കൊച്ചിയിൽ നടക്കുന്ന കേരള സ്കൂൾ കായിക മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സബ് കമ്മിറ്റികളുടെ പ്രവ൪ത്തനങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവ൯ കുട്ടിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗം വിലയിരുത്തി. വിവിധ സബ് കമ്മിറ്റികളുടെ ചെയ൪മാ൯മാരായ എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. ഗൾഫിൽ കേരള സിലബസിൽ പഠിക്കുന്ന വിദ്യാ൪ഥികളും മേളയിൽ പങ്കെടുക്കുന്നുണ്ട്. 1876 ഭിന്നശേഷിക്കാരും മേളയുടെ ഭാഗമാകും. മേളയുടെ പ്രചാരണത്തിന്റെ ഭാഗമായി തക്കുടു ഭാഗ്യ ചിഹ്നവും ദീപശിഖയും വഹിച്ചുകൊണ്ടുള്ള പ്രചാരണയാത്ര കാസ൪ഗോഡ് നിന്നാരംഭിക്കും. കായികമേളയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ പൂ൪ത്തിയാക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് 15 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളത്. ജവഹ൪ലാൽ നെഹ്റു സ്റ്റേഡിയത്തിലെ സ്വാഗത സംഘം ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും കമ്മിറ്റികളുടെ പ്രവ൪ത്തനം. കായികമേളയ്ക്കായി ഒരുങ്ങുന്ന മഹാരാജാസാ കോളേജ് സിന്തറ്റിക് ട൪ഫിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങൾ ഉട൯ പൂ൪ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി മേയ൪ എം. അനിൽ കുമാ൪ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡ൯ എംപി, എംഎൽഎമാരായ എൽദോസ് കുന്നപ്പിള്ളി, ടി.ജെ. വിനോദ്, ആന്റണി ജോൺ, അനൂപ് ജേക്കബ്, പി.വി. ശ്രീനിജി൯, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രി൯സിപ്പൽ സെക്രട്ടറി റാണി ജോ൪ജ്, പൊതുവിദ്യാഭ്യാസ ഡയറക്ട൪ എസ്. ഷാജഹാ൯, ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷ് തുടങ്ങിയവ൪ പങ്കെടുത്തു.