കൊച്ചി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നല്‍കി ഫെഡറല്‍ ബാങ്ക്. ബാങ്കിന്റെ സി എസ് ആര്‍ പദ്ധതികളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷനാണ് മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി ട്രസ്റ്റ് (മൈന്‍ഡ് ട്രസ്റ്റ്) അംഗങ്ങള്‍ക്ക് വീല്‍ചെയറുകള്‍ നല്‍കിയത്.
കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള ഫെഡറല്‍ ടവേഴ്‌സില്‍ നടന്ന ചടങ്ങില്‍ ഗുണഭോക്താക്കള്‍ വീല്‍ചെയര്‍ ഏറ്റുവാങ്ങി. ഒന്നേകാല്‍ ലക്ഷത്തിലധികം വിലവരുന്ന ഇരുപതോളം വീല്‍ചെയറും അനുബന്ധ ഉപകരണങ്ങളുമാണ് നല്‍കിയത്. 4 മണിക്കൂര്‍ ചാര്‍ജിങ്ങിലൂടെ 15 കി.മീ. സഞ്ചരിക്കാന്‍ സാധിക്കും.
ഇന്ത്യയിലെ ആദ്യ വീല്‍ചെയര്‍ ടിവി ആങ്കര്‍ എന്നു പ്രശസ്തയായ വീണ വേണുഗോപാല്‍ ചടങ്ങിന്റെ അവതാരകയായി.
”ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അവരെ മുഖ്യധാരയിലേക്ക് നയിക്കാനുമാണ് ഫെഡറല്‍ ബാങ്ക് ലക്ഷ്യമിടുന്നത്.” ചടങ്ങില്‍ സംസാരിച്ചുകൊണ്ട് ബാങ്കിന്റെ സി എസ് ആര്‍ മേധാവി ഷാജി കെ വി പ്രസ്താവിച്ചു. ”ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഇങ്ങനൊരു ചടങ്ങ് സംഘടിപ്പിച്ചതിലൂടെ മറ്റു സ്ഥാപങ്ങള്‍ക്കു പ്രചോദനമാവുക എന്ന ലക്ഷ്യവും ബാങ്കിനുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാങ്കിന്റെ എറണാകുളം സോണല്‍ മേധാവി രഞ്ജി അലക്‌സ്, എറണാകുളം റീജിയണ്‍ മേധാവി മോഹനദാസ് ടി എസ്, മൈന്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
കേരളത്തിലെ മസ്‌കുലര്‍ ഡിസ്‌ട്രോഫി (എം.ഡി) സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) ബാധിതര്‍ക്ക് വേണ്ടി അതേ രോഗവസ്ഥയിലുള്ളവര്‍ തന്നെ രൂപീകരിച്ച സംഘടനയാണ് മൊബിലിറ്റി ഇന്‍ ഡിസ്‌ട്രോഫി (മൈന്‍ഡ്) ട്രസ്റ്റ്. എം.ഡി, എസ്.എം.എ ഉള്ളവരുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമാക്കിയുള്ള നിരന്തര പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2020-21 ലെ കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച സംഘടനയ്ക്കുള്ള പുരസ്‌കാരം മൈന്‍ഡിന് ലഭിച്ചു.
സി എസ് ആര്‍ പദ്ധതികളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക് രാജ്യത്തൊട്ടാകെ അനേകം പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. പ്രധാനമായും ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നീ മേഖലകളിലാണ് ബാങ്ക് ഊന്നല്‍ നല്‍കുന്നത്. സഞ്ജീവനി- യുണൈറ്റഡ് എഗെന്‍സ്റ്റ് കാന്‍സര്‍, ഫെഡറല്‍ സ്‌കില്‍ അക്കാദമി, ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമോറിയല്‍ സ്‌കോളര്‍ഷിപ്, സ്പീക്ക് ഫോര്‍ ഇന്ത്യ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. ആരോഗ്യപരിരക്ഷാ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും വ്യക്തികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിലും ബാങ്കിനുള്ള പ്രതിജ്ഞാബദ്ധതയാണ് മൈന്‍ഡ് ട്രസ്റ്റിനുള്ള പിന്തുണയിലൂടെ സാക്ഷ്യപ്പെടുത്തുന്നത്.
Photo Caption: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് ഇലക്ട്രോണിക് വീല്‍ചെയറുകള്‍ നൽകുന്നു. സി എസ് ആര്‍ മേധാവി ഷാജി കെ വി, ബാങ്കിന്റെ എറണാകുളം സോണല്‍ മേധാവി രഞ്ജി അലക്‌സ്, എറണാകുളം റീജിയണ്‍ മേധാവി മോഹനദാസ് ടി എസ്, മൈന്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Athulya K R