വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ വികാസത്തിന് അങ്കണവാടി പ്രവേശനം

Spread the love

തിരുവനന്തപുരം : വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നത് അവരുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാന്‍ വളരെ പ്രയോജനകരമാകുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓട്ടിസം, സംസാര-ഭാഷാ വികസന പ്രശ്‌നങ്ങള്‍ മുതലായവ പോലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നേരത്തെ കണ്ടെത്തി വേണ്ട ഇടപെടലുകള്‍ നടത്തുന്നത് അവരുടെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇത്തരം കുട്ടികളെ സാധാരണ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ ഇവര്‍ക്ക് മറ്റ് കുട്ടികള്‍ ചെയ്യുന്ന കാര്യങ്ങള്‍ കാണുന്നതിനും അവ അനുകരിക്കുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും സാധിക്കുമെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.

സിഡിപിഒമാര്‍ക്കും സുപ്പര്‍വൈസര്‍മാര്‍ക്കും ഭിന്നശേഷികള്‍ നേരത്തെ കണ്ടെത്തുന്നതിനുള്ള പരിശീലന പരിപാടികള്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിട്ടുണ്ട്. ഇതുകൂടാതെ ആവശ്യമായ അടിസ്ഥാന സൗകര്യവും അങ്കണവാടി ജീവനക്കാര്‍ക്ക് പരിശീലനും ഉറപ്പാക്കിയാണ് കുട്ടികളെ പ്രവേശിപ്പിക്കുന്നത്. വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ മുഴുവന്‍ സമയവും അങ്കണവാടികളില്‍ ഇരുത്താതെ രണ്ടോ മൂന്നോ മണിക്കൂര്‍ ഇരുത്തിയാലും മതിയാകും. ആവശ്യമെങ്കില്‍ കട്ടികളുടെ സംരക്ഷകരാരെയെങ്കിലും (അമ്മ, അമ്മൂമ്മ തുടങ്ങിയവര്‍) അവിടെ നില്‍ക്കാന്‍ അനുവദിക്കുന്നതാണ്.

ഈ കട്ടികള്‍ സിഡിസി, ഡിഇഐസി, നിഷ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നും ചികിത്സ ലഭിക്കുന്ന കട്ടികളായതിനാല്‍ തന്നെ അവര്‍ക്ക് വേണ്ട തെറാപ്പികള്‍ ആ സ്ഥാപനങ്ങളില്‍ ലഭിക്കുന്നതാണ്. അവിടത്തെ തെറാപ്പിയോടൊപ്പം അങ്കണവാടികളില്‍ നിന്നും സാധാരണ ലഭ്യമാകുന്ന സേവനങ്ങള്‍ കൂടി കുട്ടികള്‍ക്ക് നല്‍കുന്നത് മൂലം കട്ടികളുടെ സാമൂഹിക, ബൗദ്ധിക, മാനസിക വികാസത്തിലും ഭാഷാ വികസനത്തിലും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഏര്‍ളി ഇന്റര്‍വെന്‍ഷന്റെ ഭാഗമായി സിഡിസിയില്‍ നിന്നും തന്നെ രണ്ടു വയസിനും മൂന്ന് വയസിനും ഇടയ്ക്കുള്ള കുട്ടികളെ അങ്കണവാടികളില്‍ കൊണ്ട് പോകാനും നിര്‍ദേശിക്കാറുണ്ട്.

ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികള്‍ കൂടുതലായി അങ്കണവാടികളില്‍ എത്തിച്ചേരുന്ന ഒരു സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹായം കൂടി ഈ വിഷയത്തില്‍ തേടാവുന്നതാണ്.

Author

Leave a Reply

Your email address will not be published. Required fields are marked *