വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ വിജയകരമായി പുരോഗമിക്കുമ്പോൾ വരുമാനത്തിലും വൻ കുതിപ്പ്. 2024 ജൂലൈ 11-ന് ട്രയൽ റൺ ആരംഭിച്ച ശേഷം നികുതി ഇനത്തിൽ ഒക്ടോബർ 1 വരെയുള്ള കണക്ക് എടുക്കുമ്പോൾ 19 കപ്പലുകളിലായി ഇതിനകം 4.7 കോടി രൂപ സർക്കാരിന് നികുതി ഇനത്തിൽ ലഭിച്ചിട്ടുണ്ട്. ഇതുവരെ 26 കപ്പലുകൾ വിഴിഞ്ഞം തുറമുഖത്ത് എത്തിയിട്ടുണ്ട് ബാക്കിയുള്ള കപ്പലുകളിൽ നിന്ന് ലഭിച്ച വരുമാനം കണക്കാക്കി വരുകയാണ്.
വിഴിഞ്ഞം തുറമുഖം വാണിജ്യാടിസ്ഥാനത്തിൽ തുറക്കുന്നതിന് മുമ്പ് ജൂലൈ 11 മുതൽ ഒക്ടോബർ 1 വരെ 19 ഓളം കപ്പലുകൾ തുറമുഖത്ത് എത്തിയ വരുമാനം മാത്രമാണ് 4.7 കോടി രൂപ. 68000-കണ്ടെയ്‌നറുകൾ ആണ് തുറമുഖം ഇതുവരെ കൈകാര്യം ചെയ്തത്. 28 ചരക്കു കപ്പലിൽ നിന്നാണ് ഇത്. പരീക്ഷണ കാലയളവിൽ ദക്ഷിണേന്ത്യയിലെ തുറമുഖങ്ങൾ കൈകാര്യം ചെയ്ത കണ്ടെയ്‌നറുകളുടെ മൊത്തം അളവിന്റെ 10 ശതമാനമാണിത്. പദ്ധതിയിലൂടെ 50 ശതമാനം തദ്ദേശീയർക്ക് തൊഴിൽ ലഭ്യമാക്കുമെന്നായിരുന്നു സർക്കാർ വാഗ്ദാനം ചെയ്തിരുന്നത,് എന്നാൽ ഇതിനോടകം തുറമുഖത്ത് 56 ശതമാനം പേർക്ക് തൊഴിൽ ലഭിച്ചു.
24000 ത്തിലധികം കണ്ടെയ്നറുകൾ (TEU) വഹിക്കാൻ ശേഷിയുള്ളതാണ് വിഴിഞ്ഞം തുറമുഖം. MSC Claude Girardet എന്ന ഭീമൻ കപ്പൽ ദക്ഷിണേഷ്യയിൽ ആദ്യമായാണ് ഒരു തുറമുഖത്ത് ബെർത്ത് ചെയ്യുന്നത്. കൂടാതെ MSC Anna എന്ന കപ്പലിൽ നിന്നും 10,000-ത്തിലധികം കണ്ടെയ്നറുകൾ (TEU) കയറ്റിറക്കുകൾ ചെയ്തതിലൂടെ ഒരു കപ്പലിൽ ഏറ്റവും അധികം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത ഇന്ത്യയിലെ തുറമുഖം എന്ന നേട്ടവും വിഴിഞ്ഞത്തിന് ലഭിച്ചിരുന്നു. ഡിസംബർ മൂന്നിന് കമീഷനിങ് നടത്തി തുറമുഖം സമ്പൂർണ വാണിജ്യ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പുകളിലാണ്.
ട്രയൽ റൺ തുടങ്ങി രണ്ട് മാസത്തിനുള്ളിൽ തന്നെ ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങിന്റെ കീഴിലുള്ള മെർക്കന്റയിൽ മറൈൻ ഡിപ്പാർട്ട്‌മെന്റിൽ നിന്നും തുറമുഖ സുരക്ഷിതത്വത്തിനും സൗകര്യങ്ങൾക്കുമുള്ള ഐഎസ്പിഎസ് കോഡ് അംഗീകാരം 2029 വരെ ലഭിച്ചിരുന്നു. നിലവിൽ ട്രാൻസ്ഷിപ്‌മെന്റാണ് തുറമുഖത്ത് നടക്കുന്നത്. മദർഷിപ്പുകളിൽ നിന്ന് കണ്ടെയ്‌നർ ഇറക്കി ചെറുകപ്പലുകൾ എത്തി മറ്റു തുറമുഖങ്ങളിലേക്ക് ഇവ കൊണ്ടുപോകുന്നു. ട്രയൽ റൺ കാലയളവിൽ തന്നെ തുറമുഖത്തിന് കപ്പലുകളും ട്രാൻസ്ഷിപ്പ് കണ്ടെയ്‌നറുകളും കൈകാര്യം ചെയ്യാൻ തുടങ്ങിയെങ്കിലും അപ്രോച്ച് റോഡ, റെയിൽ കണക്ടിവിറ്റി അടക്കം ചില പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതോടെയാകും സമ്പൂർണ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുറമുഖം തയാറാകുക. 2028ൽ ആകും തുറമുഖത്തിന്റെ രണ്ടാംഘട്ടം പൂർത്തിയാക്കുക. ഇതിനോട് അനുബന്ധിച്ച് ലോജിസ്റ്റിക് പാർക്കും സർക്കാർ സജ്ജമാക്കും.