ചലച്ചിത്ര മാമാങ്കത്തിന് അരങ്ങൊരുങ്ങി; തലസ്ഥാന നഗരിയില്‍ ഇനി സിനിമാക്കാലം !

Spread the love

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കം.കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരം നഗരത്തിൽ സംഘടിപ്പിക്കുന്ന ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ 68 രാജ്യങ്ങളിൽ നിന്നുള്ള 177 സിനിമകൾ പ്രദർശിപ്പിക്കുന്നു. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 സിനിമകളും ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശനത്തിനെത്തുന്നു. ലോകസിനിമാ വിഭാഗത്തിൽ 63 സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻനിര മേളകളിൽ പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവൽ ഫേവറൈറ്റ്‌സ് മറ്റൊരു ആകർഷണമാണ്.
പോർച്ചുഗീസ് ഭാഷയിലുള്ള ‘ഐ ആം സ്റ്റിൽ ഹിയർ’ ആണ് ഉദ്ഘാടന ചിത്രം. വെനീസ് ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗോൾഡൻ ബെയർ പുരസ്‌കാരത്തിനുള്ള നാമനിർദേശവും നേടിയ ഈ ചിത്രത്തെ 2024ലെ ഏറ്റവും മികച്ച അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളിലൊന്നായി ന്യൂയോർക്ക് ആസ്ഥാനമായ നാഷണൽ ബോർഡ് ഓഫ് റിവ്യുവും ഈ വർഷത്തെ മികച്ച 50 ചിത്രങ്ങളിലൊന്നായി ബ്രിട്ടീഷ് മാസിക സൈറ്റ് ആന്റ് സൗണ്ടും തെരഞ്ഞെടുത്തിരുന്നു. ചലച്ചിത്രകലയിൽ ശതാബ്ദിയിലത്തെിയ അർമേനിയയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ ‘കൺട്രി ഫോക്കസ്’ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ദക്ഷിണ കൊറിയൻ സംവിധായകൻ ഹോങ് സാങ് സൂ, സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ നടി ശബാന ആസ്മി, ഛായാഗ്രാഹകൻ മധു അമ്പാട്ട് എന്നിവരുടെ ‘റെട്രോസ്‌പെക്റ്റീവ്’, ‘ദ ഫിമേൽ ഗേയ്‌സ്’ എന്ന പേരിലുള്ള വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയുടെ ശ്രദ്ധാകേന്ദ്രങ്ങളാണ്.
ലാറ്റിനമേരിക്കൻ സിനിമകളുടെ പ്രത്യേക പാക്കേജുകൾ, കാലിഡോസ്‌കോപ്പ്, മിഡ്‌നൈറ്റ് സിനിമ, അനിമേഷൻ ചിത്രങ്ങൾ, ചലച്ചിത്ര അക്കാദമി പുനരുദ്ധരിച്ച രണ്ടു ചിത്രങ്ങൾ ഉൾപ്പെടെയുള്ള റെസ്റ്റോർഡ് ക്ലാസിക്‌സ്, പി.ഭാസ്‌കരൻ, പാറപ്പുറത്ത്, തോപ്പിൽഭാസി എന്നീ പ്രതിഭകളുടെ ജന്മശതാബ്ദിവേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ എന്നിവയാണ് മേളയുടെ മറ്റ് പ്രധാന ആകർഷണങ്ങൾ. 13000-ൽപ്പരം ഡെലിഗേറ്റുകളും 100ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായും മേളയ്ക്ക് കൊഴുപ്പേകും. ഇന്ത്യൻ സംവിധായിക പായൽ കപാഡിയയ്ക്കുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഡിസംബർ 20ന് നടക്കുന്ന സമാപനച്ചടങ്ങിൽ സമ്മാനിക്കും. പ്രദർശന സിനിമകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ IFFK സന്ദർശിക്കാം

 

Author

Leave a Reply

Your email address will not be published. Required fields are marked *