സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം: 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍

Spread the love

ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

തിരുവനന്തപുരം: സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ ബ്ലോക്കുകളിലും ഏറ്റവും അര്‍ഹമായ പട്ടികജാതി, പട്ടികവര്‍ഗ മേഖലകള്‍ തെരഞ്ഞെടുത്ത് അവിടെ ആയുര്‍വേദം ഉള്‍പ്പെടെയുള്ള ഭാരതീയ ചികിത്സാ ശാസ്ത്രങ്ങളുടെയും ഹോമിയോപ്പതിയുടെയും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. ഒരു ബ്ലോക്കില്‍ 4 ക്യാമ്പുകള്‍ ഉണ്ടാകും. സംസ്ഥാനത്താകെ 608 ആയുഷ് മെഡിക്കല്‍ ക്യാമ്പുകളാണ് സംഘടിപ്പിക്കുന്നത്.

ആയുഷ് മെഡിക്കല്‍ ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ 14ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

ഒക്ടോബര്‍ 14ന് ആരംഭിച്ച് ഈ മാസം തന്നെ മുഴുവന്‍ ആയുഷ് മെഡിക്കല്‍ ക്യാമ്പുകളും പൂര്‍ത്തിയാകുംവിധം എല്ലാ സജ്ജീകരണങ്ങളും ആയുഷ് വകുപ്പ്, പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുടെ സഹകരണത്തോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മാതൃ ശിശു ആരോഗ്യമാണ് ഈ ക്യാമ്പുകളുടെ പ്രത്യേക പരിഗണനാ വിഷയം. വിളര്‍ച്ചാ നിവാരണം, ജീവിതശൈലീ രോഗങ്ങള്‍, വയോജനാരോഗ്യം എന്നിവയ്ക്കും ഊന്നല്‍ നല്‍കും. സംസ്ഥാനത്തെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളിലേക്ക് ഈ ക്യാമ്പുകള്‍ ശ്രദ്ധ ചെലുത്തും.

പൂര്‍ണമായും സൗജന്യമായ ഈ മെഡിക്കല്‍ ക്യാമ്പുകളില്‍, പൊതു ആരോഗ്യ പരിശോധനകളും മരുന്ന് വിതരണവും കൂടാതെ, പ്രാഥമിക ലബോറട്ടറി സേവനങ്ങള്‍, ബോധവത്ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം എന്നിവയും ഉണ്ടാകും. ഇതില്‍ പങ്കെടുക്കുന്നവരുടെ തുടര്‍ ചികിത്സകള്‍ വിവിധ ആയുഷ് വകുപ്പിന്റേയും ആരോഗ്യ വകുപ്പിന്റേയും വിവിധ സ്ഥാപനങ്ങളിലൂടെ ഉറപ്പാക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *