മണിപ്പൂരിനെ തോല്പിച്ച് കേരളം

Spread the love

റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ മണിപ്പൂരിനെതിരെ അനായാസ വിജയവുമായി കേരളം. 162 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂർ 47ആം ഓവറിൽ 116 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് നാല് റൺസെടുത്ത ഓപ്പണർ ഗോവിന്ദ് ദേവ് പൈയുടെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. രണ്ടാം വിക്കറ്റിൽ ഒമർ അബൂബക്കറും കാമിൽ അബൂബക്കറും ചേർന്ന് നേടിയ 66 റൺസാണ് കേരള ഇന്നിങ്സിന് അടിത്തറയിട്ടത്. ഒമർ 51 പന്തുകളിൽ നിന്ന് 60ഉം കാമിൽ 26ഉം റൺസെടുത്തു. ഇരുവർക്കുമൊപ്പം പവൻ ശ്രീധറിൻ്റെ വിക്കറ്റും അടുത്തടുത്ത ഇടവേളകളിൽ നഷ്ടമായതോടെ, ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 97 റൺസെന്ന

നിലയിലായിരുന്നു കേരളം. എന്നാൽ അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹൻ നായരും അഭിജിത് പ്രവീണും ചേർന്ന് നേടിയ 105 റൺസ് കേരളത്തിന് കരുത്തായി. രോഹൻ നായർ 65 പന്തിൽ 54ഉം അഭിജിത് പ്രവീൺ 74 പന്തിൽ 55ഉം റൺസെടുത്തു. അവസാന ഓവറുകളിൽ അതിവേഗം സ്കോർ ഉയർത്തിയ അക്ഷയ് ടി കെയുടെ പ്രകടനമാണ് കേരളത്തിൻ്റെ സ്കോർ 278ൽ എത്തിച്ചത്. അക്ഷയ് 34 പന്തുകളിൽ നിന്ന് 44 റൺസെടുത്തു. മണിപ്പൂരിന് വേണ്ടി ഡൊമിനിക്, ദീബക് നോറെം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മണിപ്പൂർ നിരയിൽ ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാനായില്ല. മൂന്ന് ബാറ്റർമാർ മാത്രമാണ് മണിപ്പൂർ നിരയിൽ രണ്ടക്കം കടന്നത്. 28 റൺസെടുത്ത ഡൊമിനിക് ആണ് അവരുടെ ടോപ് സ്കോറർ. കേരളത്തിന് വേണ്ടി ജെറിൻ പി എസും അശ്വന്ത് ശങ്കറും മൂന്ന് വിക്കറ്റുകൾ വീതവും അഭിജിത് പ്രവീൺ രണ്ട് വിക്കറ്റുകളും വീഴ്ത്തി

PHOTO – 60 റണ്‍സ് നേടിയ ഒമര്‍ അബൂബക്കര്‍ , 55 റണ്‍സ് നേടിയ അഭിജിത്ത് പ്രവീണ്‍ വി, 54 റണ്‍സ് നേടിയ രോഹന്‍ നായര്‍

Reporter : PGS Sooraj

Author

Leave a Reply

Your email address will not be published. Required fields are marked *