വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെയും പ്രക്ഷോഭം ആരംഭിക്കാന്‍ കെപിസിസി

Spread the love

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന് ഒരുമാസത്തെ സംഘടനാ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.

മിഷന്‍ 2025 ന്റെ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തലും ബ്ലോക്ക്-മണ്ഡലം-വാര്‍ഡ് കമ്മിറ്റികളുടെ രൂപീകരണവും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ നേതൃയോഗങ്ങള്‍ ഡിസംബര്‍ 20ന് മുമ്പായി പൂര്‍ത്തികരിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ ശക്തമായ പ്രക്ഷോഭം സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.

വൈദ്യുതി ഓഫീസ് മാര്‍ച്ച് 16ന്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ 17ന്.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 16 നും 17നും വൈദ്യുതി ഓഫീസുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. സഹകരണ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍,കേരള ബാങ്ക് നടപടികള്‍ക്കെതിരെ സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തില്‍ 16ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കുന്നതിനാല്‍ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വൈദ്യുതി ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് 17ന് നടക്കും.

കമ്പനികളുടെ കൊള്ള 2000 കോടി രൂപ.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 2040 വരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചക്കേണ്ടിയിരുന്ന കരാര്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ അടിക്കടിയുള്ള വിലവര്‍ധനവിന് കാരണമെന്നും യോഗം അഭിപ്രായപ്പെട്ടു.യുഡിഎഫ് സര്‍ക്കാരിന്റെ കരാര്‍ പ്രകാരം യൂണിറ്റിന് 4 രൂപ 15 പൈസ മുതല്‍ 4 രൂപ 29 പൈസ വരെ മാത്രമായിരുന്നു നിരക്ക്.എന്നാല്‍ അത് റദ്ദാക്കി പുതിയ കരാറില്‍ പിണറായി സര്‍ക്കാര്‍ ഒപ്പുവെച്ചപ്പോള്‍ യൂണിറ്റിന് 10 രൂപ മുതല്‍ 14 രൂപവരെ നല്‍കിയാണ് വൈദ്യുതി വാങ്ങുന്നത്. കുറഞ്ഞ നിരക്കിന് വൈദ്യുതി നല്‍കിയിരുന്ന കമ്പനികളില്‍ നിന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യതി വാങ്ങുമ്പോള്‍ 2000 കോടിയോളം രൂപയാണ് കമ്പനികള്‍ക്ക് ലാഭമുണ്ടാകുന്നത്. ഇതു കേരളം കണ്ട വലിയ അഴിമതിയാണെന്നും യോഗം വിലയിരുത്തി.

കാര്‍ബൊറണ്ടം കരാറില്‍ വന്‍ അഴിമതി.

കേരളത്തിന്റെ വൈദ്യുതി മേഖല സ്വകാര്യ കുത്തക കമ്പനികള്‍ക്ക് തീറെഴുതാനുള്ള നീക്കമാണ് പിണറായി സര്‍ക്കാരിന്റെത്.ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനും കെപിസിസി യോഗം തീരുമാനിച്ചു. 12 മെഗാവാട്ട് മണിയാര്‍ ജല വൈദ്യുത പദ്ധതി കരാര്‍ കാര്‍ബൊറണ്ടം ഗ്രൂപ്പിന് 25 വര്‍ഷം നീട്ടിനല്‍കാനുള്ള നീക്കത്തിന് പിന്നില്‍ വലിയ അഴിമതിയാണെന്നും യോഗം വിലയിരുത്തി. 30 വര്‍ഷത്തെ ബിഒടി അടിസ്ഥാനത്തിലുള്ള കരാര്‍ കലാവധി ഡിസംബറില്‍ അവസാനിക്കാനിരിക്കെ മന്ത്രിസഭ പോലും അറിയാതെയാണ് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേര്‍ന്ന് നീട്ടിനല്‍കിയത്.

ലീഡര്‍ കെ.കരുണാകരന്‍ ചരമദിനം ഡിസംബര്‍ 23.

ഡിസംബര്‍ 23 ലീഡര്‍ കെ.കരുണാകരന്റെ ചരമദിനം വിപുലമായി ആചരിക്കാനും കെപിസിസി തീരുമാനിച്ചു. അന്നേദിവസം ബൂത്തുതലത്തില്‍ ലീഡറുടെ ഛായചിത്രത്തില്‍ പുഷ്പാര്‍ച്ചനയും കെ.കരുണാകരന്‍ സ്മാരക മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമായി നേതാക്കളും പ്രവര്‍ത്തകരും രംഗത്തിറങ്ങുകയും ചെയ്യും.

* *’ഗാന്ധിജിയുടെ ഇന്ത്യ’ ഡിസംബര്‍ 26*

മഹാത്മാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 26ന് ‘ഗാന്ധിജിയുടെ ഇന്ത്യ’ എന്ന ആശയം മുന്‍നിര്‍ത്തി ഡിസിസികളുടെ നേതൃത്വത്തില്‍ പൊതുസമ്മേളനങ്ങള്‍ നടത്തും.

കോണ്‍ഗ്രസ് സ്ഥാപകദിന ആഘോഷം ഡിസംബര്‍ 28.

കോണ്‍ഗ്രസ് സ്ഥാപകദിനമായ ഡിസംബര്‍ 28 കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി ആഘോഷിക്കും. അതിന്റെ ഭാഗമായി രാവിലെ ബൂത്ത് തലത്തില്‍ കോണ്‍ഗ്രസ് പതാക ഉയര്‍ത്തുകയും വൈകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഗാന്ധി സന്ദേശയാത്രകളും ജന്മദിന സമ്മേളനങ്ങളും നടത്തും.

വയനാട് പുനരധിവാസം.

വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുത്താനും കെപിസിസി യോഗം തീരുമാനിച്ചു.

 

 

Author

Leave a Reply

Your email address will not be published. Required fields are marked *