എന്റെ ഭൂമി സംയോജിത പോർട്ടൽ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

Spread the love

രാജ്യത്തെ ആദ്യ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം.

‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ദൗത്യപ്രഖ്യാപനത്തിന്റെ ഭാഗമായി കേരള സർക്കാർ ആരംഭിച്ച എന്റെ ഭൂമി സംയോജിത പോർട്ടലിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 22 വൈകുന്നേരം 6.00 മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. റവന്യൂ, രജിസ്ട്രേഷൻ, സർവെ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന എന്റെ ഭൂമി സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനത്തിലൂടെ രാജ്യത്തെ ആദ്യത്തെ സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനമാണ് യാഥാർത്ഥ്യമാകുന്നത്.

ഭൂമിയുടെ കൈമാറ്റം, ഭൂമി രജിസ്റ്റർ ചെയ്യുന്നതിനുള്ള ടെംപ്ലേറ്റ് സംവിധാനം, പ്രീ മ്യൂട്ടേഷൻ സ്‌കെച്ച്, ബാധ്യതാ സർട്ടിഫിക്കറ്റ്, ഭൂമി നികുതി അടവ്, ന്യായവില നിർണയം, ഓട്ടോ മ്യൂട്ടേഷൻ, ലൊക്കേഷൻ സ്‌കെച്ച്, ഭൂമിയുടെ തരംമാറ്റം തുടങ്ങി നിരവധി സേവനങ്ങൾ എന്റെ ഭൂമി പോർട്ടൽ വഴി ലഭിക്കും. വിവിധ ഓഫീസുകൾ സന്ദർശിക്കാതെ ഭൂമി ഇടപാടുകളിൽ കാര്യക്ഷമതയും വേഗതയും വർദ്ധിപ്പിക്കാനാകും. സേവന ലഭ്യതയ്ക്ക് സുതാര്യതയും സുരക്ഷയും ഉറപ്പാകുന്നതോടെ ഭൂരേഖകൾക്ക് ആധുനിക സാങ്കേതിക വിദ്യകളുടെ പൂർണ്ണ സംരക്ഷണം ലഭിക്കും.

കാസർഗോഡ് ജില്ലയിലെ ഉജ്ജാർ ഉൾവാർ വില്ലേജിൽ തുടക്കം കുറിക്കുന്ന എന്റെ ഭൂമി പോർട്ടൽ മൂന്ന് മാസത്തിനകം ഡിജിറ്റൽ സർവെ പൂർത്തിയായ 212 വില്ലേജുകളിലും ലഭ്യമാകും. ഭൂരേഖാവിവരങ്ങളുടെ നിരന്തരവും കൃത്യവുമായ പുതുക്കലുകളിലൂടെ ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം ഭൂരേഖാ പരിപാലനത്തെ സമഗ്രമായി മാറ്റും. എന്റെ ഭൂമി ഡിജിറ്റൽ ലാൻഡ് സർവെ പദ്ധതിയിലൂടെ 212 വില്ലേജുകളിലെ 35.2 ലക്ഷം പാർസലുകളിലായി 4.8 ലക്ഷം ഹെക്ടർ ഭൂമിയുടെ സർവെ ഇതിനോടകം പൂർത്തിയായി.

ചടങ്ങിൽ റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പദ്ധതി വിശദീകരിക്കും. വിവിധ വകുപ്പു മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *