എന്നിവിടങ്ങളില്‍ പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കില്‍ മാത്രമേ അതിവേഗത്തില്‍ ദര്‍ശനം നടത്തി പോകാന്‍ സാധിക്കു. മിനിറ്റിന് 80 പേരെങ്കിലും പതിനെട്ടാം പടി കടന്നു പോകണം.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്കു ഏര്‍പ്പെടുത്തിയിരിക്കുന്ന ബസുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് അവസാനിപ്പിക്കണം. കെഎസ്ആര്‍ടിസി കുത്തകയാക്കി വെച്ചിരിക്കുന്ന ഈ റൂട്ടില്‍ ഉയര്‍ന്ന ചാര്‍ജ് അന്യായമാണ്.
സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന അശാസ്ത്രീയവും അപ്രായോഗികവുമായ എല്ലാ പരിഷ്‌കാരങ്ങളും പിന്‍വലിച്ച് ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം – ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.