റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ തുടരെ രണ്ടാം വിജയവുമായി കേരളം. നാഗാലൻ്റിനെതിരെ 203 റൺസിൻ്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലൻ്റ് 147 റൺസിന് പുറത്തായി. ക്യാപ്റ്റൻ രോഹൻ നായരുടെയും അഭിജിത് പ്രവീണിൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കേരളത്തിന് കൂറ്റൻ വിജയമൊരുക്കിയത്.
ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് അഞ്ച് റൺസെടുത്ത പവൻ ശ്രീധറിൻ്റെ വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ കഴിഞ്ഞ മത്സരത്തിലെപ്പോലെ ഒമർ അബൂബക്കറും കാമിൽ അബൂബക്കറും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്തു. ഒമർ 49ഉം കാമിൽ 63ഉം റൺസ് നേടി. തുടർന്നെത്തിയ ക്യാപ്റ്റൻ രോഹൻ നായരുടെയും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച അഭിജിത് പ്രവീണിൻ്റെയും ഇന്നിങ്സുകളാണ് കേരളത്തിൻ്റെ സ്കോർ 300 കടത്തിയത്. അഞ്ചാം വിക്കറ്റിൽ 88 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. രോഹൻ 110 പന്തുകളിൽ 109 റൺസ് നേടി. മറുവശത്ത് വെറും 25 പന്തുകളിൽ 64 റൺസുമായി അഭിജിത് പുറത്താകാതെ നിന്നു. രണ്ട് ഫോറും ആറ് സിക്സും അടങ്ങുന്നതായിരുന്നു അഭിജിതിൻ്റെ ഇന്നിങ്സ്. അക്ഷയ് ടി കെ 29ഉം നിഖിൽ എം 16 റൺസും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നാഗാലൻ്റ് നിരയിൽ ഓപ്പണർ മുഖവി സുമിയും ക്യാപ്റ്റൻ തോഹുകയും മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. മുഖവി 59ഉം തോഹുക 34ഉം റൺസെടുത്തു. ഇവർക്ക് പുറമെ രണ്ട് താരങ്ങൾ കൂടി മാത്രമാണ് നാഗാലൻ്റ് നിരയിൽ രണ്ടക്കം കടന്നത്. 41.4 ഓവറിൽ 147 റൺസിന് നാഗാലൻ്റ് ഓൾഔട്ടാവുകയായിരുന്നു. കേരളത്തിന് വേണ്ടി അകിനും, കിരൺ സാഗറും മൂന്ന് വിക്കറ്റ് വീതവും അനുരാജ് രണ്ട് വിക്കറ്റും വീഴ്ത്തി
PHOTO – അഭിജിത്ത് പ്രവീണ്‍, രോഹന്‍ നായര്‍
—
Media Contact
PGS Sooraj