പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡല്‍ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയ നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ഹോക്കി താരം പി ആര്‍ ശ്രീജേഷിനെ ആദരിച്ചു. കഴിഞ്ഞ തവണത്തേതു പോലെതന്നെ ഇത്തവണയും വെങ്കലം നേടിക്കൊണ്ടാണ് ശ്രീജേഷ് ഒളിമ്പിക്സില്‍ നിന്ന് മടങ്ങിയിരിക്കുന്നത്.
ഹോക്കിയില്‍ ലോകത്തെ പ്രമുഖ കായികശക്തിയാണ് ഇന്ത്യ. എണ്‍പതുകള്‍ വരെ എതിരാളികളില്ലാത്ത മുന്നേറ്റമാണ് അന്താരാഷ്ട്ര ഹോക്കിയില്‍ ഇന്ത്യ
നടത്തിയിട്ടുള്ളത്. പിന്നീട് പ്രതാപം മങ്ങിയ ഇന്ത്യന്‍ ഹോക്കി 2020 ഒളിമ്പിക്സിലെ മെഡല്‍ നേട്ടത്തിലൂടെയാണ് ഒരു തിരിച്ചുവരവ് നടത്തിയത്. ഇത്തവണത്തെ മെഡല്‍ നേട്ടത്തിലൂടെ നമ്മുടെ കരുത്ത് ഒരിക്കല്‍ക്കൂടി നമ്മള്‍ തെളിയിച്ചിരിക്കുകയാണ്. ഈ തിരിച്ചുവരവില്‍ അതിനിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീജേഷ്. ഇത്തവണ ഒളിമ്പിക്സില്‍ അദ്ദേഹം നടത്തിയ പ്രകടനം തന്നെയാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. ടീം പ്രതിസന്ധിയിലായ അവസരങ്ങളില്‍ ഗംഭീര പ്രകടനത്തിലുടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങള്‍ക്ക് വലിയ പ്രചോദനമാകാനും ശ്രീജേഷിനു കഴിഞ്ഞു. ഈ മികവു കൊണ്ടു തന്നെയാണ് 18 വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിലെ പ്രധാന കളിക്കാരനായി നിലനില്‍ക്കാന്‍ അദ്ദേഹത്തിനു സാധിച്ചത്.
ഇന്ത്യന്‍ ഹോക്കിയിലെ തന്നെ എക്കാലത്തെയും മികച്ച ഗോള്‍കീപ്പറാണ് ശ്രീജേഷ് എന്നതാണ് അദ്ദേഹത്തിന്റെ മഹത്വത്തെ കൂടുതല്‍ ഔന്നത്യത്തിലേക്കു
നയിക്കുന്നത്. അര്‍പ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവും ആണ് ഈ നേട്ടത്തിന് പിന്‍ബലമായത്. അക്കാര്യത്തില്‍ ഏതൊരു കായികതാരത്തിനും മാതൃകയാകാന്‍ കഴിയുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത് .
ഒളിമ്പിക്സ് മെഡല്‍ നേട്ടത്തിനു ശേഷം ശ്രീജേഷ് തന്‍റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചു എന്നത് നമുക്കെല്ലാവര്‍ക്കും അറിയാം. ഒളിമ്പിക്സില്‍ നടത്തിയ പ്രകടനം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തിന് ഇനിയും ഏറെ നാള്‍ നല്ല നിലവാരത്തില്‍ കളിക്കാന്‍ കഴിയും എന്നുറപ്പായിരുന്നു. എന്നാല്‍, ഇതാണ് വിരമിക്കലിന് ഉചിതമായ സമയം എന്ന് ശ്രീജേഷ് തീരുമാനിക്കുകയായിരുന്നു. വിരമിക്കല്‍ പ്രഖ്യാപനത്തിനു പിന്നാലെ ദേശീയ ജൂനിയര്‍ ടീമിന്റെ പരിശീലകനായി ശ്രീജേഷിനെ നിയമിച്ചത് ഏറ്റവും ഉചിതമായ തീരുമാനമാണ്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും പ്രാപ്തിയും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീരുമാനമാണത്. അതും ആ കഴിവിനുള്ള വലിയൊരു അംഗീകാരമാണ്. അദ്ദേഹത്തിന്റെ സേവനം തുടര്‍ന്നും രാജ്യത്തിന്റെ ഹോക്കി മേഖലയ്ക്ക് ഉണ്ടാകും എന്നത് സന്തോഷകരമാണ്.