മത്സ്യഫെഡിന്റെ ജില്ലാ ഓഫീസ് കെട്ടിട സമുച്ചയം വളഞ്ഞ വഴിയിൽ മന്ത്രി ഉദ്ഘാടനം ചെയ്തു
കേരളത്തിന്റെ എല്ലാ ഭാഗത്തും ആയിരം സീ ഫുഡ് റസ്റ്റോറന്റുകൾ ആരംഭിക്കുമെന്ന് മത്സ്യബന്ധന – സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളും സംരംഭങ്ങളും ഫിഷറീസ് വകുപ്പ് വ്യാപിപ്പിക്കുകയാണ്. മത്സ്യഫെഡിന് കീഴിലുള്ള സംഘങ്ങളുടെ നിക്ഷേപ സമാഹരണവും ശാക്തീകരണവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.വളഞ്ഞ വഴി പടിഞ്ഞാറ് ഭാഗത്ത് നിർമ്മിച്ച മത്സ്യഫെഡ് ജില്ലാ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ 22000 വീടുകൾ മത്സ്യമേഖലയിൽ നിർമ്മിച്ചു നൽകി. പുനർഹം പദ്ധതിയിലൂടെ 8300 വീടുകൾ നൽകി. തോട്ടപ്പള്ളിയിൽ 204 ഫ്ലാറ്റുകൾ രണ്ടോ മൂന്നോ മാസത്തിനകം കൈമാറുമെന്ന് മന്ത്രി പറഞ്ഞു. 6552 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിച്ച കെട്ടിടത്തിന് ഒരു കോടിയിലധികം രൂപ ചെലവഴിച്ചു. ഇതോടെ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് തീരദേശ റോഡിനോട് ചേർന്ന് തന്നെ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനായി ജില്ലാ ഓഫീസിൽ എത്തിച്ചേരാൻ ആവും. എച്ച് സലാം എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ മണ്ഡലത്തിൽ പുലിമുട്ട് നിർമ്മാണത്തിനായി 107 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. കെട്ടിടസമുച്ചയത്തിലെ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എംഎൽഎ നിർവഹിച്ചു. വ്യാസ സ്റ്റോറും ഓ ബി എം സർവീസ് സെന്ററും കെട്ടിടത്തിൽ പ്രവർത്തിക്കും.
മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി മനോഹരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്‍ശന്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചാത്തംഗം അഡ്വ. പ്രദീപ്തി, മത്സ്യഫെഡ് ഭരണസമിതിയംഗങ്ങളായ പി എസ് ബാബു, മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷന്‍ അംഗമായ സി ഷാംജി, തീരദേശ വികസന കോര്‍പ്പറേഷന്‍ അംഗമായ പി ഐ ഹാരിസ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി സഹദേവന്‍ , ഫിഷറീസ് വകുപ്പ് എ.ഡി.മിയി, മത്സ്യബോർഡ് റിജിയണൽ എക്സിക്യൂട്ടീവ് എ.വി.അനിത, മത്സ്യഫെഡ് ജില്ല മാനേജർ ബി.ഷാനവാസ്, എ.ഓമനക്കുട്ടൻ, എം.റഫീഖ്, വി.സി.മധു, ബിനുപൊന്നപ്പൻ എന്നിവർ സംസാരിച്ചു.