സര്‍വ്വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യുവിന്റെ ഉജ്വല മുന്നേറ്റം പിണറായി സര്‍ക്കാരിനെതിരേയുള്ള യുവമനസുകളുടെ ശക്തമായ താക്കീതാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി
എസ്എഫ്‌ഐ ഇത്രയും കാലം ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ കാമ്പസുകളില്‍ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും നീലപ്പതാക പാറുകയാണ്. പിണറായി സര്‍ക്കാരിനെതിരായ രോഷം എത്രത്തോളം വലുതാണെന്നതിനുള്ള വ്യക്തമായ സൂചനയാണ് സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് ഫലം. അക്രമത്തിന്റെ പാതയിലൂടെ ഇത്രയും കാലം ഇടതുവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കയ്യടക്കിവെച്ചിരുന്ന അപ്രമാദിത്യമാണ് അവസാനിക്കപ്പെടുന്നത്.
കാലിക്കറ്റ്, കണ്ണൂര്‍,എംജി,കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിന്‍ തിരഞ്ഞെടുപ്പുകളില്‍ കെ.എസ്.യു മുന്നണിയാണ് ഉജ്വല വിജയം നേടിയത്. വര്‍ഷങ്ങളായി എസ്എഫ് ഐ വിജയിച്ച് കൊണ്ടിരുന്ന പല കോളേജുകളും ഇത്തവണ കെ.എസ്.യു തിരികെ പിടിച്ചു. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള 19 കോളേജുകളാണ് ഇത്തവ കെ.എസ്.യു തിരിച്ചുപിടിച്ചത്. കണ്ണൂരില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നടന്ന കോളേജ് തിരഞ്ഞെടുപ്പുകളിലും ഇടതുവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ദയനീയമായി പരാജയപ്പെട്ടത്. കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളേജ് പത്ത് വര്‍ഷത്തിന് ശേഷമാണ് കെ.എസ്.യു തിരിച്ചുപിടിച്ചത്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ മത്സരിച്ച 46 സീറ്റില്‍ 31 ലും വിജയിച്ചാണ് കെഎസ് യു മുന്നേറ്റം നടത്തിയത്.
കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു-എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് 35 വര്‍ഷത്തിനും തൃശ്ശുരില്‍ പെരുവല്ലൂര്‍ മദര്‍ ആര്‍ട്‌സ് അന്റ് സയന്‍സ് കോളേജ് പന്ത്രണ്ട് വര്‍ഷത്തിനും മാത്തറ പികെ കോളേജ് പത്തുവര്‍ഷത്തിനും ശേഷമാണ് കെ.എസ്.യു തിരിച്ചുപിടിച്ചത്. കോടഞ്ചേരി സര്‍ക്കാര്‍ കോളേജ്, മാത്തറ പി.കെ.കോളേജ്,പാവറട്ടി സെയ്ന്റ് ജോസഫ് കോളേജ്, കൊടുവള്ളി കോളേജ് എന്നിവയും കെ.എസ്.യു തിരിച്ചുപിടിച്ചു
കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും കെഎസ്‌യുവിന് മികച്ച പ്രകടനം കാഴ്ചവെക്കാനായി. കൊല്ലം ഫാത്തിമ മാതാ കോളേജ് 13 വര്‍ഷത്തിന് ശേഷം കെ.എസ്.യു യൂണിയന്‍ വിജയിച്ചു.ആലപ്പുഴ എസ്ഡി കോളേജില്‍ 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചെയര്‍മാന്‍,യുസിസി സ്ഥാനങ്ങള്‍ കെ.എസ് യു നേടിയത്.
അധികാരത്തിന്റെയും കയ്യൂക്കിന്റെയും ബലത്തില്‍ എസ്എഫ് ഐ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ട കലാലയങ്ങളില്‍ ജനാധിപത്യത്തിന്റെ നീലവസന്തം കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ പുനഃസ്ഥാപിക്കപ്പെടുന്ന മനോഹരകാഴ്ച കൂടിയാണിത്. സിപിഎമ്മിന്റെയും എസ്എഫ് ഐയുടെയും അക്രമരാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ശക്തമായ വിദ്യാര്‍ത്ഥി സംഘടനയായി കെ.എസ്.യുമാറി. ഭീഷണികളെയും വെല്ലുവിളികളെയും അതിജീവിച്ച് അരാജകത്വവാദികളായ എസ്.എഫ്.ഐയെ പടിക്ക് പുറത്താക്കിയ കെ.എസ്.യുവിന്റെ മിടുക്കരായ പോരാളികളെ പ്രത്യേകം അഭിനന്ദിക്കുന്നുയെന്നും കെ.സുധാകരന്‍ പറഞ്ഞു.