രാജ്യത്ത് ആദ്യമായി ആന്റി ബയോഗ്രാം മൂന്നാം തവണയും പുറത്തിറക്കി.
തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെയാണ് മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. 2022ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് രാജ്യത്ത് ആദ്യമായി 2021ലെ ആന്റി ബയോഗ്രാം പുറത്തിറക്കുന്നത്. ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് കേരളം ചിട്ടയായ പ്രവര്‍ത്തനങ്ങളോടെ ആന്റിബയോഗ്രാം പുറത്തിറക്കുന്നത്. ലോക ആന്റിബയോട്ടിക് അവബോധ വാരാചരണത്തിന്റെ ഭാഗമായി ബഹുഭൂരിപക്ഷം പഞ്ചായത്തുകളിലുള്‍പ്പെടെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. വീടുകളില്‍ എത്തിയുള്ള ബോധവത്ക്കരണ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് പങ്കാളിയായി.
കാര്‍സ്‌നെറ്റ് ശൃംഖലയില്‍ ഉള്‍പ്പെട്ട ത്രിതീയ ആരോഗ്യ കേന്ദ്രങ്ങളുടേതാണ് ഈ റിപ്പോര്‍ട്ട്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മനസിലാക്കാനും അതിലൂടെ കര്‍മ്മപദ്ധതി ആവിഷ്‌ക്കരിച്ച് അത് കുറയ്ക്കാനും ആന്റിബയോഗ്രാം റിപ്പോര്‍ട്ടിലൂടെ സാധിക്കുന്നു. സംസ്ഥാന ആന്റി ബയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് തോത് വലിയ ഭീഷണിയായി തന്നെ നിലനില്‍ക്കുന്നതായാണ് കാണുന്നത്.
കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ (കാര്‍സാപ്), കേരള ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ് വര്‍ക്ക് (കാര്‍സ് നെറ്റ്) എന്നിവ രൂപീകരിച്ചാണ് എഎംആര്‍ പ്രതിരോധം ശക്തമാക്കിയത്. എഎംആര്‍ പ്രതിരോധം വിലയിരുത്തുന്നതിന് 9 ജില്ലകളിലെ 21 ലാബുകളില്‍ നിന്നും 13 ജില്ലകളിളെ 51 ലാബുകളായി, ലബോറട്ടറികളുടെ ശൃംഖല ഘട്ടം ഘട്ടമായി വികസിച്ചു. ആന്റിമൈക്രോബിയല്‍ ഡാറ്റയുടെ ശേഖരണത്തിനും വിശകലനത്തിനും ഡബ്ല്യുഎച്ച്ഒ നെറ്റ് (WHONET) സോഫ്റ്റ് വെയറാണ് ഉപയോഗിക്കുന്നത്.
2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള എഎംആര്‍ ഡേറ്റയാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഈ കാലയളവില്‍ 11 ജില്ലകളില്‍ നിന്നുള്ള 34 നിരീക്ഷണ ലബോറട്ടറികളാണ് ഡേറ്റ സമര്‍പ്പിച്ചത്. 45,397 മുന്‍ഗണനാ രോഗകാരികളുടെ ആന്റിമൈക്രോബയല്‍ സസെപ്റ്റിബിലിറ്റി (എ.എസ്.ടി.) സംവേദ്യത ഡേറ്റയും ഈ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പ്രാഥമിക തലത്തിലും ദ്വിതീയ തലത്തിലുമുള്ള ആശുപത്രികളിലെ ആന്റിബയോഗ്രാം തയ്യാറാക്കുന്നതിനായി രാജ്യത്തിലാദ്യമായി ഹബ്ബ് ആന്റ് സ്‌പോക്ക് മോഡല്‍ ഫോര്‍ എഎംആര്‍ സര്‍വൈലന്‍സ് കേരളം ആരംഭിച്ചിരുന്നു. രാജ്യത്ത് കേരളത്തില്‍ മാത്രമേ ഈ നിരീക്ഷണ സംവിധാനമുള്ളൂ. അതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലയിലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി. ജില്ലാതല ആന്റിബയോഗ്രാം അടിസ്ഥാനമാക്കി എറണാകുളം ജില്ലയുടെ ആന്റിബയോട്ടിക് മാര്‍ഗരേഖ ഇന്നലെ മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. ശക്തമായ ഹബ്ബ് ആന്റ് സ്‌പോക്ക് എഎംആര്‍ സര്‍വൈലന്‍സിലൂടെ അടുത്ത വര്‍ഷത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കും.
സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരളം പ്രവര്‍ത്തിക്കുന്നത്. എല്ലാ ജില്ലകളിലും ജില്ലാതല ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് കമ്മിറ്റികളും ബ്ലോക്ക് തല കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ ഫലമായി കേരളത്തില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ ഈ വര്‍ഷം കുറവുണ്ടായി. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.