മേളയുടെ രാഷ്ട്രീയ ഉള്ളടക്കം ഐഎഫ്എഫ്കെയെ മികച്ചതാക്കുന്നു- മുഖ്യമന്ത്രി.
* ഐഎഫ്എഫ്കെ വേദിയിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളെല്ലാം സ്ത്രീകളാണ് എന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (ഐ.എഫ്.എഫ്.കെ) തിരിതെളിഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്തു. ഏതെങ്കിലുമൊരു വിഭാഗത്തിൽപ്പെട്ട ചിത്രങ്ങൾ മാത്രം സൃഷ്ടിക്കുകയോ ചില പ്രത്യേക കാഴ്ചപ്പാടുകൾ മാത്രം അവതരിപ്പിക്കുകയോ ചെയ്താൽ അതു സിനിമാ രംഗത്തിന്റെ ശോഷണത്തിനു മാത്രമേ വഴിവയ്ക്കൂ എന്നും വിവിധങ്ങളായ വിഷയങ്ങളേയും സാമൂഹിക യാഥാർഥ്യങ്ങളേയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കാനും സ്വീകരിക്കാനും സിനിമാ മേഖലയിലുള്ളവർ ശ്രദ്ധിക്കണമെന്നും മേള ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ഉള്ളടക്കത്തിന്റെയും ഉൾക്കാമ്പിന്റെയും കാര്യത്തിൽ കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. ഇന്ന് ലോകത്തെതന്നെ ഏറ്റവും മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് ഏറെ സന്തോഷകരവും അഭിമാനകരവുമാണ്. സിനിമാ പ്രദർശനം മാത്രമല്ല മേളയിൽ നടക്കുന്നത്. ചർച്ചകൾ, അഭിപ്രായ പ്രകടനങ്ങൾ തുടങ്ങിയവ പുരോഗമന സ്വഭാവമുള്ളവയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈവിധ്യമാർന്ന വിഷയങ്ങളെ കൈകാര്യംചെയ്തുകൊണ്ടാണ് ഇക്കാലയളവിൽ ലോകത്താകമാനം സിനിമാ രംഗം വളർച്ചയും മുന്നേറ്റവും കൈവരിച്ചത്. ചരിത്രംകൊണ്ടും വലിപ്പംകൊണ്ടും നമ്മുടേതിനേക്കാൾ മികവുറ്റ നിരവധി മേളകൾ ലോകത്തുണ്ട്. ആരംഭിച്ചകാലം മുതൽ നോക്കിയാൽ അവയിൽ പലതും പലവിധ മാറ്റങ്ങൾക്കു വിധേയമായിട്ടുണ്ട്. പുരോഗമനോന്മുഖമായും പ്രതിലോമകരമായുമുള്ള മാറ്റങ്ങൾക്കു വിധേയമായവയുമുണ്ട്.
സിനിമാ ആസ്വാദകരുടേയും സിനിമാ രംഗത്തേക്ക് എത്തിപ്പെടാൻ ആഗ്രഹിക്കുന്നവരുടേയും സിനിമാ പ്രവർത്തകരുടേയും സംഗമവേദിയാണ് ചലച്ചിത്ര
മേളയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പുതിയ കാലഘട്ടത്തിൽ സിനിമാ രംഗത്തേക്കു കോർപ്പറേറ്റുകൾ കടന്നുവരുന്നുണ്ട്. ഒരു വ്യവസായമെന്ന നിലയിൽ അതു സ്വാഭാവികമാണ്. പക്ഷേ, അതിനുമപ്പുറം കോർപ്പറേറ്റ് താത്പര്യങ്ങൾക്കനുസൃതമായ പ്ലാറ്റ്ഫോമുകൾ സൃഷ്ടിക്കപ്പെടുന്നു. അവർക്ക് അനുയോജ്യമായ രീതിയിൽ സിനിമകൾ സൃഷ്ടിക്കപ്പെടാൻ സമ്മർദമുണ്ടാകുന്നു. ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണണം.
ചലച്ചിത്രമേള എന്നതിനപ്പുറം യുവതീ യുവാക്കൾക്ക് കലാ, സാംസ്‌കാരിക, ഫാഷൻ രംഗങ്ങളിൽ പുതുകാലത്ത് ഉയർന്നുവരുന്ന ട്രെൻഡുകളെ പരിചയപ്പെടാനും പരിചയപ്പെടുത്താനുമുള്ള വേദി കൂടിയായി ചലച്ചിത്രോത്സവം മാറുന്നു. എല്ലാവിധ ഭേദചിന്തകൾക്കും അതീതമായി യുവാക്കളുടെ കൂട്ടായ്മകൾ ഈ ഉത്സവത്തിൽ രൂപപ്പെടുന്നത് സന്തോഷം പകരുന്ന കാര്യമാണ്.
തുടർന്ന് ഉദ്ഘാടനചിത്രമായ ‘ഐ ആം സ്റ്റിൽ ഹിയർ’ പ്രദർശിപ്പിച്ചു. വിഖ്യാത ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനംചെയ്ത പോർച്ചുഗീസ് ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തപരിപാടിയും അരങ്ങേറി.