ക്രിസ്മസിന്റെ കാലം ഒരുമയുടെയും നന്ദിയുടെയും നിസ്വാർത്ഥതയുടെയും സമയമാണ്. യേശുവിന്റെ സ്നേഹത്തെയും സുവിശേഷത്തെയും പ്രതിഫലിപ്പിക്കാനും രക്ഷയുടെ ദാനത്തിന് നന്ദി പറയാനുമുള്ള സമയമാണിത്. സ്നേഹം, ഔദാര്യം, സേവനം എന്നിവയിലൂടെ നമ്മുടെ വിശ്വാസം സാക്ഷീകരിക്കേണ്ട ഒരു സമയം കൂടിയാണ് ക്രിസ്മസ്.
ക്രിസ്തുമസ് ലോകമാസകലം സന്തോഷത്തോടെ കൊണ്ടാടുന്ന ഒരു ആഘോഷമാണെന്നതിൽ തെല്ലും സംശയമില്ല, പക്ഷേ അതൊരു അനുഭവവും ദൈവീക പദ്ധതിയുമായി മാറുന്നത്, ബൈബിളിന്റെ പഴയനിയമത്തിന്റെയും പുതിയനിയമത്തിന്റെയും ആദ്യ പേജുകളിലേക്കു ഒരെത്തിനോട്ടം നടത്തുമ്പോഴായിരിക്കും.
നമ്മൾ ചിന്തിക്കുന്ന ക്രിസ്തുമസ്, ബേത്ലഹേമിൽ പുൽക്കൂടിനു മുകളിലെ ജ്വലിക്കുന്ന നക്ഷത്രത്തിൽ നിന്നായിരിക്കാം തുടങ്ങുന്നത്. ഒരു പക്ഷേ, ഇതിന്റെ പിൻ ചരിത്രം ഉല്പത്തിയുടെ ആദ്യ അധ്യായങ്ങളിൽ ഏദൻ തോട്ടത്തിൽ തന്നെ തുടങ്ങുന്നു. ആദാമിനെയും ഹവ്വായെയും, ദൈവത്തിന്റെ ശത്രുവായ സാത്താൻ തന്നിൽ വിശ്വാസം അർപ്പിക്കുന്നതിനും ദൈവത്തെ സംശയിക്കാനും പ്രലോഭിപ്പിച്ചു. സ്രഷ്ടാവായ ദൈവത്തെക്കാൾ, ചതിയനായ പിശാചിന്റെ തന്ത്രങ്ങളിൽ വിശ്വസിച്ചുകൊണ്ട് അവനെ അനുസരിക്കയാൽ, മനുഷ്യൻ അകന്നു പോയെങ്കിലും, ദൈവം അവന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. അന്നേ ദൈവം തീരുമാനിച്ചുറച്ചു.
ഹവ്വയുടെ സന്തതി സാത്താന്റെ തല തകർക്കുമെന്ന ദൈവീക വാഗ്ദാനം പിന്നാലെ സംഭവിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. അതാണ് രക്ഷയുടെയും വീണ്ടെടുപ്പിന്റെയും പ്രത്യാശയുടെയും ദൈവത്തിന്റെ ആദ്യ വാഗ്ദാനം.
വര്ഷങ്ങൾ കടന്നുപോയി. മനുഷ്യന്റെ അനുസരണക്കേടിന്റെ പാപഫലങ്ങൾ അവന്റെ സന്തതി പരമ്പരകൾ അനുഭവിച്ചുകൊണ്ടിരുന്നു. നോഹയുടെ കാലത്തെ പ്രളയമോ, മരുഭൂപ്രയാണമോ ന്യായപ്രമാണങ്ങളോ, സോദോം ഗൊമോറയിലെ അഗ്‌നിജ്വാലകള്ക്കോ മനുഷ്യന്റെ ആത്യന്തിക വീണ്ടെടുപ്പ് പ്രാവർത്തികമായില്ലെന്ന് അനുമാനിക്കാം.
ഇതിനോടൊപ്പം നൂറ്റാണ്ടുകൾക്കു ശേഷം, ദൈവീക പദ്ധതിയിൽ, പരിശുദ്ധാല്മ പ്രേരിതനായി ദീര്ഘദര്ശിയായ യെശയ്യാ പ്രവാചകൻ നമ്മുടെ വീണ്ടെടുപ്പുകാരൻ വരുന്നത് മുന്നമേ കണ്ടു.
നാം ഇന്ന് പറയുന്ന ക്രിസ്തുമസ് കഥയുടെ മൂല കാരണവും വരാനിരിക്കുന്ന മഹത്സംഭവത്തിന്റെ ബന്ധവും അദ്ദേഹം ദർശിച്ചല്ലോ “കന്യക ഗർഭം ധരിക്കും”, ആത്മാവിനാൽ നിർവ്വഹിക്കപ്പെട്ട ഒരു അത്ഭുത പ്രവൃത്തി. ദൈവത്തിന്റെ അത്ഭുതകരമായ രൂപകല്പനയാൽ അവൾ “ഒരു മകനെ പ്രസവിക്കും”. അവന്റെ പേരോ “ദൈവം നമ്മോടുകൂടെ” എന്നർഥമുള്ള “ഇമ്മാനുവൽ”.
പുതിയനിയമട്തിനെ ആദ്യ പേജുകളിലേക്കു വരുമ്പോൾ
“ആ അവിശ്വസനീയമായ ഉദ്ദേശ്യത്തിനായി ദൈവം മറിയത്തെ തിരഞ്ഞെടുത്തു. ശരിക്കും ലോകം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഏറ്റവും വലിയ ദൗത്യം. യോസേഫ് ഈ ശ്രദ്ധേയമായ സത്യം സ്വീകരിക്കുകയും ദൈവമുമ്പാകെ വിശ്വാസത്തിൽ നടക്കാൻ തീരുമാനിക്കുകയും ചെയ്തു. അവൻ നമുക്ക് ഒരു അത്ഭുതകരമായ മാതൃകയാണ്”.
ഈ ഇമ്മാനുവേൽ കാലത്തികവിൽ ജയാഘോഷത്തോടെ “മരണമേ നിന്റെ വിഷമുള്ള് എവിടെ ? എൻ യേശു മരണത്തെ ജയിച്ചു
തനിക്കു സ്തുതി ഹല്ലേലൂയാ” പാടി വരാനുള്ള ആ ദൈവപുത്രനാണ് രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് ബെത്ലഹേമിൽ ഭൂജാതനായത് .
അവന് പൈശാചിക ശക്തികളെ കീഴടക്കി, മരണത്തെ തോൽപ്പിച്ചു, മൂന്നാം ദിവസ്സം ഉയർത്തെഴുന്നേറ്റു, സ്വർഗ്ഗീയ പിതാവോടൊപ്പം നമ്മളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
അവനിൽ വിശ്വസിക്കുന്നവർക്ക് പാപമോചനവും നിത്യജീവനും നൽകുമെന്ന് ദൈവം വീണ്ടും വാഗ്ദാനം ചെയ്തിരിക്കുന്നു. അങ്ങനെ ആദ്യത്തെ ആദാമിനാൽ ലോകത്തിൽ കടന്നു കൂടിയ പാപവും മരണവും, രണ്ടാമത്തെ ആദാമായ യേശുക്രിസ്തുവിനാൽ തുടച്ചു നീക്കുന്ന മഹാ പ്രക്രിയയുടെ പൂർത്തീകരണം ക്രിസ്തുമസ് എന്ന ഇന്നത്തെ ആഘോഷത്തിൽ വന്നു നിൽക്കുന്നു.
ക്രിസ്മസ് ഒരു ആഘോഷമാണ്, കൊടുക്കാനുള്ള സമയമാണ്, നമ്മൾ സമ്മാനങ്ങൾ കൈമാറുന്ന ഒരു ദിവസം മാത്രമല്ല. ക്രിസ്തുമസിന്റെ ചൈതന്യം ‘ഒരുമ’യിലാണ്, അത് നമ്മൾ മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കുന്ന സ്നേഹവികാരത്തിൽ തുടങ്ങണം, ഇത് നിസ്വാർത്ഥമായ സമയമാണ്, അവിടെ നമ്മൾ അന്യോന്യം ക്ഷമിക്കുകയും, ഒരു പുത്യസൃഷ്ടിയുടെ സ്വഭാവഗുണങ്ങൾ പ്രദർശിപ്പിക്കാനും ശ്രമിക്കുക.
ഈ ഉത്സവ സീസണിൽ നമുക്ക് മറ്റൊരാൾക്കു സഹായം വാഗ്ദാനം ചെയ്‌തു ആവശ്യമുള്ള മാറ്റം നമ്മിലും അവരിലും വരുത്താം. മറ്റുള്ളവരുടെ ആവശ്യം തിരിച്ചറിയുക, പണം മാത്രമല്ല, അവരുടെ ഷോപ്പിംഗ് നടത്താൻ അവരെ സഹായിക്കുക, അവരോട് സംസാരിക്കാൻ സമയമെടുക്കുക, അവരുടെ കുടുംബത്തെ സന്ദർശിക്കാൻ കൊണ്ടുപോകുക, അവർക്ക് പാചകം ചെയ്യുക അല്ലെങ്കിൽ ഒരു ഉത്സവ വിരുന്നിന് ക്ഷണിക്കുക,സന്നദ്ധസേവനം നടത്തി പ്രായമായവരെ സന്ദർശിക്കുക, ഭവനരഹിതരെ അല്ലെങ്കിൽ വീടിനടുത്തുള്ളവരെ സഹായിക്കുക, നിങ്ങൾ വളരെക്കാലമായി കാണാത്ത കുടുംബത്തെ സന്ദർശിക്കുക ഇങ്ങനെ എത്രയോ കാര്യങ്ങളിലൂടെ നമുക്ക് ക്രിസ്തുമസിന്റെ സ്‌നേഹം പങ്കിടാൻ അവസരം ഉണ്ടാക്കാം.
വിശുദ്ധ ബൈബിളിൽ
റോമർ 8:28 ഇൽ പറയുന്നതുപോലേ,
സ്വർഗ്ഗസ്ഥനായ പിതാവ് നമ്മുടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും വെല്ലുവിളികളും ഏറ്റെടുക്കുകയും നമ്മുടെ നന്മയ്ക്കും അവന്റെ മഹത്വത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. കൂടാതെ, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിനും കുടുംബത്തിനും മുൻഗണന നൽകുക!
ഒരുവൻ ക്രിസ്തുവിലായാൽ, അവൻ ഒരു പുതുസൃഷ്ടിയാണ്, അങ്ങനെയെങ്കിൽ ക്രിസ്തുമസിൽ മാത്രമല്ല, എന്നും എപ്പോഴും ഇമ്മാനുവേൽ എന്ന ദൈവം നമ്മോട് കൂടെത്തന്നെ.