കൊച്ചി: രാജ്യത്തെ മികച്ച അഡ്വഞ്ചർ ബൈക്ക് റൈഡേഴ്‌സ് മാറ്റുരച്ച നാഷണൽ സൂപ്പർ ക്രോസ് ചാംപ്യൻഷിപ്പിന്റെ എസ്എക്സ് 2 വിഭാഗത്തിൽ ഫോർട്ട് കൊച്ചി സ്വദേശി റയാൻ ഹെയ്‌ഗ് നാഷണൽ ചാംപ്യനായി. ഏലൂരിലെ ഫാക്‌ട് വളപ്പിൽ ഒരുക്കിയ വിശാലമായ സൂപ്പർക്രോസ്സ് ട്രാക്കിലായിരുന്നു ചാംപ്യൻഷിപ്പിന്റെ ഫൈനൽ നടന്നത്. ആദ്യമായാണ് നാഷണൽ സൂപ്പർക്രോസ് ചാംപ്യൻഷിപ്പ് കേരളത്തിൽ നടത്തിയത്. നാസിക്, ഭോപ്പാൽ, പൂനെ, കോയമ്പത്തൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നടന്ന റൗണ്ടുകളിൽ വിജയികളായവരാണ് കൊച്ചിയിലെ ഫൈനലിൽ മാറ്റുരച്ചത്. ചെറുപ്പം മുതൽക്കേ അഡ്വഞ്ചർ ബൈക്ക് റൈഡിങിൽ താൽപര്യമുണ്ടായിരുന്ന റയാൻ ഹെയ്‌ഗിന് മത്സരങ്ങളിൽ പങ്കെടുക്കാനും മറ്റുമായി പിന്തുണ നൽകുന്നത് റേസിംഗ് ബൈക്കുകളുടെ ആക്സസറീസ് നിർമാതാക്കളായ ബാൻഡിഡോസ് ഗ്രൂപ്പിന്റെ മോട്ടോർ സ്പോർട്സ് വിഭാഗമായ ബാൻഡിഡോസ് മോട്ടർസ്പോർട്സാണ്.
അഡ്വഞ്ചർ റേസിംഗ് എന്ന മത്സരയിനം കേരളത്തിൽ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നാഷണൽ സൂപ്പർ ക്രോസ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ കൊച്ചിയിൽ നടത്തിയതെന്ന് ബാൻഡിഡോസ് മോട്ടർസ്പോർട്സിന്റെ സംരംഭകരിൽ ഒരാളായ മുർഷിദ് ബാൻഡിഡോസ് പറഞ്ഞു. ചെറുപ്പക്കാർ ഒരുപാട് പേർ ഇത്തരം അഡ്വഞ്ചർ റേസിംഗിനോട് താത്പര്യമുള്ളവരാണെന്നും, മികച്ച താരങ്ങളെ വാർത്തെടുക്കാൻ ബാൻഡിഡോസ് മോട്ടോർസ്പോർട്സിന്റെ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാംപ്യൻഷിപ്പിന്റെ ഫൈനൽ കൊച്ചിയിൽ സംഘടിപ്പിച്ചതിൽ നിർണായക പങ്ക് വഹിച്ചത് മുർഷിദാണ്. കൊച്ചിയിൽ നടന്ന ഫൈനലിന് സാക്ഷ്യം വഹിച്ചത് 20000ലധികം പേരാണ്. ബാൻഡിഡോസ് മോട്ടർസ്പോർട്സിന്റെയും മോട്ടർ സ്പോർട്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക പ്രമോട്ടറായ ഗോഡ്സ്പീഡിന്റെയും, കെ എം എ യുടെയും സഹകരണത്തോടെയാണ് രാജ്യത്തെ ഒന്നാം നിര റേസിംഗ് ചാംപ്യൻഷിപ്പായ നാഷണൽ സൂപ്പർക്രോസ് ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
Athulya K R