മുളയരി കേക്കും കുക്കീസും, വ്യത്യസ്ത വിഭവങ്ങളുമായി വയനാട്ടിലെ കര്‍ഷക സംരംഭകര്‍

Spread the love

കൊച്ചി: ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധേയമായി വയനാടന്‍ കര്‍ഷക സംരംഭകര്‍. മുണ്ടക്കൈ ദുരന്തത്തിന് ശേഷം വയനാട്ടിലെ കാര്‍ഷിക മേഖലയൊന്നാകെ പ്രതിസന്ധിയിലാണ്. പ്രതികൂല സാഹചര്യത്തെ മറികടന്ന് മുളയരി കേക്കും കുക്കീസുമായാണ് ഒരു കൂട്ടം സംരംഭകര്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റിലെത്തിയിരിക്കുന്നത്.

 

വയനാട് ദുരന്തഭൂമിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അപ്പുറത്തുളള തൃക്കൈപ്പറ്റ ഗ്രാമത്തില്‍ നിന്ന് ഏഴ് പേരുടെ കൂട്ടായ്മയാണ് ഇവിടെ എത്തിയിരിക്കുന്നത്. 50 ഓളം കര്‍ഷകരില്‍ നിന്ന് നേരിട്ട് ശേഖരിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ കുക്കീസും കേക്കും ഉണ്ടാക്കുന്നത്. ഇതിനാവശ്യമായ കാന്താരി, ഇഞ്ചി, കുരുമുളക്, കറിവേപ്പില, ചക്ക, നാളികേരം എന്നിവ ഉപയോഗിച്ച് മൈദയോ രാസവസ്തുക്കളോ ചേര്‍ത്താക്കാതെ ഇവ ഉണ്ടാക്കിയെടുക്കുന്നതെന്ന് കാര്‍ഷിക കൂട്ടായ്മയായ ബാസ അഗ്രോ ഫുഡ് പ്രോഡക്ടിന്റെ ഭാരവാഹികള്‍ പറയുന്നു.

നൗബീസ് എന്ന ബ്രാന്‍ഡിലാണ് ഇവ വിപണിയിലിറക്കുന്നത്. നിലവില്‍ ഇവ ഓണ്‍ലൈനിലും ലഭ്യമാണ്. ഉടനെ തന്നെ ആമസോണ്‍ പോലുള്ളവയിലും ഇത് ലഭ്യമായി തുടങ്ങുമെന്ന് സംരഭകര്‍ പറയുന്നു. ഇതാദ്യമാണ് ഇവര്‍ മേളയില്‍ തങ്ങളുടെ ഉല്‍പ്പന്നവുമായി വരുന്നത്. 200 ഗ്രാം കുക്കീസിന് 100 രൂപയാണ് വില. പ്ലം കേക്കിന് 400 രൂപയും. വയനാട്ടിലെ ദുരന്തം നേരിട്ട് ബാധിച്ചില്ലെങ്കില്‍ കൂടി വിപണിയിലെ അവസ്ഥ പ്രതികൂലമാണ്. വിപണി സുസ്ഥിരമാക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങ് നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഈ സംരഭകര്‍ക്കുള്ളത്. ഡിസംബര്‍ 7ന് ആരംഭിച്ച മേള ഡിസംബര്‍ 12ന് അവസാനിക്കും. രാവിലെ 10.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. മേളയില്‍ പ്രവേശനം സൗജന്യമാണ്.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *