പൊലീസ് സേനയുടെ മാനസികാരോഗ്യം പരമപ്രധാനം – ആർ ഇളങ്കോ ഐപിഎസ്

Spread the love

തൃശൂർ : പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന പൊലീസ് സേനയിലെ അംഗങ്ങളെല്ലാം മാനസികാരോഗ്യ പരിചരണത്തിൽ ശ്രദ്ധ പുലർത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ ഐപിഎസ് പറഞ്ഞു. ഇസാഫ് ഫൗണ്ടേഷനും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ തൃശൂർ ഘടകവും ചേർന്ന് ജില്ലയിലെ 23 പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കുവേണ്ടി നടത്തിയ ‘ജോലിസ്ഥലത്തെ മാനസികാരോഗ്യം’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “പൊലീസ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തണം. ആരോഗ്യകരമായ ഉദ്യോഗസ്ഥ ബന്ധം

ഉടലെടുത്താൽ മാത്രമേ പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാൻ സാധിക്കുകയുള്ളു. നിരന്തരമായി ജോലി ചെയ്യാതെ, കൃത്യമായ ഇടവേളകളിൽ അവധിയിൽ പ്രവേശിക്കുകയും കുടുംബങ്ങളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യണം.”- അദ്ദേഹം പറഞ്ഞു.
മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ പിറകെ പോകുന്നത് അമിത വേഗത ഉണ്ടാക്കി അപകടം ക്ഷണിച്ചു വരുത്തുമെന്നും ബദൽ മാർഗങ്ങളിലൂടെ ആ സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ പൊലീസിന് സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസാഫ് ഫൗണ്ടേഷൻ അസോസിയേറ്റ് ഡയറക്ടർ ജോൺ പി ഇഞ്ചക്കലോടി അധ്യക്ഷത വഹിച്ചു. തൃശൂർ മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സെബിന്ദ്‌ കുമാർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ധന്യ വി.എസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ ആരോഗ്യ സർവകലാശാല റിസർച് ഡീൻ ഡോ. കെ എസ് ഷാജി, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി തൃശൂർ ബ്രാഞ്ച് സെക്രട്ടറി ഡോ. വിജുനാഥ്‌ തിലകൻ, എഎസ്ഐ ഷിജി പി ബി, ഇസാഫ് ഫൗണ്ടേഷൻ സീനിയർ മാനേജർ മെറീന ജോസഫൈൻ തുടങ്ങിയവർ സംസാരിച്ചു.

Photo Caption; ഇസാഫ് ഫൗണ്ടേഷനും ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ‘ജോലിസ്ഥലത്തെ മാനസികാരോഗ്യം’ സെമിനാറിൽ തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ ഇളങ്കോ ഐപിഎസ് സംസാരിക്കുന്നു.

Ajith V Raveendran

 

Author

Leave a Reply

Your email address will not be published. Required fields are marked *