യു.ഡി.എഫ് തയാറാക്കിയ നിര്‍ദ്ദേശങ്ങള്‍ പതിനാറാം ധനകാര്യ കമ്മിഷന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. വര്‍ഷങ്ങളായി കേരളത്തിലേക്കുള്ള ധനകാര്യ കമ്മിഷന്റെ നികുതി വിഹിതം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മുന്‍ ധനകാര്യ കമ്മിഷനില്‍ 2.5 ശതമാനം ഉണ്ടായിരുന്ന നികുതി വിഹിതം 15ാം ധനകാര്യ കമ്മിഷന്‍ വന്നപ്പോള്‍ 1.9 ശതമാനമായി കുറഞ്ഞത് കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുകൂടാതെ ദേശീയ, സംസ്ഥാന തലങ്ങളില്‍ കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്ന കാര്യങ്ങളും കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തി.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41 ശതമാനത്തില്‍ നിന്നും 50 ആയി ഉയര്‍ത്തണം. കഠിനാധ്വാനം കൊണ്ട് ആളോഹരി വരുമാനം വര്‍ധിപ്പിച്ച സംസ്ഥാനമാണ് കേരളം. അത് ഇപ്പോള്‍ ദോഷകരമായി മാറിയിരിക്കുകയാണ്. ആളോഹരി വരുമാനം പരിഗണിക്കുമ്പോള്‍ കുറവ് നികുതി വരുമാനമെ സംസ്ഥാനത്തിന് ലഭിക്കൂ. ഈ സാഹചര്യത്തില്‍ ആളോഹരി വരുമാനത്തിന് നല്‍കിയിരിക്കുന്ന വെയിറ്റേജ് 45 ശതമാനം എന്നത് 25 ശതമാനമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയുടെ വിഹിതം മാത്രമാണ് സംസ്ഥാനത്തിന് നല്‍കുന്നത്. എന്നാല്‍ ജി.എസ്.ടിക്ക് പുറമെ സെസും സര്‍ ചാര്‍ജ്ജും പിരിക്കുന്നുണ്ട്. ഇത് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി പൂളില്‍ ഉള്‍പ്പെടുത്താത്തതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വലിയൊരു ശതമാനം നികുതി കുറയും. ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള ഡിവിസീവ് പൂളില്‍ സെസും സര്‍ ചാര്‍ജ്ജും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്.
ജനസംഖ്യാ നിയന്ത്രണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ പേരില്‍ ഇന്‍സെറ്റീവ് നല്‍കുന്നതിനു പകരം ജനസംഖ്യ കുറഞ്ഞു എന്നതിന്റെ പേരില്‍ നികുതി വിഹിതം കുറയുകയാണ്. 2011-ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യയ്ക്ക് നല്‍കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍ നിന്നും പത്ത് ശതമാനമാക്കി കുറയ്ക്കണം.
ഐ.പി.സി.സി റിപ്പോര്‍ട്ട് പ്രകാരം കേരളം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തസാധ്യതയുള്ള പ്രദേശമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരയായി മാറിയിരിക്കുന്ന കേരളത്തിന് പ്രത്യേക നികുതി വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥാന വ്യതിയാനത്തിന്റെ ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് വേണ്ടി ഇന്‍ഡക്‌സ് ഉണ്ടാക്കണം. ഇത്തരമൊരു ആവശ്യം രാജ്യത്തു തന്നെ ഒരു പാര്‍ട്ടി ആദ്യമായാണ് ഉന്നയിക്കുന്നത്.
29 ശതമാനത്തില്‍ അധികം കാടുകള്‍ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം. കാടിനകത്തും അരികിലും വലിയൊരു ജനസംഖ്യയുണ്ട്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാട് സംരക്ഷിക്കുന്നതിലെ ഏറ്റവും വലിയ തടസമാണ്. അതിന് വേണ്ടിയുള്ള പ്രത്യേക പരിഗണനകൂടി കേരളത്തിന് ലഭിക്കണം.
വികേന്ദ്രീകൃത നികുതി സംവിധാനം കുറ്റമറ്റത്തക്കാനും,പട്ടിക ജാതി, പട്ടിക വര്‍ഗം, മത്സ്യത്തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ‘ഡീ സെന്‍ട്രലൈസ്ഡ് ഡെവലൂഷന്‍ ഇന്‍ഡക്സ്’എന്ന പുതിയ നികുതി മാനദണ്ഡം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇതും പുതുതായി മുന്നോട്ടു വച്ചനിര്‍ദ്ദേശമാണ്.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത് റവന്യൂ ചെലവ് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ 55000 കോടി രൂപയാണ് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റായി നല്‍കിയിട്ടുണ്ട്. ഈ ഗ്രാന്റ് പതിനാറാം ധനകാര്യ കമ്മിഷനും തുടരണം.
ഗവേഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ പണം നല്‍കണമെന്നും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഗ്രാന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ പഠനത്തിനു ശേഷം യു.ഡി.എഫ് തയാറാക്കിയ നിര്‍ദ്ദേശങ്ങളാണ് ധനകാര്യ കമ്മിഷന് സമര്‍പ്പിച്ചത്.