കൈരളി ഗവേഷക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Spread the love

ഗവേഷണ രംഗത്തെ കേരളീയരായ പ്രഗത്ഭരെ ആദരിക്കുന്നതിനു സംസ്ഥാന സർക്കാർ നൽകുന്ന കൈരളി ഗവേഷക പുരസ്‌കാരങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പ്രൊഫ. ചാത്തനാത്ത് അച്യുതനുണ്ണിയും ശാസ്ത്ര മേഖലയിൽ പ്രൊഫ. പി.പി.ദിവാകരനും സോഷ്യൽ സയൻസ് വിഭാഗത്തിൽ പ്രൊഫ. കെ.പി.മോഹനനും സമഗ്ര സംഭാവനക്കുള്ള കൈരളി ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് അർഹരായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം.

ഗവേഷകരായ അധ്യാപകർക്കുള്ള കൈരളി ഗവേഷണ പുരസ്‌കാരത്തിന് ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ ഡോ.രാകേഷ് ആർ., ബയോളജിക്കൽ സയൻസ് വിഭാഗത്തിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഡോ.ടി.എസ്.പ്രീത, കെമിക്കൽ സയൻസ് വിഭാഗത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെ അനസ് എസ്., ഫിസിക്കൽ സയൻസ് വിഭാഗത്തിൽ കേരള സർവകലാശാലയിലെ ഡോ. സുബോധ് ജി., സോഷ്യൽ സയൻസ് വിഭാഗത്തിൽ കൊച്ചിൻ സർവകലാശാലയിലെ ഡോ. സംഗീത കെ. പ്രതാപ് എന്നിവർ പുരസ്‌കാരത്തിനർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. രണ്ട് വർഷത്തേക്ക് റിസർച്ച് ഗ്രാന്റായി 24 ലക്ഷം രൂപക്ക് വരെ ജേതാക്കൾക്ക് അർഹതയുണ്ടാകും.
ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മുൻ ഡയറക്ടർ പി. ബലറാം, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ വൈസ് ചെയർമാർ ഡോ. പ്രഭാത് പട്‌നായിക്, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയററ്റിക്കൽ കെമിസ്ട്രി പ്രൊഫസർ ഡോ. ഇ.ഡി. ജെമ്മീസ്, കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കവി പ്രൊഫ. കെ. സച്ചിദാനന്ദൻ എന്നിവരുൾപ്പെട്ട സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

Author

Leave a Reply

Your email address will not be published. Required fields are marked *