വയനാട് പുനരധിവാസം: കര്‍ണ്ണാടക,തെലുങ്കാന സര്‍ക്കാരുകള്‍ സ്വന്തം നിലയക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത അറിയിച്ചെന്ന് കെ.സി.വേണുഗോപാല്‍

Spread the love

വയനാട് പുനരധിവാസത്തിനായി കേരള സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ സ്വന്തം നിലയക്ക് ഭൂമി വാങ്ങി വീടുവെയ്ക്കാനുള്ള സന്നദ്ധത കര്‍ണ്ണാടക,തെലുങ്കാന സര്‍ക്കാരുകള്‍ അറിയിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.കര്‍ണ്ണാടക,തെലുങ്കാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച വീടുകള്‍ക്ക് സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ പോലും കേരള സര്‍ക്കാരിനായിട്ടില്ല. ഇരുസര്‍ക്കാരുകളും നിരന്തരം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും കേരള സര്‍ക്കാര്‍ ഇവരുമായി ആശയവിനിമയം പോലും നടത്തിയില്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വയനാട് പുനരധിവാസത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിക്കരുത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള എംപിമാര്‍ അമിത്ഷായെ കണ്ട് കേന്ദ്ര സഹായം അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ നിലപാടാണ് സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ കാട്ടുന്നത്. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ്(പഡിഎന്‍എ) റിപ്പോര്‍ട്ട് വൈകിയെന്നതിന്റെ പേരില്‍ കേന്ദ്രം സഹായം നിഷേധിക്കുന്നതിനോട് യോജിക്കാവനാവില്ല. മഴക്കെടുതി ദുരിതമനുഭവിക്കുന്ന തമിഴ്‌നാടിന് കേന്ദ്രസര്‍ക്കാര്‍ 944 കോടി നല്‍കിയത് നല്ലകാര്യം തന്നെയാണ്. എന്നാല്‍ വയനാട് ദുരന്തം സംഭവിച്ച് നാലുമാസം പിന്നിട്ടിട്ടും സഹായമില്ല.കേരളത്തിനും അര്‍ഹമായ കേന്ദ്ര സഹായം നല്‍കണം.

പ്രധാനമന്ത്രിയും കേന്ദ്രസംഘവും ദുരന്തസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി മനസിലാക്കിയിട്ടും അടിയന്തര സഹായമായി തുക അനുവദിക്കാത്തത് ശരിയല്ല. ഇത് വയനാടിനെയും അവിടത്തെ ജനങ്ങളെയും ശിക്ഷിക്കുന്നതിന് തുല്യമാണ്. വിശദമായ റിപ്പോര്‍ട്ട് സംസ്ഥാനം സമര്‍പ്പിക്കുന്ന മുറയ്ക്ക് കൂടുതല്‍ പണം അനുവദിച്ചാല്‍ മതിയെങ്കിലും അടിയന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കേന്ദ്രസര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കണം. കേന്ദ്രം സഹായം വൈകുന്നതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറിനില്‍ക്കരുത്. സംസ്ഥാന സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിക്കണം. കേന്ദ്രം ഇതുവരെ അനുവദിച്ച എന്‍ഡിആര്‍എഫ് ഫണ്ടിലുള്ള പണം ഉപയോഗിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്തിനാണ് കാലതാമസം? സംസ്ഥാന സര്‍ക്കാര്‍ കടമ നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിനാലാണ് ഹൈക്കോടതിക്ക് രൂക്ഷമായി വിമര്‍ശിക്കേണ്ടി വന്നത്. ഹൈക്കോടതിയുടെ വിമര്‍ശനം കേരള ജനതയുടെ വിമര്‍ശനമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *