ലോഗോ പ്രകാശനം ചെയ്തു.
പുതുതായി ഗോത്രകലകളെ ഉൾപ്പെടുത്തി.
അറുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഹൈസ്കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് നടക്കുക.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ നവംബർ 12 ൽ മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ ജനപ്രതിനിധികൾ, കലാസാംസ്കാരിക നായകന്മാർ, സന്നദ്ധസംഘടനാ പ്രിതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു. യോഗത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട മുന്നൂറോളം പേർ പങ്കെടുത്തിരുന്നു. കലോത്സവത്തിന്റെ നടത്തിപ്പിനായി നഗരപരിധിയിലുളള 25 വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ ഭക്ഷണ വിതരണം, സംഘാടക സമിതി ഓഫീസ്, രജിസ്ട്രേഷൻ എന്നിവയ്ക്കായും പ്രത്യേകം വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്. തെരഞ്ഞെടുത്ത എല്ലാ വേദികളിലും പ്രോഗ്രാം, സ്റ്റേജ്, പന്തൽ, ലൈറ്റ് ആന്റ് സൗണ്ട്സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കൺവീനർമാർ, അഡീഷണൽ ഡയറക്ടർ, വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയും സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടന്ന ചടങ്ങിൽ മേയർ ആര്യാ രാജേന്ദ്രൻ, അഡ്വ വി കെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യസ വകുപ്പ് ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.