മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനവുമായി ഝാർഖണ്ഡ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഝാർഖണ്ഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന നിലയിലാണ്. നേരത്തെ ഝാർഖണ്ഡ് 153 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു.
ക്യാപ്റ്റൻ ബിശേഷ് ദത്തയും വത്സൽ തിവാരിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് രണ്ടാം ഇന്നിങ്സിൽ ഝാർഖണ്ഡിന് കരുത്തായത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 216 റൺസ് പിറന്നു. ബിശേഷ് ദത്ത 143 റൺസ് നേടിയപ്പോൾ വത്സൽ തിവാരി 92 റൺസെടുത്തു. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ബിശേഷ് ദത്തയുടെ ഇന്നിങ്സ്. ഇരുവരും പുറത്തായതോടെ നാല് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരള ബൌളർമാർ മത്സരത്തിൽ പിടിമുറുക്കി. കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിലാണ് ഝാർഖണ്ഡ്. ഝാർഖണ്ഡിനിപ്പോൾ 175 റൺസിൻ്റെ ലീഡാണുള്ളത്. കേരളത്തിന് വേണ്ടി തോമസ് മാത്യു മൂന്ന് വിക്കറ്റും അഹ്മദ് ഇമ്രാൻ, കാർത്തിക്, അബിൻ ലാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ഫോട്ടോ – 3 വിക്കറ്റ് നേടിയ തോമസ് മാത്യൂ.
PGS Sooraj