ഡിസംബര്‍ 18ന് ന്യൂനപക്ഷ അവകാശദിനം : സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Spread the love

കൊച്ചി: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണവും അവകാശവും ഉറപ്പാക്കണമെന്ന് പ്രഖ്യാപിച്ച് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ ഡിസംബര്‍ 18 ദേശീയ ന്യൂനപക്ഷ അവകാശദിനം ആചരിക്കും.

ഐക്യരാഷ്ട്രസഭ അന്തര്‍ദേശീയ ന്യൂനപക്ഷ അവകാശദിനമായി പ്രഖ്യാപിച്ചിരിക്കുന്ന ഡിസംബര്‍ 18ന് ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍വെച്ച് ന്യൂനപക്ഷ അവകാശ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. സിബിസിഐയുടെ ഇന്ത്യയിലെ 14 റീജിയണല്‍ കൗണ്‍സിലുകളുടെയും വിവിധ കത്തോലിക്കാ അല്മായ സംഘടനകളുടെയും, ഇതര ക്രൈസ്തവ സഭാവിഭാഗങ്ങളുടെയും നേതൃത്വത്തിലാണ് ന്യൂനപക്ഷ അവകാശദിനം ആചരിക്കുന്നതെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ വിവിധ ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തിവെച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ വിവേചനം കാലങ്ങളായി തുടരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ജെ.ബി.കോശി കമ്മീഷന്‍ കേരള സര്‍ക്കാരില്‍ സമര്‍പ്പിച്ചിരിക്കുന്ന ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടുകയും തുടര്‍നടപടികളുണ്ടാകുകയും വേണം. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കോടതിവ്യവഹാരങ്ങളും നിയമനിര്‍മ്മാണങ്ങളും ഭാവിയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കും. സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യുനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം. മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന്‍ രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും വിവിധ ക്രൈസ്തവ സമൂഹങ്ങള്‍ സംയുക്തമായി ആവശ്യപ്പെടും. ജനസംഖ്യയില്‍ 2.3 ശതമാനം മാത്രമുള്ള ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിച്ച് പ്രത്യേക ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പഠനസമിതി രൂപീകരിക്കണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ദളിത് ക്രൈസ്തവ സമൂഹം നേരിടുന്ന നീതിനിഷേധത്തിനെതിരെയുള്ള നിയമ സമര പോരാട്ടങ്ങള്‍ക്ക് രാജ്യത്തുടനീളം ഡിസംബര്‍ 18ന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കും.

രാജ്യത്തെ എല്ലാ ക്രൈസ്തവ സ്ഥാപനങ്ങളും സംഘടനകളും ഡിസംബര്‍ 18ലെ ദേശീയ ന്യൂനപക്ഷ അവകാശദിനാചരണത്തില്‍ പങ്കുചേരണമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ചുള്ള വിവിധ ബോധവല്‍ക്കരണ പരിപാടികളോടൊപ്പം അവ നേടിയെടുക്കുന്നതിലെ പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ചചെയ്ത് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ. വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, ലെയ്റ്റി കൗണ്‍സില്‍

 

 

Author

Leave a Reply

Your email address will not be published. Required fields are marked *