ശൈലജക്ക് കരം ഒടുക്കാൻ അനുമതി.
ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്ക് തല അദാലത്ത് മേനംകുളം സ്വദേശിനി ശൈലജക്ക് നൽകിയത് പുതിയ പ്രതീക്ഷകളുടെ കൈത്താങ്ങാണ്. ശൈലജക്ക് സ്വന്തം ഭൂമിയിൽ കരം അടയ്ക്കുന്നതിന് 20 വർഷമാണ് കാത്തിരിക്കേണ്ടി വന്നത്. കൈവശം അനുഭവിച്ചിരുന്ന അഞ്ച് സെന്റ് ഭൂമിയിൽ നിയമപരമായ തടസങ്ങളെ തുടർന്ന് കരം ഒടുക്കാൻ കഴിയാതെ വരികയായിരുന്നു. ശൈലജയുടെ വിഷമത്തിന് അന്തിമ പരിഹാരമായ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈമാറുകയായിരുന്നു.
മേനംകുളം വില്ലേജിൽ ചിറ്റാറ്റുമുക്ക് തുമ്പവിളാകം വീട്ടിൽ 20 വർഷമായി താമസിക്കുകയാണ് ശൈലജയും ഭർത്താവും രണ്ട് മക്കളും അടങ്ങുന്ന കുടുംബം. 2017ൽ പാറ്റൂരിൽ ഉണ്ടായ ടെംബോ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശൈലജ ആറ് മാസക്കാലത്തോളം ആശുപത്രിയിലും, ഇപ്പോൾ തുടർ ചികിത്സയിലുമാണ്. ശൈലജയുടെ ഭർത്താവും വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശതയിലാണ്. ആലുംമുക്ക് ബംഗ്ലാവിൽ ജോസഫ് റിച്ചാർഡിന്റെ പക്കൽ നിന്നാണ് ശൈലജയും ഭർത്താവും അഞ്ച് സെന്റ് വസ്തു വാങ്ങുന്നത്. ചെറിയ ഷെഡുൾപ്പെടുന്ന അഞ്ച് സെന്റ് ഭൂമിയിൽ 20 വർഷമായി താമസിക്കുന്നെങ്കിലും സാങ്കേതിക പ്രശ്നങ്ങള തുടർന്ന് കരം ഒടുക്കാൻ കഴിഞ്ഞിരുന്നില്ല.
എന്നാൽ താലൂക്ക് അദാലത്തിൽ ലഭിച്ച അപേക്ഷയിന്മേൽ, ടി വസ്തുവിൽ മറ്റ് തർക്കങ്ങളൊന്നുമില്ലെന്ന വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോക്ക് വരവ് ചട്ടം 28 പ്രകാരം കരം അടയ്ക്കുന്നതിന് ശൈലജയ്ക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചു. ഇനി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നസാക്ഷാത്കാരത്തിന് തയാറെടുക്കുകയാണ് ശൈലജ.