കൊച്ചി സ്മാര്‍ട്ട് സിറ്റിക്കു വേണ്ടി ടീകോമിന് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തു കൊടുത്തപ്പോള്‍ ഒപ്പിട്ട പാട്ടക്കരാറിലെ വ്യവസ്ഥകള്‍ ടീകോം ലംഘിച്ചിരിക്കുന്നതിനാല്‍ സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ യാതൊരു നിയമതടസവുമില്ലെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം വൻ അഴിമതിയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. 99 വര്‍ഷത്തേക്ക് ടീകോമിന് വ്യവസ്ഥകള്‍ക്കു വിധേയമായി ഭൂമി വിട്ടു കൊടുത്തു കൊണ്ടുള്ള കരാര്‍ കാക്കനാട് രജിസ്‌ട്രേഷന്‍ ഓഫീസില്‍ ലഭ്യമാണ്. അത് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.
അതിലെ എല്ലാ വ്യവസ്ഥകളും ടീകോം ലംഘിച്ചിരിക്കുന്നു. വ്യവസായ മന്ത്രി പറഞ്ഞത് ഈ ഭൂമിക്കു വേണ്ടി നിരവധി പേര്‍ കാത്തു നില്‍ക്കുന്നു എന്നാണ്. അങ്ങിനെയെങ്കില്‍ പാട്ടക്കരാര്‍ ലംഘിച്ചതിനും സര്‍ക്കാരുമായുള്ള കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനും ടീകോമിനെ പുറത്താക്കി ഈ ഭൂമി തിരികെ ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് പത്തു മിനിറ്റ് മതി. സമ്പൂര്‍ണമായും നിയമപരമായി തന്നെ ഈ ഭൂമി ഏറ്റെടുക്കാം. തിരിച്ചു പിടിച്ച ഭൂമി എന്തു ചെയ്യണമെന്ന് സംയുക്തമായി ആലോചിച്ചു തീരുമാനിക്കണം.
സ്മാര്‍ട്ട് സിറ്റി കരാര്‍ ലംഘിച്ചാല്‍ അതുമായി ബന്ധപ്പെട്ട പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാരിന് ഏറ്റെടുക്കാനും ആസ്തികള്‍ തിരിച്ചു പിടിക്കാനും നിയമപരമായ അവകാശമുണ്ട്. ഈ രണ്ട് അവകാശവും നിലനില്‍ക്കുമ്പോള്‍ അതുപോയഗിക്കാതെ ടീകോം പോലെ ഒരു ഭീമന് നഷ്ടപരിഹാരം നല്‍കി അവര്‍ ഒഴിവാക്കാന്‍ മന്ത്രിസഭാ തീരുമാനം പുറത്തു വരുന്നത് അഴിമതിയും ദുരൂഹവുമാണ്. ഈ മന്ത്രിസഭാ തീരുമാനം റദ്ദാക്കണം. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് ഭൂമി ഏറ്റെടുക്കണം.
90,000 പേര്‍ക്ക് തൊഴില്‍ നല്‍കാമെന്നു പറഞ്ഞ സ്ഥാപനം 13 വര്‍ഷം കഴിഞ്ഞിട്ടും കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ല. 6000 പേര്‍ക്കു പോലും തൊഴില്‍ നല്‍കിയില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പ് ഇക്കാലമത്രയും ടീകോമിന് ഒരു നോട്ടീസ് പോലും നല്‍കിയില്ല. എന്തുകൊണ്ട് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായില്ല എന്നോ ഐടി കമ്പനികള്‍ എന്തുകൊണ്ട് വരുന്നില്ല എന്നോ അന്വേഷിച്ചിട്ടില്ല.
ഇപ്പോഴിതാ ടീകോം കമ്പനിയുടെ പ്രതിനിധിയായി സർക്കാരുമായുള്ള ചർച്ചകളിൽ പങ്കെടുത്ത ആളെ തന്നെ ആ കമ്പനിക്കു നല്‍കേണ്ട നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റിയുടെ ഭാഗമാക്കിയിരിക്കുന്നു. ഈ ബാജു ജോര്‍ജി ൻ്റെ നിലവിലെ സര്‍ക്കാര്‍ ബന്ധം തന്നെ ദുരൂഹമാണ്. വഴിയോര സംരംഭങ്ങ്ള്‍ തുടങ്ങുന്ന കമ്പനി സര്‍ക്കാര്‍ ആരംഭിച്ച് മൂന്നു വര്‍ഷമായി വന്‍തുക ശമ്പളം നല്‍കി ഇരുത്തിയിരിക്കുകയാണ്. ആകെപ്പാടെ കാസര്‍കോട് മാത്രമാണ് എന്തെങ്കിലും സംരംഭം ആരംഭിച്ചത്. ഈ നഷ്ടപരിഹാര കമ്മിറ്റിയിലും ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത് സ്മാര്‍ട്ട് സിറ്റിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും അഴിമതിക്കു വഴിയൊരുക്കാനുമാണ് – ചെന്നിത്തല പറഞ്ഞു.