ഭരണഘടനാ ശിൽപ്പി ബി.ആർ. അംബേദ്കറെ അധിക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ നടപടിക്കെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം എജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.അമിത് ഷായുടെ കോലവും കത്തിച്ചു.
കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു.ഭരണഘടനയോടുള്ള അവജ്ഞയാണ് ബി ആർ. അംബേദ്ക്കറെ അധിക്ഷേപിച്ച അമിത് ഷായുടെ വാക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് എം. ലിജു പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചതിന് പിന്നിൽ അമിത് ഷായ്ക്കെതിരായ ജനരോഷത്തിലെ ശ്രദ്ധ തിരിക്കാനാണ്. ഭരണഘടനയെ രക്ഷിക്കാൻ കോൺഗ്രസ്
പ്രതിജ്ഞാബദ്ധമാണ്. സംഘപരിവാർ ഇന്ത്യൻ ഭരണഘടനയെക്കാൾ പ്രാധാന്യം നൽകുന്നത് മനുസ്മൃതിക്കാണ്. അതിനാലാണ് ബി.ആർ അംബേദ്ക്കറെ അധിക്ഷേപിക്കാൻ ബിജെപി തയ്യാറായതെന്നും എം.ലിജു പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ശരത് ചന്ദ്രപ്രസാദ്,ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി, മണക്കാട് സുരേഷ്,കെ.എസ്. ഗോപകുമാർ, ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ, എസ്. ജലീൽ മുഹമ്മദ് , വിനോദ് കൃഷ്ണ, കൈമനം പ്രഭാകരൻ, അനൂപ്, ആർ.എസ് അരുൺ രാജ് തുടങ്ങിയവർ പങ്കെടുത്തു.