പ്രതിപക്ഷ നേതാവ് ശബരിമലയില്‍ മാധ്യമങ്ങളോട് പറഞ്ഞത്. (09/12/2024)
പ്രതിപക്ഷ നേതാവ്പുതിയ വഖഫ് ബില്‍ പാസായാലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടൂവെന്ന സംഘ്പരിവാര്‍ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം.
മുസ്ലീംലീഗ് നേതാക്കളുമായി ആലോചിച്ചാണ് മുനമ്പം വിഷയത്തില്‍ യു.ഡി.എഫ് നിലപാട് എടുത്തത്. വിഷയത്തെ മതപരമായ സംഘര്‍ഷമാക്കി മാറ്റാതിരിക്കാനാണ് ശ്രമിച്ചത്. സംഘര്‍ഷമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിച്ചത്. മതപരമായ വിഷയമാക്കി മാറ്റി കേരളത്തില്‍ ക്രൈസ്തവരും മുസ്ലീംകളും തമ്മില്‍ സംഘര്‍ഷത്തിലേക്ക് പേകാന്‍ സാധ്യതയുണ്ടായിരുന്നു. അത് ഇല്ലാതാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ്. തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും എറണാകുളത്ത് എത്തി ബിഷപ്പുമാരെ സന്ദര്‍ശിക്കുകയും മുസ്ലീം സംഘടനകളുടെ യോഗം വിളിക്കുകയും ചെയ്തു. മുനമ്പത്തെ ജനങ്ങള്‍ക്ക് ഭൂമയില്‍ സ്ഥിരമായ അവകാശം നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിനു പകരം നീട്ടിക്കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതുതന്നെയാണ സംഘ്പരിവാറും ആഗ്രഹിക്കുന്നത്. മുനമ്പത്തേത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിനു വേണ്ടിയാണ് വഖഫ് ബില്‍ കൊണ്ടുവരുന്നതെന്നാണ് സംഘ്പരിവാര്‍ പറയുന്നത്. കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും വഖഫ് ബില്ലിനെ ശക്തമായി എതിര്‍ക്കുകയാണ്. വഖഫ് ബില്‍ പാസാക്കുന്ന അവസ്ഥയിലേക്ക് പോകരുത്. തര്‍ക്കങ്ങള്‍ ഉണ്ടാക്കാനോ ബഹളം ഉണ്ടാക്കാനോ ഇല്ല. നിയമപരമായി പ്രശ്‌നങ്ങള്‍ പരിശോധിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കി ഭിന്നിപ്പ് ഉണ്ടാക്കാതിരിക്കാനാണ് ശ്രമിച്ചത്. അല്ലാതെ ഈ വിഷയത്തില്‍ ഒരു വാശിയുമില്ല.
കേരളത്തിന്റെ മനസില്‍ വിള്ളല്‍ വീഴാന്‍ ഇടവരുത്തരുത്. മുനമ്പത്തെ പാവങ്ങളുടെ പ്രശ്‌നമല്ല പലരുടെയും പ്രശ്‌നം. മുനമ്പത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ നെഞ്ചത്തടിച്ച് കരയുകയാണ്. ഒരു പണയം വയ്ക്കാന്‍ പോലും സാധിക്കുന്നില്ല. പണം നല്‍കി വാങ്ങിയ ഭൂമിയിലാണ് 32 വര്‍ഷത്തിനു ശേഷം വിഷയമുണ്ടാകുന്നത്. ആ പാവങ്ങള്‍ക്ക് പൂര്‍ണമായ സംരക്ഷണം നല്‍കണം. ചിലര്‍ ആ പാവങ്ങളെ മുന്നില്‍ നിര്‍ത്തി മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഭിന്നിപ്പ് ഉണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കണം. ചെറിയ കാര്യങ്ങള്‍ പറഞ്ഞ് ഭിന്നിപ്പുണ്ടാക്കരുത്. കോണ്‍ഗ്രസും മുസ്ലീംലീഗും ഒന്നിച്ച് തീരുമാനിച്ച് യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്. ഇതില്‍ വിവാദത്തിന്റെ ആവശ്യമില്ല. നിയമപരമായ എല്ലാ വിഷയങ്ങളും പരിശോധിച്ച ശേഷമാണ് അഭിപ്രായം പറഞ്ഞത്. വഖഫ് ബില്‍ പാസാക്കിയാല്‍ സംഭലില്‍ വരെ പ്രശ്‌നമുണ്ടാകും. അത് എല്ലാവരും മനസിലാക്കണം. പുതിയ വഖഫ് ബില്‍ പാസായാലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടൂവെന്ന സംഘ്പരിവാര്‍ അജണ്ടയിലേക്ക് എല്ലാവരെയും എത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ആ കെണിയില്‍ വീഴാതിരിക്കാന്‍ എല്ലാവരും ശ്രമിക്കണം.
ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകള്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കളാണ്. ഇരുവിഭാഗങ്ങളും ശക്തരായാല്‍ മാത്രമെ ഇരുവര്‍ക്കും നിലനില്‍പ്പുള്ളൂ. പ്രതിപക്ഷ നേതാവെന്ന നിലയില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഉന്നതതല യോഗം വിളിക്കാന്‍ തയാറായത്. കമ്മിഷനെ നിയോഗിച്ച സര്‍ക്കാര്‍ പ്രശ്‌നപരിഹാരം വൈകിപ്പിക്കുകയാണ്. വിഷയം നീണ്ടു പോകണമെന്നു തന്നെയാണ് സംഘ്പരിവാറും ആഗ്രഹിക്കുന്നത്. മുനമ്പത്തെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുന്ന ടേംസ് ഓഫ് റഫറന്‍സാണോ കമ്മിഷന് നല്‍കിയിരിക്കുന്നത്? രണ്ട് ഹൈക്കോടതി വിധികളുടെ കൂടി പശ്ചാത്തലത്തിലാണ് വിഷയത്തില്‍ അഭിപ്രായം പറഞ്ഞത്. കോടതി വിധിയിലൂടെയാണ് വിഷയത്തിന് തീര്‍പ്പുണ്ടായത്. 1950-ല്‍ വഖഫ് ചെയ്യപ്പെട്ടെന്നു പറയുന്ന ഭൂമി 2019-ലാണ് വഖഫ് രജിസ്റ്ററില്‍ വന്നത്. രജിസ്റ്ററില്‍ വന്നതിനു ശേഷമാണ് നികുതി വാങ്ങരുതെന്ന ഉത്തരവിറങ്ങിയത്. പലവരും വിഷയം പഠിക്കാതെയാണ് പ്രതികരിക്കുന്നത്.
രമ്യമായി പരിഹരിക്കണമെന്ന ലക്ഷ്യമുള്ളതിനാല്‍ എല്ലാവരുടെയും അഭിപ്രായത്തിന് മറുപടി പറയേണ്ട കാര്യമില്ല. പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത ഉണ്ടാക്കാന്‍ പല കോണുകളില്‍ നിന്നും ശ്രമം നടക്കുകയാണ്. അതിനൊടൊക്കെ പ്രതികരിച്ചാല്‍ വിഷയം വഷളാകും. പ്രശ്‌ന പരിഹാരം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.