ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് – മുഖ്യമന്ത്രി

Spread the love

ചുവന്ന നാടയില്‍ കുരുങ്ങി പ്രശ്നപരിഹാരങ്ങൾക്കും സേവനങ്ങൾ ലഭ്യമാകുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിനു അറുതി വരുത്തുക എന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്. അതു നിറവേറ്റുന്നതിനായി നിരവധി പരിഷ്കാരങ്ങള്‍ 2016 മുതല്‍ നടപ്പില്‍ വരുത്തുകയുണ്ടായി. ആ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ‘കരുതലും കൈത്താങ്ങും’ എന്ന പരിപാടിയ്ക്ക് ഇന്നു തുടക്കം കുറിച്ചിരിക്കുകയാണ്.
നിയമത്തെയും നടപടിക്രമങ്ങളെയും ജനങ്ങള്‍ക്ക് ഏറ്റവും പെട്ടെന്നു നീതി ലഭ്യമാക്കുന്നതിനുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഈ പരിപാടിയില്‍ മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കും. കരുതലും കൈത്താങ്ങും പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന താലൂക്ക് തല അദാലത്തുകളില്‍ 21 വിഷയങ്ങള്‍ക്ക് കീഴില്‍ വരുന്നതും ജില്ലാ തലത്തില്‍ പരിഹരിക്കാവുന്നതുമായ പരാതികളാണ് പരിഗണിക്കുക. പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി https://www.karuthal.kerala.gov.in എന്ന പേരില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരാതികള്‍ ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും താലൂക്ക് ഓഫീസുകളില്‍ നേരിട്ടെത്തിയും സമര്‍പ്പിക്കാവുന്നതാണ്.
അദാലത്തുകള്‍ യാന്ത്രികമായ ഒരു സര്‍ക്കാര്‍ പരിപാടിയായി മാറാതെ നോക്കേണ്ട ഉത്തരവാദിത്തം പരാതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. അവ കൃത്യമായി നടപ്പാക്കുന്നു എന്നു ഉറപ്പു വരുത്താന്‍ ജില്ലാ ഭരണ സംവിധാനത്തിനും കഴിയണം. സേവനം ജനങ്ങളുടെ അവകാശമാണെന്ന ബോധ്യം മുറുകെപ്പിടിച്ച്, ജനങ്ങളും ഉദ്യോഗസ്ഥരും പരസ്പരം സഹകരിച്ചുകൊണ്ട് കരുതലും കൈത്താങ്ങും പരിപാടി നമുക്ക് വിജയകരമായി പൂര്‍ത്തീകരിക്കാം.

Author

Leave a Reply

Your email address will not be published. Required fields are marked *