മുംബൈ : മഹാവികാസ് അഘാഡിയില്‍ സീറ്റ് പങ്കു വെയ്ക്കലുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നു മഹാരാഷ്ട്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മുംബൈയില്‍ ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയുടെ പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ധവ് താക്കറെ ആശുപത്രി വാസത്തിനു ശേഷം വിശ്രമത്തിലാണ്. അദ്ദേഹത്തെ കാണാനാണ് വീട്ടിലെത്തിയത്. അദ്ദേഹം ആരോഗ്യത്തോടെ ഇരിക്കുന്നു. മഹാവികാസ് അഘാഡിയും ആരോഗ്യത്തോടെയിരിക്കുന്നു.
സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പഠോളെ, ശിവസേനാ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്ത്, എന്‍സിപി അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍ എന്നിവരടങ്ങുന്ന സംഘം സീറ്റ് ചര്‍ച്ച തുടരുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
മഹാവികാസ് അഘാഡി മഹാരാഷ്ട്രയുടെ ഗ്രാമഗ്രാമാന്തരങ്ങളിലും നഗരപ്രദേശങ്ങളിലും ഒറ്റക്കെട്ടായി തന്നെ മുന്നോട്ടു പോകുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാരിനോടുള്ള രോഷം തിളച്ചു മറിയുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പ്രഖ്യാപിക്കുന്ന ഗിമ്മിക്കുകള്‍ക്കൊന്നും ജനരോഷം തടയാനാവില്ല. ക്രമസമാധാനം ആകെ തകര്‍ന്നിരിക്കുന്നു. മുന്‍മന്ത്രിയുടെ ജീവനു പോലും സംരക്ഷണം ഇല്ലാത്ത അവസ്ഥയാണ്. സെക്രട്ടേറിയറ്റില്‍ പോലും ക്രിമിനലുകള്‍ അഴിഞ്ഞാടുന്ന അവസ്ഥ. ജനം പൊറുതിമുട്ടിയിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അവര്‍ അവരുടെ വികാരം പ്രകടിപ്പിക്കും – ചെന്നിത്തല പറഞ്ഞു.