ആധുനിക മ്യൂസിയം സങ്കൽപ്പങ്ങൾക്കനുസരിച്ച് കഥപറയും മാതൃകയിൽ തീമാറ്റിക് രീതിയിലാണ് സംസ്ഥാനത്ത് മ്യൂസിയങ്ങൾ സജ്ജമാക്കുന്നതെന്ന് പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ഇത്തരത്തിൽ കഴിഞ്ഞ 8 വർഷങ്ങളിലായി നിരവധി മ്യൂസിയങ്ങളാണ് വിവിധ വകുപ്പുകളുടെ കീഴിൽ യാഥാർത്ഥ്യമാക്കിയതെന്നും മന്ത്രി പറഞ്ഞു. മ്യൂസിയം ശ്രീ ചിത്രാ ആർട്ട് ഗ്യാലറി പൈതൃക മന്ദിരത്തിൽ നിർമ്മിച്ച ആമുഖ ഗ്യാലറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മ്യൂസിയം വകുപ്പും ഈ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രങ്ങളാണ് തിരുവനന്തപുരത്തെ നവീകരിച്ച നാച്വറൽ ഹിസ്റ്ററി മ്യൂസിയവും രാജാ രവിവർമ്മ ആർട്ട് ഗാലറിയും. രവിവർമ്മ ചിത്രങ്ങൾക്കും രവിവർമ്മ സ്‌കൂൾ ഓഫ് ആർട്ടിലെ മറ്റ് കലാകാരൻമാരുടെ ചിത്രങ്ങൾക്കും മാത്രമായി ഒരു ഗ്യാലറി സ്ഥാപിക്കുകയെന്ന ദീർഘകാല സ്വപ്നമാണ് രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിലൂടെ യാഥാർത്ഥ്യമായത്. വിശ്വോത്തര കലാകാരന് ജന്മനാട്ടിൽ ഒരു സ്മാരകമെന്നതും കണക്കിലെടുത്താണ് ഗ്യാലറിക്ക് തുടക്കം കുറിച്ചത്. ഗ്യാലറിയിലെ ചിത്രങ്ങളെക്കുറിച്ചും സമകാലിക കലയെക്കുറിച്ചും പഠനങ്ങൾ നടത്തുന്നതിനും വിവരണങ്ങൾ ലഭ്യമാക്കുന്നതിനുമാണ് ലൈബ്രറിയോടുകൂടിയ ആമുഖ ഗ്യാലറി ഒരുക്കിയതെന്ന് മന്ത്രി പറഞ്ഞു.
വാർഡ് കൗൺസിലർ പാളയം രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക-ആരോഗ്യ വകുപ്പ് അഡീണൽ ചീഫ് സെക്രട്ടറി ഡോ.രാജൻ എൻ ഖൊബ്രഗഡെ, രാമവർമ, കേരള ചരിത്ര പൈതൃക മ്യൂസിയം ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പാർവ്വതി എസ്, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ ഇൻ ചാർജ് മഞ്ജുളാദേവി തുടങ്ങിയവർ സംബന്ധിച്ചു.